Image

കാണണം, കേള്‍ക്കണം, മിണ്ടണം (ഇമലയാളി ചര്‍ച്ച: സുധീര്‍ പണിക്കവീട്ടില്‍)

Published on 23 January, 2020
കാണണം, കേള്‍ക്കണം, മിണ്ടണം (ഇമലയാളി ചര്‍ച്ച: സുധീര്‍ പണിക്കവീട്ടില്‍)
https://www.emalayalee.com/varthaFull.php?newsId=203153


മതത്തിനു മാത്രം പ്രാധാന്യം നല്‍കുകയും അതിനു വിധേയമാകുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ സാഹിത്യം വളരുകയില്ലെന്നതിന്  ഉദാഹരണമാണ് അമേരിക്കന്‍ മലയാളി സമൂഹം. മതപരമായ വളര്‍ച്ചയും അതിനോടനുബന്ധിച്ച സാഹിത്യവും  ചെറിയ തോതില്‍ പുരോഗമിക്കുമെങ്കിലും അത് ഭാഷയെയും സാഹിത്യത്തത്തെയും വളര്‍ത്തുന്നില്ല. വായന ദൃശ്യമാധ്യമങ്ങള്‍ കീഴടക്കുക  കൂടിചെയ്തപ്പോള്‍  എഴുത്തുകാര്‍ നിസ്സഹായരായി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ കൃതികള്‍ ദ്രുതഗതിയില്‍ പ്രവഹിക്കുമെങ്കിലും സാമ്പത്തികമായ നേട്ടങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ക്കോ എഴുത്തുകാര്‍ക്കോ ഇല്ല. അമേരിക്കന്‍ മലയാളി സമൂഹത്തെ സംബന്ധിച്ചെടത്തോളം സാഹിത്യത്തിന് ഇവിടെ വലിയ ഭാവിയില്ല . കാരണം ഇരുന്നൂറില്പരം എഴുത്തുകാരും പത്തില്‍ താഴെ  വായനക്കാരുമാണുള്ളത്. ഈ കണക്കില്‍ ഒരു കൗതുകമുണ്ട്. ഇരുന്നൂറ്റിപ്പത്ത് വായനക്കാര്‍ എന്ന് കൂട്ടരുത്. കാരണം എഴുത്തുകാരില്‍ ഭൂരിപക്ഷവും അവര്‍ എഴുത്തുന്നത് മാത്രമേ വായിക്കുന്നുള്ളു എന്ന് അനുഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. എല്ലാ എഴുത്തുകാരും അവരവരുടെ രചനകള്‍ക്കൊപ്പം മറ്റു എഴുത്തുകാരുടെയും വായിക്കയാണെങ്കില്‍ നല്ലത്. വായനക്കാര്‍ കുറയുമ്പോള്‍ കൃതി എത്ര നന്നായാലും അത് കുടത്തിലെ വിളക്ക്  പോലെയാകും.  സര്‍ഗ്ഗശക്തിയുള്ളവര്‍ എഴുതിക്കൊണ്ടിരിക്കും.  പ്രശസ്ത കവി മധുസൂദനന്‍ നായരുടെ കവിതയില്‍  വാക്കിനെക്കുറിച്ച്  അദ്ദേഹം എഴുതിയത്  വായിക്കുക.

വാക്കെന്റെ പ്രേയസിയാകുന്നു  പ്രാണനില്‍
വാദനം ചെയ്യുമുന്മാദിനിയാകുന്നു
ഞങ്ങളന്യോന്യം നിറഞ്ഞുനിന്നെരിയുന്നു
മെല്ലെ പ്രകാശങ്ങളൊക്കെ ഞാനാവുന്നു.
".... ഞാന്‍ തന്നൊ
രക്ഷരം നീയെന്തുചെയ്തു നിന്‍ പ്രാണനാ
ലെത്ര വിളക്ക്  കൊളുത്തി നീ? നാളത്തെ
യജ്ഞത്തിനെന്തു ഹവിസ്സായിക്കൊടുത്ത് നീ.

പ്രതിഫലങ്ങളോ, പ്രതികരണങ്ങളോ ഇല്ലെങ്കിലും എഴുത്തുകാരെ നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുക. എഴുത്ത് ദൈവത്തിന്റെ വരദാനമാണ്.

ഇമലയാളി ഭാഷയും സാഹിത്യവും വളര്‍ത്തുന്നതില്‍ പരിശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും അത് ജനം അറിയുന്നോ എന്ന സംശയം ആര്‍ക്കും ഉണ്ടാകാം. കാരണം പല നല്ല ആശയങ്ങളും അവര്‍ പ്രകടിപ്പിക്കുന്നു അവ രാവിലെ വിരിഞ്ഞു വൈകുന്നേരം വാടിപോകുന്ന പൂ പോലെ അപ്രത്യക്ഷമാകുന്നു. പ്രതികരണം മതപരമായ കാര്യങ്ങള്‍ക്ക് മാത്രം എന്ന ദയനീയ സ്ഥിതി ലജ്ജാകരമാണ്. മതത്തിന്റെ കെട്ടുപാടുകളില്‍  നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് നവോത്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട് മനുഷ്യര്‍. അമേരിക്കന്‍ മലയാളികളും നവോത്ഥാനത്തിന്റെ പാതയിലേക്ക് വരുന്നത് നല്ലത്.

ഇമലയാളിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാം.

1 .  ഇവിടത്തെ എഴുത്തുകാരേക്കാള്‍ നാട്ടിലെ എഴുത്തുകാരുടെ രചനകള്‍ വായിക്കാന്‍ എന്തുകൊണ്ട് അമേരിക്കന്‍ മലയാളികള്‍ ഇഷ്ടപ്പെടുന്നു.

മുമ്പേ ഗമിച്ചീടിന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം. നാട്ടില്‍ എഴുതുന്നവര്‍ മാത്രം എഴുത്തുകാര്‍ ഇവിടെ എഴുതുന്നവര്‍ എഴുത്തുകാരല്ല എന്ന പൊതുഅഭിപ്രായവും അതിനോട് അടിമത്വം മൂളി കഴിയുന്ന പാവത്താന്മാരും ആ വിശ്വാസം പുലര്‍ത്തുന്നു. പിന്നെ വായിച്ചുനോക്കാതെ കൃതികളുടെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിവുള്ള ചിലര്‍,  അവര്‍ പരത്തുന്ന അപവാദങ്ങള്‍ പിന്നെ മതത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാത്രം വായിക്കുന്നവര്‍ ഇവരൊക്കെ നാട്ടിലെ എഴുത്തുകാരെ പൂജിക്കുന്നു. ഓരോ വ്യക്തിയും മറ്റുള്ളവന്റെ പാദസേവകന്‍ ആകാതെ സ്വയം തീരുമാനങ്ങള്‍  എടുത്താല്‍ സ്ഥിതിവിശേഷങ്ങള്‍ നന്നാകും.

2 . ഇ മലയാളി ഇപ്പോള്‍ ഉള്‍പ്പെടുത്തുന്ന പംക്തികള്‍ കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന പംക്തികള്‍ ഏതെല്ലാം. കഥകളോ, കവിതകളോ, ലേഖനങ്ങളോ, നര്‍മ്മങ്ങളോ കൂടുതല്‍ താല്‍പ്പര്യം. 

.എന്നെ സംബന്ധിച്ചെടത്തോളം എല്ലാം പംക്തികളും ഇഷ്ടപ്പെടുന്നു. പിന്നെ ഇ മലയാളി പുതിയ പംക്തികള്‍ തുടങ്ങണമോ എന്ന  അഭിപ്രായമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലേഖകന്‍ "ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍" എന്ന ഒരു പംക്തി എഴുതി. അത് വിശ്വോത്തരകൃതികളെ പരിചയപ്പെടുത്തുന്നതായിരുന്നു  എട്ടെണ്ണം കഴിഞ്ഞപ്പോള്‍ പത്രാധിപര്‍ പറഞ്ഞു സാര്‍ സമയം കളയണ്ട. ഇതൊന്നും  വായനക്കാര്‍ക്ക് വേണ്ട. അവര്‍ക്ക് മതമോ, ചില്ലറ ഫലിതങ്ങളോ മതി.  പ്രബുദ്ധരല്ലാത്ത വായനക്കാര്‍ക്ക് വേണ്ടി എന്തിനു പത്രങ്ങള്‍ നിലവാരം കുറഞ്ഞ പംക്തികള്‍ ആരംഭിക്കണം. 

3 . അമേരിക്കയില്‍ മലയാള സാഹിത്യം പുതു തലമുറയിലേക്കും വളരാന്‍ പത്രമെന്ന നിലയില്‍ ഇമലയാളി എന്ത് ചെയ്യണം.? എഴുത്തുകാര്‍ എന്ത് ചെയ്യണം.?

പുതിയ തലമുറക്കാരില്‍ ചിലര്‍ക്കൊക്കെ മലയാള ഭാഷ വശമാണ്. അവരില്‍ എഴുത്തുകാരുമുണ്ട്.  പക്ഷെ അവരും ഇ മലയാളിയുടെ ഒന്നാം ചോദ്യം പോലെ നാട്ടില്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നു. ഒരു എഴുത്തുകാരന്റെ രചനകള്‍ വായനക്കാര്‍ ആസ്വദിക്കുന്നു, അല്ലെങ്കില്‍ വിമര്ശിക്കുന്നുവെന്നത് എഴുത്തുകാരനു പ്രചോദനമാണ്. ശിലാവിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന ഭക്തന് മറുപടി പറയാത്ത വിഗ്രഹങ്ങളെപോലെ വായനക്കാര്‍ പെരുമാറിയാല്‍ എഴുത്തുകാരന് ആശാഭംഗം ഉണ്ടാകും. ഇ മലയാളി പ്രതിവര്‍ഷം എഴുത്തുകാരെ അംഗീകരിക്കുന്നത് പ്രശംസനീയമാണ്.  നാട്ടിലെ എഴുത്തുകാരെ (ഇ മലയാളിയില്‍ എഴുതുന്ന നാട്ടിലെ എഴുത്തുകാരെയല്ല അവിടെ പേരെടുത്തവരെയാണ് ഉദ്ദേശ്ശിക്കുന്നത്) ഇവിടെ കൊണ്ടുവരാനും അവര്‍ക്ക് അവാര്‍ഡുകളും, കിഴികെട്ടുകളും നല്‍കുന്നവര്‍ ഓര്‍ക്കുക അവര്‍ പ്രോത്സാഹിപ്പിക്കേണ്ടത് ഇവിടത്തെ എഴുത്തുകാരെയാണ്, അമേരിക്കന്‍ മലയാളസാഹിത്യത്തിലേക്ക് സംഭാവന നല്‍കുന്ന നാട്ടിലെ എഴുത്തുകാരെയാണ്.  

4 .ഇവിടത്തെ എഴുത്തുകാരുടെ നല്ല രചനകളെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

കഴിയും. ഒരാള്‍ മാത്രം അങ്ങനെ തിരഞ്ഞെടുക്കാതെ പലരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച്  ഒരു പട്ടിക തയ്യാറാക്കി അത് വീണ്ടും പരിശോധിക്കാന്‍ ഒരു വിദഗ്ധസമിതിയെ ഏല്‍പ്പിക്കണം.

5 . അങ്ങനെ തിരഞ്ഞെടുത്ത കൃതികളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച ഇ മലയാളിയില്‍ നടത്തുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

നല്ല അഭിപ്രായം. പക്ഷെ അഭിപ്രായം തുറന്നു പറയാന്‍ ധൈര്യം വേണം. കള്ളപ്പേരില്‍ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അതിനു വിലയില്ല. അത് ആരോഗ്യപരമായ ചര്‍ച്ചയാകില്ല. കള്ളപ്പേരില്‍ തമാശകള്‍ തട്ടിവിടാമെന്നല്ലാതെ ഗൗവരസ്വഭാവമുള്ള അഭിപ്രായങ്ങള്‍ സ്വന്തം പേരില്‍ തന്നെ എഴുതുന്നത് അഭികാമ്യം.

6 . മതങ്ങള്‍ക്ക് സംഭാവന  ചെയ്യുന്നപോലെ എന്തുകൊണ്ട് ഭാഷക്ക് സംഭാവന ചെയ്യാന്‍ അമേരിക്കന്‍ മലയാളികള്‍ മടിക്കുന്നത്.

മതമെന്നാല്‍ ദൈവം എന്നാലേ പുരോഹിതന്‍ പഠിപ്പിക്കുന്നത്. സത്യം എന്താണെന്ന് ആരും  അന്വേഷിക്കുന്നില്ല. ദൈവത്തിനു വേണ്ടി വിതച്ചാല്‍ പത്തുമേനി കൊയ്യാമെന്ന മിഥ്യാധാരണയും, അത്യാഗ്രഹവും. എഴുത്തുകാര്‍ക്ക്  കൊടുത്താല്‍ എന്തുകിട്ടാന്‍.


7 . ഇവിടത്തെ എഴുത്തുകാര്‍ പ്രതിഫലം ഇല്ലാതെ എഴുതുമ്പോള്‍ അവരെ അംഗീകരിക്കാന്‍ ഇമലയാളി പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നെങ്കിലും അവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ കൊടുക്കാന്‍ ധനികരായ ഭാഷ പ്രേമികളായ ആളുകള്‍ മുന്നോട്ട് വരുമോ?

സംശയമാണ്. ദൈവത്തിനു കൊടുത്താല്‍ നേട്ടവും എഴുത്തുകാര്‍ക്ക് കൊടുത്താല്‍ കോട്ടവുമാണെന്നു ചിന്തിക്കുന്നവരില്‍ നിന്നും ഒന്നും പ്രതീക്ഷക്കണ്ട.  പക്ഷെ എഴുത്തുകാര്‍ക്ക് ഒരു അനുഗ്രഹമുണ്ട്. അതിവര്‍  അറിയുന്നില്ല.ശ്രീ എ .പി. ബാലകൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന കവി ചങ്ങമ്പുഴക്ക് , അദ്ദേഹത്തിന്റെ പ്രാരാബ്ധങ്ങള്‍ മനസ്സിലാക്കി ഒരു സ്ഥലമാറ്റം ശുപാര്‍ശ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മേലധികാരി ചോദിച്ചു ഇങ്ങനെ പാവപ്പെട്ടവര്‍ എല്ലായിടത്തുമുണ്ടല്ലോ? അപ്പോള്‍ ശ്രീ നായര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. " ഈ കവി രണ്ടായിരം വര്‍ഷം സ്മരിക്കപ്പെടുമ്പോള്‍ നമ്മള്‍ രണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വിസ്മരിക്കപ്പെടുന്നു. അങ്ങേക്ക് അറിവുള്ളതാണാല്ലോ ഇത്? അതെ എഴുത്തുകാര്‍ കാലത്തെ അതിജീവിക്കുന്നു. ഇത് എല്ലാവരും മനസ്സിലാക്കുക.

8. നിങ്ങള്‍ ഇയ്യിടെ ഇമലയാളിയില്‍ വായിച്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രചന.

ലിഖിത ദാസിന്റെ "ഒറ്റക്ക്" എന്ന കവിത. കവിത എം.എ.യുടെ  യക്ഷിയെ സ്‌നേഹിച്ചവന്‍ . ജി പുത്തന്‍കുരിശ്ശിന്റെ " ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പ്രസക്തി, ജയന്‍ വര്‍ഗീസിന്റെ ആത്മകഥ. ജോസഫ് ഇബ്രാഹിമിന്റെ സിന്ധിമാപ്പിളയുടെ പുര എന്ന  കഥ.

ശുഭം


https://www.emalayalee.com/varthaFull.php?newsId=203153
Join WhatsApp News
joseph abraham 2020-01-23 22:03:37
ശ്രീ സുധീർ പണിക്കവീട്ടിൽ , എൻ്റെ കഥ താങ്കൾക്ക് ഇഷ്ടാമായതിൽ വളരെ സന്തോഷം . താങ്കൾ ഇവിടെ പറഞ്ഞതിൽ പലതും വളരെ പ്രസക്തമാണ് . മനുഷ്യൻ ഒരു മത ജീവിയായി മാറ്റപ്പെടുന്നതോടെ അവനിലെ മനോധർമ്മവും നർമ്മബോധവും ഇല്ലാതാകുന്നു. ഇന്നുകളിൽ മുന്നിലുള്ള ജീവിതം അപ്രസക്തമാവുകയും അതിനെ ആസ്വദിക്കുന്നതിൽ നിന്ന് മതങ്ങൾ തീർക്കുന്ന പാപബോധം അവനെ വില്ക്കുകയും ചെയ്യുന്നു. വായനയും വിനോദങ്ങളും നേരമ്പോക്കു പറയലിനുമൊന്നും താൽപ്പര്യമില്ല ഒഴി വുണ്ടെങ്കിൽ അവൻ അടുത്ത അമ്പലത്തിലേക്കോ ധ്യാന കേന്ദ്രത്തിലേക്കോ വച്ചു പിടിപ്പിക്കും അല്ലെങ്കിൽ യൂ ട്യൂബിൽ മത പ്രസംഗം കേൾക്കും അതുമല്ലെങ്കിൽ എളുപ്പത്തിൽ പുണ്യം കിട്ടാനുള്ള സൂത്രവിധ്യയായ ചെയിൻ പ്രാർത്ഥനകൾ ഫേസ് ബുക്കിൽ ഷെയർ ചെയ്യും . വായിക്കാനൊന്നും താൽപ്പര്യം തോന്നുകയില്ല . ഒരു എഴുത്തുകാരനെ സംബന്ധിച്ച് അയാൾക്കു കൂടുതൽ ആനന്ദം കിട്ടുന്നത് അയാളുടെ എഴുത്തുകൾ കൂടുതൽ ആളുകൾ വായിക്കുമ്പോഴും പരമ്പരാഗതമായ രീതിയിൽ അച്ചടി മഷി പുരണ്ടു അച്ചടിച്ച് വരുമ്പോഴുമാണ് . അതുതന്നെയാണ് മലയാളത്തിൽ എഴുതുന്നവർ നാട്ടിലെ പ്രസിദ്ധീകരണങ്ങളോട് കൂടുതൽ പ്രതിപത്തി കാണിക്കുന്നത് . അത്തരമൊരു സാഹചര്യം അമേരിക്കയിൽ ഉണ്ടാകാനുള്ള സാഹചര്യം കുറവാണു അതു ആരുടേയും കുറ്റമല്ല മറിച്ചു ഒന്നാം തലമുറയോടുകൂടി മലയാളം മരിച്ചു പോകുന്നതുകൊണ്ടാണ് . മലയാളികളുടെ കുടിയേറ്റത്തിൽ കുറവുവന്നാൽ കാര്യങ്ങൾ കൂടുതൽ മോശമാകും . ഇ മലയാളി ചെയ്യുന്നതു വളരെ ശ്ലാഘനീയമാണ് . അവിടെയും വിലങ്ങുതടിയായി വരുന്നത് മലയാളം എഴുത്തും വായനയും അറിയുന്നവരുടെ എണ്ണമാണ് . പിന്നെ എല്ലാ വായനക്കാർക്കും സാഹിത്യം വായിക്കാൻ താൽപ്പര്യം ഉണ്ടാകണമെന്നുമില്ല. അമേരിക്കൻ മലയാളികൾക്കു വേണ്ടി ഒരു എഴുത്തുകാരൻ ഒരു പുസ്തകം ഇറക്കിയാൽ എത്രയെണ്ണം വിറ്റുപോകുവാൻ കഴിയുമെന്നതും ഒരു ചോദ്യമാണ് . അമേരിക്കൻ മലയാള സാഹിത്യം എന്നൊന്നും പറഞ്ഞു നിലനിൽക്കാൻ കഴിയില്ല . അത്രയ്ക്ക് സമ്പുഷ്ടമാണ് സാഹിത്യം ഇവിടെയെന്നു കരുതാനും വയ്യ .മലയാള സാഹിത്യത്തിന്റെ തോൾ ചേർന്നുള്ള ഒരു യാത്ര മാത്രമേ കരണീയമായിട്ടുള്ളു . എഴുത്ത് കാരെ സാമ്പത്തികമായി പ്രോത്സാഹിപ്പിക്കാൻ കഴിയുമെകിൽ അത് വളരെ നല്ലതാണ് . അങ്ങിനെ വന്നാൽ ഒരു എഴുത്തുകാരന് കൂടുതൽ സമയം എഴുത്തിനും വായനയ്ക്കും വേണ്ടി മാറ്റി നിർത്താൻ കഴിയും അതുമൂലം കൂടുതൽ മികച്ച രീതിയിലുള്ള സാഹിത്യം ഉണ്ടാകുവാനും സാധ്യതയുണ്ട് .
വിദ്യാധരൻ 2020-01-24 00:34:23
താഴപറയുന്ന വിഷയങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയും ആകാം. 1 . ഇവിടത്തെ എഴുത്തുകാരേക്കാള്‍ നാട്ടിലെ എഴുത്തുകാരുടെ രചനകള്‍ വായിക്കാന്‍ എന്തുകൊണ്ട് അമേരിക്കന്‍ മലയാളികള്‍ ഇഷ്ടപ്പെടുന്നു. കേരളത്തിലെ എഴുത്തുകാരുടെ രചനകൾ അനേകായിരങ്ങൾ വായിച്ചു അവരുടെ അംഗീകാരങ്ങൾ കിട്ടിയിട്ടുള്ളവയാണ് . അത്തരം ഗ്രന്ഥങ്ങൾ കണ്ടാൽ എന്തുകൊണ്ട് അത്രയും ജനങ്ങൾ വായിച്ചു എന്നറിയാനുള്ള ഒരു കൗതകം ഉള്ളിൽ ജനിപ്പിക്കുന്നു. അതുപോലെ എത്ര പ്രാവശ്യം അത് പ്രസിദ്ധീകരിക്കപ്പെട്ടു എന്നും അറിയുമ്പോൾ, അത് വായിക്കാൻ താത്‌പര്യം ജനിപ്പിക്കുന്നു . എന്നാൽ ഇവിടുത്തെ പല രചനകൾക്ക് ജനങ്ങളുടെ അഗീകാരത്തെക്കാൾ , നിർജ്ജീവങ്ങളായ പൊന്നാടയും, ഫലകവും ഒക്കെയാണ് ജനങ്ങളിൽ കൗതകം ഉളവാക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ . അവാർഡുകളും പൊന്നാടകളും കുറെ കഴിയുമ്പോൾ മനസ്സിൽ മടുപ്പ് ഉണ്ടാക്കും. എനിക്ക് ആ അവാർഡ് കിട്ടിയിട്ടുണ്ട് ഈ അവാർഡ് കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞ് വരുന്നവരേക്കാൾ അത് കിട്ടാത്തവരുടെ രചനകളാണ് എനിക്കിഷ്ടം . ഇതിന്റെ അർഥം അവാർഡ് കിട്ടുന്നത് തെറ്റാണെന്നല്ല നേര്മറിച്ച് അവാർഡിൽ കൂടെ അല്ലായിരിക്കും എഴുത്തുകാർ ഓർമ്മിക്കപെടാൻ പോകുന്നത് . നല്ല എഴുത്തുകാരൻ ഒരിക്കലും മരിക്കുന്നില്ല . കാരണം അവർ നന്നായി വായിച്ചുട്ടുള്ളവരായിരിക്കും വായനക്കാരുടെ എണ്ണത്തേക്കാൾ എഴുത്തുകാരുടെ എണ്ണമാണ് കൂടുതൽ എന്ന ലേഖകന്റെ അഭിപ്രായത്തോട് യോജിക്കുന്നു. 2 . ഇ മലയാളി ഇപ്പോള്‍ ഉള്‍പ്പെടുത്തുന്ന പംക്തികള്‍ കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന പംക്തികള്‍ ഏതെല്ലാം. കഥകളോ, കവിതകളോ, ലേഖനങ്ങളോ, നര്‍മ്മങ്ങളോ കൂടുതല്‍ താല്‍പ്പര്യം. വായിക്കുന്നവർക്ക് ആവശ്യത്തിന് വിഭവങ്ങൾ ഈ മലയാളി ഒരുക്കുന്നുണ്ട് . വായിക്കാൻ സമയക്കുറവ് ഉണ്ടെന്ന് മാത്രം . 3 . അമേരിക്കയില്‍ മലയാള സാഹിത്യം പുതു തലമുറയിലേക്കും വളരാന്‍ പത്രമെന്ന നിലയില്‍ ഇമലയാളി എന്ത് ചെയ്യണം.? എഴുത്തുകാര്‍ എന്ത് ചെയ്യണം.? പുതു തലമുറ എന്ന് പറയുന്നതിൽ നിന്ന് എന്താണ് അർത്ഥമാക്കുന്നത് ? ഇവിടെ ജനിച്ചു വളരുന്ന തലമുറക്ക് മലയാള ഭാഷകൊണ്ട് എന്ത് പ്രയോചനം . നാട്ടിൽ തന്നെ പുതു തലമുറ മലയാള ഭാഷയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അറിയില്ല . അങ്ങനെ വരുമ്പോൾ പുതു തലമുറയിൽ മലയാള സാഹിത്യം തളിരിടുമോ എന്നതിൽ സന്ദേഹം ഇല്ലാതെയില്ല 4 .ഇവിടത്തെ എഴുത്തുകാരുടെ നല്ല രചനകളെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? വായനക്കാർ കുറവുള്ള അമേരിക്കയിൽ ഒന്നോ രണ്ടോ വ്യക്തികൾ അഭിപ്രായം പറഞ്ഞാൽ അതിന് വലിയ പ്രസക്തിയില്ല . ഉദാഹരണമായി ഞാൻ ഒരു വ്യക്തിയുടെ രചന ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം പറഞ്ഞാൽ, അത് പുറം ചൊറിയാലാണെന്ന് ബാക്കിയുള്ള എഴുത്തുകാർ അഭിപ്രായം പറയും . എന്നാൽ ആയിരക്കണക്കിന് വായനക്കാർ ഉള്ള കേരളത്തിൽ അതിന് ആരും തയാറാകില്ല . കാരണം സാഹിത്യ ബോധമുള്ളവരും പണ്ഡിതരുമായ അഭിപ്രായക്കാർ വില കുറഞ്ഞ അഭിപ്രായങ്ങളെ തള്ളി കളയും . 5 . അങ്ങനെ തിരഞ്ഞെടുത്ത കൃതികളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച ഇ മലയാളിയില്‍ നടത്തുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. അതിന് തയാറുള്ള എത്ര പേർ കാണും . മുഖത്ത് നോക്കി കുറ്റം പറഞ്ഞാൽ പിന്നെ ' പൂരപ്പാട്ടായിരിക്കും " എന്തിന് സ്നേഹ ബന്ധങ്ങളെ ഉലയ്ക്കുന്നു 6 . മതങ്ങള്‍ക്ക് സംഭാവന ചെയ്യുന്നപോലെ എന്തുകൊണ്ട് ഭാഷക്ക് സംഭാവന ചെയ്യാന്‍ അമേരിക്കന്‍ മലയാളികള്‍ മടിക്കുന്നത്. മതം എന്ന കറുപ്പിന്റെ വീര്യത്തെ നിഷ്ഭ്രമാക്കാൻ പോരുന്ന ഒന്നും തന്നെയില്ല . ഭീരുക്കളായ മനുഷ്യർ അവരുടെ തലമണ്ട മതത്തിന് അടിയറ വച്ചിരിക്കുകയാണ് . സ്വയം ആരെന്നറിയാത്തവരാണ് മതത്തിന്റെ പിന്നാലെ പോകുന്നവർ . അവരെ നയിക്കുന്നവർ, അവരറിയാതെ രക്തം ഊറ്റി കുടിക്കുന്ന അട്ടകളും . എല്ലാവര്ക്കും സർഗ്ഗത്തിൽ പോകണം പക്ഷെ ആർക്കും മരിക്കാൻ തയാറല്ല . അമേരിക്കയിൽ തന്നെ മത നേതാക്കളുടെ ജന്മ ദിനത്തേയും മറ്റും പൊക്കി എഴുതുന്ന കവികളും എഴുത്തുകാരും ഉണ്ട് . അവരുടെ ഉള്ളിൽ മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടിയുള്ള വാഞ്ച അതി കഠിനമാണ് . ഇത്തരക്കാർ മതത്തിൽ തന്നെ നിൽക്കട്ടെ .. അവർ മലയാള സാഹിത്യത്തിൽ വന്ന് അത് മലീമസമാക്കാതിരിക്കട്ടെ 7 . ഇവിടത്തെ എഴുത്തുകാര്‍ പ്രതിഫലം ഇല്ലാതെ എഴുതുമ്പോള്‍ അവരെ അംഗീകരിക്കാന്‍ ഇമലയാളി പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നെങ്കിലും അവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ കൊടുക്കാന്‍ ധനികരായ ഭാഷ പ്രേമികളായ ആളുകള്‍ മുന്നോട്ട് വരുമോ? പ്രതിഫലേച്ഛയില്ലാത്തവനായിരിക്കണം നല്ല എഴുത്തുകാരൻ. എഴുത്ത് ഒരു ദിവ്യമായ പ്രക്രിയായാണ് . അത് മനുഷ്യരാശിയുടെ നന്മയെ ലക്ഷ്യമാക്കിയുള്ളതായിരിക്കണം . പ്രതിഫലേഛ ഇല്ലാതെ എഴുതുക രാമപുരത്ത് വാര്യരെപ്പോലെ എഴുതുക 'പട്ടിണികൊണ്ട് മെലിഞ്ഞ പണ്ഡിതന് കുശസ്ഥലീ- പട്ടണം കണ്ടപ്പോഴേ വിശപ്പും ദാഹവും പെട്ടന്നകുന്നുവല്ല ഭക്തികൊണ്ടെന്നിയേ പണി- പെട്ടാലും ഒഴിയാത്ത ഭാവർത്തിയും തീർന്നു ' അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം അമേരിക്കയിലെ പണ്ഡിതവർഗ്ഗത്തിന് അറിവുള്ളതായിരിക്കുമെല്ലോ ? "ഇതി കാരുണികൻ നൂനം ധനമൊട്ടും താരാഞ്ഞതും ഇപ്രകാരം ചിന്ത ചെയ്‌തു വിപ്രനെത്തി ഗൃഹാന്തികം സൂര്യാനലേന്ദുസങ്കാശം ശോഭിച്ചു തത്ര ഗേഹങ്ങൾ കൂവും പക്ഷികുലം ചേർന്ന വിചിത്രോപവനോദ്യാനം ........................................... സമ്പത്തുകൂടാനൊരൊറ്റ ഹേതു ശ്രീ വാസു ദേവന്റെ കൃപാകടാക്ഷം എന്നാൽ നിങ്ങൾ പറയുന്ന ധനവാന്മാരായ വാസുദേവന്മാരിൽ നിന്നു പണം കയ്യപ്പറ്റി സാഹിത്യ രചന നടത്താൻ പോയാൽ , അത് അടിമത്വത്തിന് തുല്യമായിരിക്കും . അത്തരം കൃതികളും അതിന്റ കർത്താക്കളും രണ്ടു മാസം പോലും ജീവിക്കില്ല ( ചങ്ങമ്പുഴ എഴുതിയത് പ്രതിഫലേച്ഛ ഇല്ലാതെയാണ് ) 8. നിങ്ങള്‍ ഇയ്യിടെ ഇമലയാളിയില്‍ വായിച്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രചന. കവിതകളോട് എനിക്കിഷ്ടമാണ് . ആധുനിക കവിതകൾക്ക് ആയുസില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . താളലയങ്ങൾ ഉള്ള കവിതകൾ മനസ്സിൽ താങ്ങും ചിലത് മനഃപാഠമാക്കാനും ശ്രമിക്കും എങ്കിലും ചെറുപ്പക്കാരായ (പഴയ പടമാണെങ്കിൽ ക്ഷമിക്കുക ) രാജൻ കിണറ്റിക്കരയുടേയും , സീനാ ജോസഫിന്റെയും കവിതകളിൽ ഒരാശയം എപ്പോഴും നിഴലിക്കുന്നത് കാണാം . പലപ്പോഴും അവരുടെ കവിതകൾ എന്നിൽ പ്രതികരണം ഉണ്ടാക്കാറുണ്ട് . ബിന്ദു ടി ജി നല്ലൊരു കവയിത്രിയാണ് . രാമാപിഷാരടിയുടെ കവിതകളിൽ ഭാഷയുടെ തിളക്കം ഉണ്ട് . ആശയ സാന്ദ്രതകൊണ്ട് ജനകീയമല്ല . താങ്കളുടെ ലേഖനങ്ങളിലും കവിതകളിലും ആത്മാർത്ഥത തുടിക്കുന്നുണ്ട് . ഒരു വായനക്കാരനാണ് നിങ്ങൾ എന്നതിൽ തർക്കമില്ല അത് നഷ്ട്പ്പെടാതെ സൂക്ഷിക്കുക. വർത്തിച്ചീടുന്നൊരിക്കൽ ഗുരുവിന് സമമായി മിത്രമായ് മറ്റൊരിക്കൽ വർത്തിച്ചിടും പിതാവായ്, സപദി ജനനിയായ് കാന്തയായ് കദാചിൽ വർത്തിച്ചിടുന്നു വാഗീശ്വരിയുടെ നടനാരാമ- മായ് സർവകാലം വർത്തിച്ചിടുന്നു സാക്ഷാൽ സുരതരുസദൃശം പുസ്തകം ഹസ്തസംസ്ഥം (ആർ ഈശ്വരപിള്ള )
Sudhir Panikkaveetil 2020-01-24 16:51:51
8. നിങ്ങള്‍ ഇയ്യിടെ ഇമലയാളിയില്‍ വായിച്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രചന. ഒരു വിശദീകരണം : "ഇയ്യിടെ" എന്ന വാക്കുണ്ടായിരുന്നത്കൊണ്ടാണ് എഴുത്തുകാരുടെ പേരുകൾ കൂടുതൽ ഉൾപ്പെടുത്താതിരുന്നത്. ഇ മലയാളിയിൽ വായിച്ച എന്നായിരുനെങ്കിൽ നല്ല രചയിതാക്കളുടെ മുഴുവൻ പേരുകൾ ചേർക്കുമായിരുന്നു.
josecheripuram 2020-01-25 20:02:31
We can talk,it doesn't coast anything to us but it cost to the Media,Do you think what you read&write is being published without cost.I know I wrote for Simson Kallathra "NADAM"ASWAMEDAM"by Rajan Marrot,Kairali Jose Thayil,Kerala center,Malayalam Pathram.Catholic association.Mr,Chacko Shankarathil,J,Mathew Sir.I saw they sweat bullet through their asshole.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക