Image

പുതുവര്‍ഷപുലരി (കഥ: ഷാജു ജോണ്‍)

Published on 24 January, 2020
പുതുവര്‍ഷപുലരി (കഥ: ഷാജു ജോണ്‍)
ടൈം സ്ക്വയറിലെ ക്ലോക്കില്‍ പുതുവര്‍ഷത്തിന്റെ ആദ്യത്തെ മണിനാദം  കേള്‍ക്കുമ്പോള്‍ തന്നെ പയ്യന്‍സ് കുടുംബമായി പള്ളിയില്‍ ആയിരുന്നു. അതങ്ങനെ തന്നെ ആയിരിക്കണമെന്ന് പയ്യത്തിക്കു നിര്ബന്ധമാണ് . ആണ്ടിന്റെ ഒടുക്കവും തുടക്കവും അള്‍ത്താരക്ക്  മുന്നില്‍ നിന്ന് തന്നെ .........! അങ്ങനെ  വര്‍ഷാരംഭത്തിലെ  പാതിരാകുര്‍ബാന കണ്ടു ഉറക്കച്ചവടോടെ വീട്ടിലെത്തിയെങ്കിലും  ,വളരെ വൈകി കിടന്നതുകൊണ്ടാകാം ഉറക്കം അല്പം പോലും അടുത്ത് വരാന്‍ കൂട്ടാക്കുന്നില്ല.  'വാടാ .....വാടാ'  എന്ന് വളരെ സ്‌നേഹത്തോടെ വിളിച്ചെങ്കിലും ' പോടാ..... പോടാ'  എന്ന് പറയുന്ന ന്യൂ ജന്‍ പിള്ളേരെപ്പോലെ തന്നെ ഉറക്കം ഒരു വികൃതിയെ പോലെ അകലെ തന്നെ നിന്നു ..... എന്നാലും ,എപ്പോഴെങ്കിലും അരികിലെത്തും  എന്ന ശുഭപ്രതീക്ഷയോടെ ആ വികൃതിയെ  വരവേല്‍ക്കാന്‍ രണ്ടു കണ്ണുകളും അടച്ച് നവജാത ശിശുവിനെ പോലെ  പയ്യന്‍സ് ചുരുണ്ടു  കിടന്നു

" ദേ  മനുഷ്യാ ....ഞങ്ങളുടെ കൂടെ ഉള്ളവരെല്ലാം പുതുവര്‍ഷത്തില്‍ പുതിയ പുതിയ തീരുമാനങ്ങള്‍  എടുക്കാന്‍ പോകുന്നു .....ദുര്‍ഗുണങ്ങള്‍ എല്ലാം നിര്‍ത്താനും ......പകരം  സദ്ഗുണങ്ങള്‍ അടിമുടി  വളര്‍ത്താനും .....നമുക്കും ഈ പുതുവര്‍ഷത്തില്‍ ഒന്ന് മാറണ്ടേ ..? പയ്യത്തിയുടെ  ചോദ്യം തലയിണയുടെ അരികത്തുകൂടി  ചെവിയില്‍ എത്തിയെങ്കിലും , പ്രതികരിക്കാതെ ഉറക്കം ഭാവിച്ചു തന്നെ കിടന്നു .

"അല്ലേലും നല്ലകാര്യം എന്ത് പറഞ്ഞാലും ഒന്നുകില്‍ ഉറങ്ങും... അല്ലെങ്കില്‍ ഉറക്കം നടിക്കും " ദേഷ്യം മുഖത്ത് ഫിറ്റ് ചെയ്തു  പയ്യത്തി തിരിഞ്ഞു കിടന്നു . ആ ദേഷ്യം  കൂര്‍ക്കം വലിയുടെ  രൂപത്തില്‍ പതുക്കെ പതുക്കെ പുറത്തേക്കു വന്നുകൊണ്ടിരുന്നു  . ആ  താരാട്ടു കുടി ആയപ്പോള്‍ അറ്റം കാണാത്ത റയില്‍വെ പാളത്തിലേക്ക് കണ്ണും നട്ട്  ട്രെയിന്‍ കാത്ത്  നില്‍ക്കുന്നവരുടെ മാനസിക അവസ്ഥ പോലെ ആയി പയ്യന്‌സിന് . എങ്കിലും  വൈകി ഓടുന്ന വണ്ടിയില്‍ എപ്പോഴോ കയറിയതു  പോലെ വെളുക്കുന്നതിനു മുന്‍പുള്ള ഏതോ  യാമത്തില്‍ കണ്ണുകള്‍ പതുക്കെ അടഞ്ഞു.

'ട്ടോ ....  ട്ടോ ....ട്ടോ ........'എന്തോ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത് ....സിനിമകളിലൊക്കെ കാണുന്നത് പോലെ പുതുവര്‍ഷത്തിന്റെ പ്രഭാതം പൊട്ടിവിടര്‍ന്ന ശബ്ദമാണ്  എന്നാണ്   ആദ്യം വിചാരിച്ചത് ..പക്ഷെ  അതങ്ങനെ അല്ല എന്ന് അടുക്കളയിലെ പ്രഭാത ഗീതങ്ങളില്‍ നിന്ന് മനസ്സിലായി. 

"അയ്യോ കൊല്ലത്തിന്റെ ആരംഭത്തിലേ ..... ഓരോന്ന് പൊട്ടാന്‍  തുടങ്ങി .....അതിരാവിലെ ഗ്ലാസ്  പൊട്ടി...... ഇനി ഈ വര്ഷം മുഴുവന്‍ എന്തെല്ലാം പൊട്ടുമെന്റെ കര്‍ത്താവേ  ?" താഴെ വീണുടഞ്ഞ ചായഗ്ലാസ്സിന്റെ  ചില്ല് കഷ്ണങ്ങള്‍ പെറുക്കുന്നതിടയില്‍  പയ്യത്തി  തന്റെ സങ്കടം  പ്രാര്‍ത്ഥനയുടെ രൂപത്തില്‍ കര്‍ത്താവിനോടു  പറയാന്‍ തുടങ്ങി

ഒരു സാന്ത്വന സ്പര്‍ശം നല്‍കാം എന്ന് വിചാരിച്ചുകൊണ്ട്   പാതിമയക്കത്തില്‍ നിന്ന് എഴുന്നേറ്റു പയ്യന്‍സ് അടുക്കളയിലേക്കു ചെന്നു   

"ഒരു ഗ്ലാസ് അല്ലെ പൊട്ടിയത് ? അതിനിത്രമാത്രം ......".പയ്യന്‌സിനെ മുഴുവന്‍ പറയാന്‍ അനുവദിച്ചില്ല .അതിനു മുന്‍പ് കര്‍ത്താവിനോടുള്ള പ്രാര്‍ത്ഥന ഭര്‍ത്താവിനോടുള്ള പരിഭവവമായി പരിണമിച്ചു

"അതിനു നിങ്ങള്ക്ക് ഇതിന്‍റെ വിഷമം മനസിലാകില്ല ..ഇതിന്റെ മാത്രമല്ല ഒന്നിന്‍റേം ......"  ഒരു അര്‍ദ്ധവിരാമത്തിലാണ് പയ്യത്തി അവസാനിപ്പിച്ചത്.......എന്ന് വച്ചാല്‍  ഇനിയുമുണ്ടെന്നു സാരം
 
പുതു വര്ഷത്തിന്റെ ആദ്യ ദിവസ്സമല്ലേ .... അധികം സംസാരിച്ചു രംഗം വഷളാക്കണ്ട എന്ന് തന്നെ പയ്യന്‌സിനു  തോന്നി

"പൊട്ടീത് നന്നായി ......അല്ലേലും ഈ വര്‍ഷം കുറെ പുതിയവ വാങ്ങണം ...പാതിരാകുര്‍ബാനമധ്യേ അച്ഛന്‍ പറഞ്ഞത് നിങ്ങള് കേട്ടാരുന്നോ ....?"  അവിടെ എന്തോ ഒരു അബദ്ധം  പയ്യന്‍സ് മണത്തു. അച്ചന്‍ പറഞ്ഞതില്‍ ഏതാണ് പുറത്തേക്കു വരാന്‍ പോകുന്നത് എന്ന ആകാംക്ഷയില്‍ പയ്യത്തിയുടെ മുഖത്തേക്ക്  തന്നെ നോക്കി നിന്നു .

"നിങ്ങള് പള്ളിയില്‍ നല്ല വസ്ത്രം ഇട്ടോണ്ട് വരും  ..പ ക്ഷേ വീട്ടിലോ....കളറ് പോയ ജാംബവാന്റെ കാലത്തെ ഉടുപ്പല്ലേ ഇടണത് ......അത് പോലെ എന്നും കഞ്ഞീം ചമ്മന്തീം അല്ലെ കഴിക്കണത് .....അത് കൊണ്ട് പുതുവര്‍ഷത്തില്‍ ആ ശീലമൊക്കെ മാറ്റി  ..പകരം  നല്ല ഉടുപ്പൊക്കെ വീട്ടില്‍ ഇട്ടു നല്ല ആഹാരമൊക്കെ കഴിക്കു ...ഈ വര്‍ഷം മുഴുവന്‍ അങ്ങ് കളര്‍ഫുള്‍ ആകട്ടെ .... .." അച്ചന്‍ പറഞ്ഞത് വള്ളിപുള്ളി തെറ്റാതെ പയ്യത്തി ആവര്‍ത്തിച്ചു

"ശരിയാ .....ശരിയാ അതുകൊണ്ടു  വേദപുസ്തകത്തില്‍  പറഞ്ഞ പോലെ നമുക്ക് പഴയ മനുഷ്യനെ ഉരിഞ്ഞു കളയണം ...എന്നിട്ടു പുതിയ മനുഷ്യനെ ധരിക്കണം  " പയ്യന്‍സ് സപ്പോര്‍ട്ട് ചെയ്തു

പയ്യത്തിയുടെ പ്രതികരണം പക്ഷെ  'ഉം ....'ഒരു നീണ്ട മൂളല്‍  മാത്രമായിരുന്നു ആദ്യം. പക്ഷെ  പിന്നെ വെള്ളം ഒഴുകും പോലെ പറയാന്‍ തുടങ്ങി
"അരക്കന്റെ അപ്പാപ്പനായ നിങ്ങളല്ലേ പുത്തന്‍ ഉടുപ്പ്  ഇടുന്നതു........! പതിമൂന്നു വര്ഷം മുന്‍പ് നാട്ടീന്നു  കൊണ്ടുവന്ന ബനിയനും ഇട്ടോണ്ടാ ഇപ്പോഴും നടപ്പു....... എന്നിട്ടൊരു പുതിയ മനുഷ്യന്‍"

"നീ അതല്ലേ കണ്ടോളു ....നമ്മുടെ കൂടെയുള്ള  ചിലര്‍ അഞ്ചാം കഌസ്സിലെ അണ്ടര്‍ വെയറാ ഇപ്പോഴും ഇടണേ ..." പയ്യന്‍സ് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു .
എന്തു പറഞ്ഞാലും ഒരു ന്യായവുമായി വന്നോളും ....
" നീ ഇതുകൂടി കേട്ടോ ബ്രസീലിന്റെ ഒരു ഫുട്ബാള്‍ കളിക്കാരനുണ്ട്, അയാള്‍ക്ക് ഒരു അണ്ടര്‍ വെയറുണ്ട് . അതിട്ടു കളിച്ചാല്‍ ഗോളിന്റെ പെരുമഴ ആയിരിക്കും എന്നാണ് അയാളുടെ വിശ്വാസം ,അതിലാണത്രേ  ഭാഗ്യം ഇരിക്കുന്നത്  .... എല്ലാ ടുര്‍ണമെന്റുകളിലും  ഇടുന്നതു ആ ഒറ്റ സാധനമാണ് , അത് കഴുകുകേം  ഇല്ല. കഴുകിയാല്‍ ഭാഗ്യം പോകുത്രെ ....പത്ത് വര്‍ഷം കഴുകാതെ ഉപയോഗിച്ച ആ സാധനം ലേലത്തില്‍ പോയത് എത്രക്കാണെന്നറിയാമോ ?"   ഒരു ഫുട്ബാള്‍ കമന്റേറ്ററുടെ  ആവേശത്തോടെ പറഞ്ഞെങ്കിലും ആ ലേലതുക എത്രയെന്നു  കേള്‍ക്കാതെ തന്നെ പയ്യത്തി ലോണ്‍ഡ്രി റൂമിലേക്ക് പോയി

"നിങ്ങള്‍ ഇത് പറഞ്ഞത് നന്നായി ..ഇപ്പോഴാ തുണി കഴുകണ  കാര്യം ഓര്‍ത്തതു"  പോകുന്നതിനിടയില്‍ പയ്യത്തി ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു  

"പോട്ടെ നമ്മളിന്നൊരു ആണ്ടുപിറവി ആയിട്ടു  വഴക്കു കുടണ്ട .....പുതുവര്‍ഷത്തില്‍ എടുക്കേണ്ട പുതിയ  തീരുമാനങ്ങള്‍  പറഞ്ഞോളൂ ? രംഗം ഒന്ന് മയപ്പെടുത്താന്‍ വേണ്ടി പയ്യന്‍സും അങ്ങോട്ട് ചെന്നു .

"ഏതായാലും ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തു..... നിങ്ങള്‍ക്കുള്ളത് ഞാന്‍ പറയാം  നമ്പര്‍ വണ്‍  ......സോഷ്യല്‍ മീഡിയ മുഴുവന്‍ ഒഴിവാക്കുക, അവസരത്തിലും അനവസരത്തിലും ലൈക് ഷെയര്‍ തുടങ്ങിയ സുഖിപ്പിക്കല്‍ പരിപാടി അവസാനിപ്പിക്കുക " തുണികള്‍ വാഷിങ് മെഷീനില്‍ ഇടുന്നതിനിടയില്‍  ഒന്നാമത്തെ നിര്‍ദേശം  പുറത്ത് വന്നു 

"ഹേ .....അതുപറ്റില്ല അതിലൂടെ ആണ് ഞാന്‍ ലോക കാര്യങ്ങള്‍ മുഴുവന്‍ അറിയുന്നത് ...അമേരിക്ക ഇറാനില്‍ എവിടെ ബോംബിടണം എന്ന് തീരുമാനിക്കുന്നത് പോലും ഇക്കാലത്ത് സോഷ്യല്‍ മീഡിയ ആണ് ......അതുകൊണ്ടു ..." മുഴുവന്‍ പറയാന്‍ പയ്യന്‌സിനെ അനുവദിച്ചില്ല

"എന്നാല്‍ അതിലെ ഫുള്‍ ടൈം ജോലി നിര്‍ത്തി പാര്‍ട്ട് ടൈം ആക്കുക"

"എന്ന് വച്ചാ..."

"ന്ന് ... വച്ചാ .....നിര്‍ബന്ധമാണേല്‍  രാവിലെയും വൈകിട്ടും പത്ത് മിനിറ്റു മാത്രം നോക്കുക .അപ്പോള്‍ കാണുന്നവര്‍ക്കു മാത്രം ലൈക് കൊടുക്കുകയോ ഷെയര്‍ ചെയ്യുകയോ ആവാം "

"അതിപ്പോ... പെട്ടെന്നങ്ങു നിര്‍ത്തിയാ ....മുഖപുസ്തക സഹജര്‍  മുഴുവനും പിണങ്ങും"

"വേണ്ട ..നിങ്ങള്‍ നേരത്തെ  ഒരറിയിപ്പു ഇട് ....ഇനി മുതല്‍ ഫേസ് ബുക്കില്‍ ഇത്രയും സമയം മാത്രമേ ഉണ്ടാകു എന്ന് പറഞ്ഞു  ......എല്ലാവരും നേരത്തെ അറിയട്ടെ ...പിന്നെ  നിങ്ങള് ട്രമ്പല്ലേ..... ഏതു നേരവും ട്വീറ്റ് ചെയ്‌തോണ്ടിരിക്കാന്‍ " പയ്യത്തിയുടെ മുഖം ഗൗരവ പൂര്‍ണമായി .
 
"ഉം ..." പയ്യന്‍സ് മനസില്ലാ മനസ്സോടെ സമ്മതം  മൂളി

"ആട്ടെ എന്താണ്  ...നിന്റെ പുതിയ തീരുമാനങ്ങള്‍ , ......?" ഒരു അന്വേഷകന്‍റെ കൗതുകത്തോടെ  പയ്യന്‍സ് ചോദിച്ചു

"ഞാന്‍ അച്ചന്‍ പറഞ്ഞ പോലെ ചില തീരുമാനങ്ങള്‍  എടുക്കാന്‍ നിശ്ചയിച്ചു..." പയ്യത്തിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു

"ങ്ങാ ...പോരട്ടെ .....എന്തൊക്കെയാണ് എന്ന് കേള്‍ക്കട്ടെ " പയ്യന്‍സും പ്രോത്സാഹിപ്പിച്ചു

"ഈ വീട്ടിലെ പഴയത് എല്ലാം എടുത്ത് സാല്‍വേഷന്‍ ആര്‍മിക്കോ ,ഗുഡ്‌വില്ലിലോ കൊടുക്കുവാന്‍  പോകുവാ ...എന്നിട്ടു എല്ലാം പുതുതായി വാങ്ങിക്കും .....എന്റെ വീടിനു ഒരു പുതിയ ലുക് വേണം "  പയ്യത്തി തന്റെ മനസ് തുറന്നു

" കുട്ടത്തില്‍ ...നീ എന്നെയും എടുത്ത് കൊടുക്കുവോ ?" പയ്യന്‍സ് കളിയായി ചോദിച്ചു 

" അതിനു നിങ്ങളെ ആര്‍ക്കു വേണം ...റീസൈക്കിള്‍ ബിന്നില്‍ ഇട്ടാല്‍ പോലും അവര് കൊണ്ടുപോകില്ല .." പയ്യത്തിയുടെ ഉത്തരം പെട്ടെന്നായിരുന്നു

" ശോ ....ഇപ്പോഴാ ട്രാഷിന്റെ കാര്യം ഓര്‍ത്തതു ...." പയ്യന്‍സ് ചാടി എഴുന്നേറ്റു .ട്രാഷ് എടുക്കാന്‍ വണ്ടി വരുന്ന ദിവസമാണ് റീസൈക്കിള്‍ ബിന്നിന്റെ കാര്യം പറഞ്ഞപ്പോഴാണ് അതോര്‍ത്തത് . ട്രാഷ് ബിന്‍  റോഡില്‍ എടുത്തു വയ്ക്കാനായി  പയ്യന്‍സ് യാര്‍ഡിലേക്കു പോയി.അത് വച്ച്, തിരിച്ചു മുറിക്കുള്ളില്‍ കയറിയപ്പോള്‍ കാണുന്നത്    കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ണും നട്ട്  കീ ബോര്‍ഡില്‍ വിരലുകളും ചലിപ്പിച്ചു വിചാര വിലോലയായി ഇരിക്കുന്ന പയ്യത്തിയെ ആണ്.

"ഇന്നെന്നാ പതിവില്ലാതെ കമ്പ്യൂട്ടറില്‍" ഒന്ന് കളിയാക്കാനെന്ന മട്ടില്‍ പയ്യന്‍സ് ചോദിച്ചു

" ശ് ..ശ് ...ശല്യം ചെയ്യരുത് ,ഞാന്‍ ഓണ്‍ലൈന്‍ ഷോപ്പിങിലാ  ..." കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്ന് മുഖമുയര്‍ത്താതെ പയ്യത്തി പറഞ്ഞു

" ഹോ അടുക്കളയില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ...പുരോഗമനം ഉണ്ട് " ഒരു മുദ്രാവാക്യം വിളിക്കുന്ന സ്‌റ്റൈലില്‍ പയ്യന്‍സ് പറഞ്ഞു

അപ്പോഴാണ് കോട്ടുവായുമിട്ടുകൊണ്ടു മകന്‍ കോമളന്‍ എഴുന്നേറ്റു വന്നത്

"എടാ നിനക്കെന്നാ വേണ്ടത് ...? എന്ത് വേണേലും ചോദിച്ചോ ..നിന്റെ അപ്പനെന്ന ഈ പഴയ സാധനമൊഴിച്ചു ബാക്കി എല്ലാം എടുത്ത് പുറത്ത് കളയാന്‍ പോവ്വാ .."  വളരെ  ഔദാര്യമതിയായി പയ്യത്തി ചോദിച്ചു    

"എനിക്ക് ഒരു പുതിയ കാറ് വേണം .. ഐ ഹെയിറ്റ് അപ്പന്‍റെ പഴയ ടൊയോട്ട കാമ്രി .... ...ഇറ്റ് സ്റ്റിങ്ക്‌സ് ....അതില് കേറുമ്പോഴേ തന്നെ അപ്പന്റെ വൃത്തികെട്ട മണമാ ..." കോമളന്‍ മംഗ്ലീഷില്‍ തന്റെ ആവശ്യം അറിയിച്ചു .

"എടാ നിനക്കറിയാവോ ..ഇപ്പോഴും നമ്മുടെ കേരളത്തില്‍  മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറാണ് അത് ..അത്രേം വലുതല്ലല്ലോ നീ .." കാറിനെ പറ്റി പറഞ്ഞത് പയ്യന്‌സിനു തീരെ  പിടിച്ചില്ല

"അത് ശരിയാ ..അവന്റെ കാറ് പഴേതാണ് എപ്പോഴും റിപ്പേറുമാണ്  ...നോക്കട്ടെ നമുക്ക്  വേറെ വാങ്ങാം ... നീ സെര്‍ച്ച് ചെയ്യ് ....." വീണ്ടും ഔദാര്യമതിയായി പയ്യത്തി പറഞ്ഞു

"എടി ....കുമാരി ...നിനക്കൊന്നും വേണ്ടേ ? പയ്യത്തി ഓരോരുത്തരെയും വിളിച്ചു അവരവരുടെ ആവശ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി

"എനിക്ക് ഒരു ലിപ്സ്റ്റിക്ക് മതി .." ഉറക്കത്തിനിടയിലും അവള്‍ അവളുടെ ആവശ്യം വിളിച്ചു പറഞ്ഞു

വീണ്ടും വീണ്ടും പയ്യത്തി കമ്പ്യൂട്ടറില്‍ പുതിയ പുതിയ ഐറ്റംസ് തിരഞ്ഞു കൊണ്ടേ ഇരുന്നു പെട്ടെന്നാണ് വെള്ളി വെളിച്ചം പോലെ പയ്യത്തിയുടെ തലയില്‍ എന്തോ ഒരാലോചന  ഉദിച്ചത് 

"ദേ  മനുഷ്യ ...നമ്മുടെ ആ കൊച്ചില്ലേ .......കോമളന്റെ കൂട്ടുകാരന്‍ .അവന്‍ എന്തോ ഒരു കത്തിയുടെ കാര്യം പറഞ്ഞിരുന്നു ....ഇവിടെ ആണേല്‍ നല്ല ഒരു കത്തി പോലുമില്ല ..നാട്ടില്‍ നിന്ന് കൊണ്ടുവന്നത് മുഴുവന്‍ തുരുമ്പു പിടിച്ചിരിക്കുന്നു പുറത്തു കാണിക്കാന്‍ പോലും കൊള്ളില്ല ."

"ഒരു കത്തിയില്‍ എന്തിരിക്കുന്നു നീ ഒരെണ്ണം ആക്കേണ്ട അഞ്ചാറ് എണ്ണം മേടിക്കു...അത് കിട്ടിയാലെങ്കിലും  നിന്റെ 'ഈ കത്തി' കുറച്ചു കുറയുമല്ലോ ! " പറഞ്ഞു തീര്‍ന്നതും പയ്യത്തിക്കു സന്തോഷായി.

"ഈ ഒരു കാര്യത്തിലെങ്കിലും നിങ്ങള് മനസ്സ് തുറന്നല്ലോ ......ഞാന്‍ അവനെ വിളിക്കട്ടെ .." പയ്യത്തി ഫോണെടുത്ത് വിളിക്കാന്‍ തുടങ്ങി

"എടാ വാടാ ...കത്തിയൊക്കെ കാണട്ടെ ..അങ്കിള്‍ ഇവിടെയുണ്ട് ...".

പുറത്ത് ബെല്ലടി കേട്ടതും പയ്യത്തിക്കു സന്തോഷായി "മ്മടെ ...കോമളന്റെ കുട്ടുകാരനാ .." പയ്യത്തി സെക്യൂരിറ്റി ക്യാമറയുടെ സ്ക്രീനിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു
 
"വാടാ.... കേറിവാടാ ......." പയ്യത്തി സന്തോഷത്തോടെ കോമളന്റെ കൂട്ടുകാരനെ  സ്വീകരിച്ചു .നല്ല കോട്ടും സ്യൂട്ടുമിട്ടു വലിയ ഒരു സ്യൂട് കേസുമായി  സി ഐ ഡി മൂസയിലെ ക്യാപ്റ്റന്‍ രാജുവിനെപ്പോലെ കോമളന്റെ കൂട്ടുകാരന്‍ കയറി വന്നു .  കത്തിസാറിനെ രൂപവും ഭാവവും കണ്ടതോട് കുടി പയ്യന്‍സ് അപകടം മണത്തു .ഇത് പത്ത് ഡോളറിന്റെ കത്തിയല്ല ....'അതുക്കും മേലെ .....'പയ്യന്‍സ് മനസ്സില്‍ പറഞ്ഞു

"ഭാര്യേ  അഞ്ചാറ് കത്തി എന്നത് ഞാന്‍ പിന്‍വലിച്ചു ...... വെറുതെ പറഞ്ഞതാ ...ഒരെണ്ണം എടുത്തത് മതി " ഭാര്യയുടെ ചെവിയില്‍ മന്ത്രിക്കാന്‍ ശ്രമിച്ചു എങ്കിലും, പയ്യത്തി അതൊന്നും ശ്രദ്ധിക്കാനുള്ള ഭാവമേ ഇല്ലായിരുന്നു .പുതുവര്‍ഷ ഷോപ്പിങ്ങിന്റെ ത്രില്ലിലും കോമളന്റെ കൂട്ടുകാരന്റെ  കത്തി പ്രഭാഷണത്തിലും  എല്ലാം ഒലിച്ചു പോയി . അവന്റെ വാക്ചാതുര്യത്തില്‍ വീണു  പയ്യത്തി മുന്ന് കത്തി വാങ്ങിച്ചു മൊത്തം നാനൂറു ഡോളര്‍ !

"വിഷമിക്കേണ്ട അങ്കിള്‍ മുന്ന് തവണയായി കൊടുത്തത് മതി....." അവനും മംഗ്ലീഷില്‍ സാന്ത്വനിപ്പിച്ചു സി ഐ ഡി പെട്ടിയുമായി തിരിച്ചു പോയി  ..
 
" അങ്ങനെ ഐശ്വര്യമായി അടുക്കളയിലേക്കും പുതിയ ഒരെണ്ണം കിട്ടി.....ഐശ്വര്യം ആരംഭിക്കുന്നത് അടുക്കളയില്‍ നിന്നല്ലേ ? ." കൃതാര്‍ത്ഥതയോടെ പയ്യത്തി അടുക്കളയുടെ കൗണ്ടറില്‍ കത്തികള്‍ നിരത്തി വച്ച് അതിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ തുടങ്ങി

"അല്ല ..മുന്നൂറു രൂപക്ക് മിനിമം മുപ്പതു കത്തി എങ്കിലും വാങ്ങിക്കാം ..ഇതിപ്പോ .." പയ്യന്‍സ് തല ചൊറിഞ്ഞു കൊണ്ട് ഒരു സംശയം ചോദിച്ചു.

" ഇതേ അങ്ങനെ പരട്ട കത്തിയൊന്നും അല്ല .....എത്ര  തലമുറ വേണമെങ്കിലും കൈമാറാം " പയ്യത്തി അഭിമാന പുരസ്സരം കത്തിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു 

"എന്നാല്‍ പയ്യത്തി വഹ ..എന്ന് അതില്‍ കൊത്തിവയ്ക്ക് .....നൂറു തലമുറ നിന്നെ ഓര്‍ത്തിരിക്കും " പയ്യന്റെ പരിഹാസ സംസാരം പയ്യത്തി ഗൗനിച്ചതേ ഇല്ല .

 ഷോപ്പിങ്ങിന്റെ ആദ്യഘട്ടം പയ്യത്തി പൂര്‍ത്തിയാക്കിയെങ്കിലും വീണ്ടും കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് തന്നെ പയ്യത്തി പോയി പുതിയ പുതിയ ഡ്രസ്സ് ഡെക്കറേഷന്‍ ഐറ്റംസ് ,പാത്രങ്ങള്‍  തുടങ്ങി പുതുവര്‍ഷത്തിലെ ആദ്യ ദിവസ്സം മുഴുവന്‍ ഷോപ്പിംഗ് നടത്തി

" ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്ത് സുഖാല്ലേ  ..ഈ കുനു കുനാ  തണുപ്പത്ത് കടയില്‍ പോവണ്ട ..... ,പകുതി സാധങ്ങള്‍ക്കും ടാക്‌സ് കൊടുക്കേണ്ട ...ചുമന്നു നടക്കണ്ട ....ദിവസങ്ങള്‍ക്കകം വീട്ടില്‍ അവ  വരും...."  കമ്പ്യൂട്ടര്‍ ചെയറില്‍ നിവര്‍ന്നിരുന്നുകൊണ്ടു പയ്യത്തി നിശ്വസിച്ചു

ആ നിശ്വാസത്തിനു പക്ഷെ രണ്ടാഴ്ച പ്രായമേ ഉണ്ടായിരുന്നുള്ളു ...ക്രെഡിറ്റ് കാര്‍ഡിന്റെ സ്‌റ്റേറ്റ് മെന്‍റ്  വീട്ടില്‍ വരുന്നത് വരെ മാത്രം ....
ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പയ്യന്‍സ് നേരെ  കൊണ്ടുപോയി പയ്യത്തിയെ ഏല്പിച്ചു ...അതിലെ കൊടുക്കേണ്ട തുകയുടെ വലിപ്പം കണ്ടു പയ്യത്തി കണ്ണും മിഴിച്ചിരുന്നു

" ഇത് മുഴുവന്‍ ഈ മാസം അടക്കണോ ?" സ്‌റ്റേറ്റ്‌മെന്റില്‍ നിന്ന് കണ്ണെടുക്കാതെ പയ്യത്തി ചോദിച്ചു

" അടച്ചില്ലേല്‍ ഇരുപത്തേഴു ശതമാനമാണ് പലിശ " എരിതീയില്‍ അല്പം എണ്ണ കൂടി ആവട്ടെ എന്ന് പയ്യന്‍സും തീരുമാനിച്ചു

"എന്റെ കര്‍ത്താവേ  .....ഇനി ഈ കടം തീര്‍ക്കണമെങ്കില്‍ എത്ര ദിവസം ഓവര്‍ടൈം ചെയ്യണം ?" പരിഭവം പറയാനായി പയ്യത്തി കര്‍ത്താവിന്റെ രൂപത്തിലേക്ക്  നോക്കി
കര്‍ത്താവ്  അപ്പോഴും നിശ്ശബ്ദനായിരുന്നു........ പക്ഷെ, ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ ഒളിപ്പിച്ചിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക