Image

നേപ്പാള്‍ ദുരന്തം: പോസ്റ്റ്മോര്‍ട്ടം നാളെ; മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും

Published on 21 January, 2020
നേപ്പാള്‍ ദുരന്തം: പോസ്റ്റ്മോര്‍ട്ടം നാളെ; മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും
കാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നടപടികള്‍ക്കും ശേഷം മറ്റന്നാള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. മലയാളികളുടെ മരണത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേപ്പാള്‍ പോലീസ് മേധാവിയുമായി സംസാരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനാണ് നേപ്പാള്‍ പോലീസുമായി ബന്ധപ്പെട്ടത്.

കേന്ദ്രമന്ത്രി വി. മുരളീധരനും നേപ്പാളിലെ ഇന്ത്യന്‍ എംബസി അധികൃതരും വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് എത്തിയ 15 അംഗ സംഘത്തിലെ എട്ട് പേരാണ് മരിച്ചത്. മരിച്ചവരില്‍ നാല് മുതിര്‍ന്നവരും നാല് കുട്ടികളും ഉള്‍പ്പെടുന്നു. 

തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരനായ കോഴിക്കോട് കുന്ദമംഗലം സ്വദേശി ടി.ബി രജ്ഞിത്ത് കുമാര്‍ (39), ഭാര്യ ഇന്ദു ലക്ഷ്മി (34), ഇവരുടെ മകന്‍ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ മറ്റൊരു മകന്‍ മാധവ് അപകടത്തില്‍ നിന്ന് രക്ഷപെട്ടു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക