Image

മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ട്രംപ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 24 January, 2020
മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍:  അടുത്തയാഴ്ച വാഷിംഗ്ടണില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മിഡില്‍ ഈസ്റ്റ് സമാധാനത്തിനായുള്ള ദീര്‍ഘകാല പദ്ധതി പുറത്തിറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ചൊവ്വാഴ്ച നടന്ന വൈറ്റ് ഹൗസ് മീറ്റിംഗിനെ പരാമര്‍ശിച്ച് ഫ്‌ലോറിഡയിലേക്കുള്ള യാത്രാമദ്ധ്യേ എയര്‍ഫോഴ്‌സ് വണ്ണില്‍  യാത്ര ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ഫലപ്രദമാകുന്ന ഒരു പദ്ധതിയായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെതന്യാഹുവുമായുള്ള വൈറ്റ് ഹൗസിലെ മീറ്റിംഗിലേക്ക് ഫലസ്തീനെ ക്ഷണിച്ചിട്ടില്ല. യുഎസ് ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചകള്‍ ഫലസ്തീന്‍ നിരസിക്കുകയാണ് പതിവ്. കാരണം സമാധാന പദ്ധതി യു എസും ഇസ്രയേലും കാംക്ഷിക്കുന്നില്ല. 2017 മുതല്‍ അതാവര്‍ത്തിക്കുന്നു. യാതൊരു മാറ്റവും അതിലില്ലെന്ന് ഫലസ്തീന്‍ അധികൃതര്‍ ആരോപിക്കുന്നു.

പദ്ധതിയുടെ സാമ്പത്തിക സഹായം ജൂണില്‍ പങ്കുവെക്കുകയും 10 വര്‍ഷത്തിനിടെ ഫലസ്തീന്‍ പ്രദേശങ്ങളിലും അയല്‍ അറബ് രാജ്യങ്ങളിലും 50 ബില്യണ്‍ ഡോളര്‍ അന്താരാഷ്ട്ര നിക്ഷേപവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതുമുതല്‍ ട്രംപ് ഭരണകൂടത്തോട് നീരസം പ്രകടിപ്പിക്കുന്ന  ഫലസ്തീനികള്‍ സമാധാന പദ്ധതിയും നിരസിക്കുകയാണ്. കാരണം, ദശാബ്ദങ്ങളായി ഇരുരാജ്യങ്ങളെ  ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നയതന്ത്രത്തിന്റെ മൂലക്കല്ലായ ദ്വിരാഷ്ട്ര പരിഹാരത്തെയാണ് കുഴിച്ചുമൂടിയതെന്ന് അവര്‍ വിശ്വസിക്കുന്നു.

യുഎസ് ഭരണകൂടം ഇതുവരെ ചെയ്ത കാര്യങ്ങളെ, പ്രത്യേകിച്ച് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനെ ഞങ്ങള്‍ നിരാകരിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

രഹസ്യ സമാധാന പദ്ധതിയുടെ രൂപരേഖയില്‍ പണ്ടേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ട്രംപ്, ചരിത്രത്തിലെ ഏറ്റവും ഇസ്രയേല്‍ അനുകൂല അമേരിക്കന്‍ പ്രസിഡന്റാണെന്ന് ആവര്‍ത്തിച്ചു വീമ്പിളക്കി.

ട്രംപ് പതിറ്റാണ്ടുകളുടെ അന്താരാഷ്ട്ര അഭിപ്രായ സമന്വയത്തെ തകര്‍ക്കുകയും ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തതിന് ശേഷം 2017 ഡിസംബറില്‍ അമേരിക്കയുമായുള്ള എല്ലാ ബന്ധങ്ങളും
ഫലസ്തീന്‍ വിച്ഛേദിച്ചു.

ഫലസ്തീനികള്‍ നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തെ തങ്ങളുടെ ഭാവി ഭരണകൂടത്തിന്റെ തലസ്ഥാനമായി കാണുന്നു, ലോകശക്തികള്‍ ജറുസലേമിന്റെ വിധി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പണ്ടേ സമ്മതിച്ചിട്ടുള്ളതാണ്.

'അന്തിമ കരാര്‍' എന്ന് മുദ്രകുത്തിയ ഇസ്രായേല്‍ഫലസ്തീന്‍ സമാധാന കരാറിന് ഇടനിലക്കാരനാകാമെന്ന് വാഗ്ദാനം ചെയ്താണ് 2017ല്‍ ട്രംപ് അധികാരത്തിലെത്തിയത്. എന്നാല്‍, ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന നിരവധി തീരുമാനങ്ങളാണ് അദ്ദേഹം എടുത്തത്. അതില്‍ കോടിക്കണക്കിന് ഡോളര്‍ ധനസഹായം വെട്ടിക്കുറയ്ക്കുകയും ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമായി അമേരിക്ക കണക്കാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്രായേല്‍ഫലസ്തീന്‍ പോരാട്ടം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതി വെറും പ്രഹസനമാണെന്നും, വന്‍ സാമ്പത്തിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നുമാണ് ഫലസ്തീന്‍ വിശ്വസിക്കുന്നത്.

സെപ്റ്റംബറില്‍ ഇസ്രായേലിലെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായതിനെത്തുടര്‍ന്ന് പദ്ധതി പ്രഖ്യാപനം വൈകി. മാര്‍ച്ച് 2ലെ തിരഞ്ഞെടുപ്പിന് ശേഷം ഇത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍, ഇസ്രായേലി മാധ്യമങ്ങള്‍ വ്യാഴാഴ്ച പദ്ധതിയുടെ രൂപരേഖ ചോര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ പല പ്രധാന ആവശ്യങ്ങളും അമേരിക്ക അംഗീകരിച്ചതായാണ് അറിവ്.

ഇസ്രായേലിലെ പുതിയ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് വാഷിംഗ്ടണ്‍ മീറ്റിംഗ് വരുന്നത്. നെതന്യാഹുവിന്റെ വലതുപക്ഷ ലികുഡ്, ഗാന്റ്‌സിന്റെ സെന്‍ട്രിസ്റ്റ് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാടുന്ന വോട്ടെടുപ്പ്.

ട്രംപ് രണ്ട് ഇസ്രായേല്‍ നേതാക്കളെ ക്ഷണിച്ചുവെന്നും ഫലസ്തീനികളെയാരെയും കൂടിക്കാഴ്ചക്ക് ക്ഷണിച്ചില്ലെന്നും,  സമാധാനത്തിനുള്ള യഥാര്‍ത്ഥ ശ്രമത്തേക്കാള്‍ ആഭ്യന്തര ഇസ്രായേല്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുകയാണെന്നും യു എസിലെ ഫലസ്റ്റീന്‍ മിഷന്റെ മുന്‍ മേധാവി ഹുസം സോംലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ട്രംപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക