Image

മനപൂര്‍വം കാറിടിപ്പിച്ച് മൂന്നു പേരെ കൊന്നു; ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

Published on 22 January, 2020
മനപൂര്‍വം കാറിടിപ്പിച്ച് മൂന്നു പേരെ കൊന്നു; ഇന്ത്യാക്കാരന്‍ അറസ്റ്റില്‍
കൊറോണ സിറ്റി, കാലിഫോര്‍ണിയ: കോളിംഗ് ബെല്‍ അടിച്ചു ശല്യപ്പെടുത്തിയ ബാലന്മാര്‍ സഞ്ചരിച്ച കാറില്‍ തന്റെ കാര്‍ കൊണ്ടിടിച്ച് മൂന്നു പേര്‍ മരിച്ച കേസില്‍ ഇന്ത്യാക്കാരനായ അനുരാഗ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. മൂന്നു ബാലന്മാര്‍ ആശുപത്രിയിലാണ്.

ഞായറാഴ്ചയാണു സംഭവം. ആറു ബാലന്മാര്‍ (16 വയസ്) സഞ്ചരിച്ച ടൊയോട്ട പ്രയസ് കാറില്‍ ചന്ദ്ര, 42, തന്റെ ഇന്‍ഫിനിറ്റി കാര്‍ മന്‍പൂര്‍വം കൊണ്ടിടിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട പ്രയസ് ഒരു മരത്തില്‍ ചെന്നിടിച്ചു. ഒരു ബാലന്‍ സംഭവ സ്ഥലത്തു മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലും. മൂന്നു പേര്‍ അപകടനില തരണം ചെയ്തു എന്നു കരുതുന്നു.

ഡാനിയല്‍ ഹോക്കിന്‍സ്, ഡ്രെയ്ക്ക് റൂയിസ്, ജേക്കബ് ഇവാസ്‌കു എന്നിവരാണു മരിച്ചത്. പരുക്കേറ്റവരുടെ പേരു ലഭ്യമായിട്ടില്ല.

ഇവാസ്‌ക്യുവിന്റെ ജന്മദിനം പ്രമാണിച്ചുള്ള ആഘോഷത്തിലായിരുന്നു സംഘം. അതിന്റെ ഭാഗമായി ഡിംഗ് ഡൊംഗ് പിച്ച് എന്ന താമാശക്കളി കാണിച്ചതാണു തുടക്കം. ഡോര്‍ബെല്‍ അടിച്ച ശേഷം പെട്ടെന്നു വാഹനമോടിച്ചു പോകുന്ന കളിയാണിത്.

അങ്ങനെ അവര്‍ പരിചയക്കാരുടേതെന്നു കരുതി ഒരു ഡോറിലെ ബെല്‍ അടിച്ചു. എന്നാല്‍ ഇറങ്ങി വന്നത് രോഷാകുലനായ ചന്ദ്ര ആണ്. കാറില്‍ പാഞ്ഞു പോയ ബാലന്മാരുടെ പുറകെ ചന്ദ്രയും വച്ചു പിടിപ്പിച്ചു.

ബാലന്മാര്‍ക്ക് വീട് തെറ്റിയതാണോ അതോ ചന്ദ്രയുടെ വീട്ടില്‍ അവരുടെ പ്രായത്തിലുള്ള ആരെങ്കിലും ഉണ്ടോ എന്നു വ്യക്തമല്ല.

കുട്ടികളുടെ കാറിനെ ഇടിച്ച ശേഷം ഒരു മൈല്‍ അകലെ ചന്ദ്ര തന്റെ കാര്‍ പാര്‍ക്ക് ചെയ്തു. ചന്ദ്രയുടെ കാറിന്റെ പുറകെ പോയ ഒരാള്‍ വിളിച്ചതനുസരിച്ച് പോലീസെത്തി അയാളെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു.

ഏതാനും ആഴ്ച മുന്‍പ് ഭാര്യയേയും കുട്ടിയേയും പരുക്കേല്പ്പിച കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ചന്ദ്ര.
മനപൂര്‍വം കാറിടിപ്പിച്ച് മൂന്നു പേരെ കൊന്നു; ഇന്ത്യാക്കാരന്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക