Image

നേപ്പാള്‍ ദുരന്തം: പ്രവീണും കുടുംബവും ഇനിയോര്‍മ്മ, മൃതദേഹങ്ങള്‍ സംസ്കരിച്ചു!

Published on 24 January, 2020
നേപ്പാള്‍ ദുരന്തം: പ്രവീണും കുടുംബവും ഇനിയോര്‍മ്മ, മൃതദേഹങ്ങള്‍ സംസ്കരിച്ചു!

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു.

തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ വീട്ടുവളപ്പിലാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. മൂന്ന് കുട്ടികളെയും വീട്ടുവളപ്പിലെ ഒരെ കുഴിമാടത്തില്‍ ചടങ്ങുകള്‍ കൂടാതെയാണ് സംസ്കരിച്ചത്.


ഇവരുടെ ഇരുവശത്തുമായാണ് പ്രവീണിന്‍റെയും ശരണ്യയുടെയും ചിതയൊരുക്കിയത്. ശരണ്യയുടെ സഹോദരിയുടെ പുത്രനാണ് സംസ്കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് കുടുംബത്തിന് യാത്രാമൊഴി പറയാനെത്തിയത്.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയിയിലെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 12.01ഓടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരാണ് മരിച്ചത്.


ചൊവ്വാഴ്ച രാവിലെയാണ് നേപ്പാളില്‍ വിനോദസഞ്ചാരത്തിനായെത്തിയ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളെ ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേടായ ഹീറ്ററില്‍ നിന്നും പ്രവഹിച്ച കാര്‍ബണ്‍ മോണോക്സൈഡ് എന്ന വാതകം ശ്വസിച്ചതാണ് മരണകാരണം. രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു രഞ്ജിത്ത് ഇവരുടെ ഇളയ കുട്ടിയായ വൈഷ്ണവ് എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു.

ഇവരുടെ മൃതദേഹങ്ങളും വസതിയില്‍ എത്തിച്ചു. വൈകീട്ടാണ് സംസ്കാരം. മുറിയുടെ രണ്ട് ഭാഗത്തായായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.


രാവിലെ വാതില്‍ തുറക്കായതായപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഹോട്ടല്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരെത്തി മുറി തുറന്നപ്പോഴാണ് 8 പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസെത്തി ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ച രഞ്ജിത്തിന്‍റെ ഒരു കുട്ടി സുരക്ഷിതനാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാധവാണ് രക്ഷപ്പെട്ടത്.

ഈ കുട്ടി സംഭവം നടക്കുമ്ബോള്‍ മറ്റൊരു മുറിയിലായിരുന്നു. 15 പേരടങ്ങുന്ന വിനോദ സഞ്ചാര സംഘമാണ് നേപ്പാളില്‍ എത്തിയത്. നാല് മുറികളിലായാണ് സംഘം താമസിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക