Image

പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ സ്ഥാപിച്ച പഴക്കച്ചവടക്കാരന്‌ പദ്മശ്രീ

Published on 26 January, 2020
പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ സ്ഥാപിച്ച പഴക്കച്ചവടക്കാരന്‌ പദ്മശ്രീ

റഞ്ച് വില്‍പനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ സ്ഥാപിച്ച വലിയ മനസ്സിന് ഉടമ-ഹരകേള ഹജബ്ബ. 2020ലെ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ് ഈ കര്‍ണാടക സ്വദേശി. ഇരുപതു കൊല്ലത്തോളമായി വിദ്യാഭ്യാസത്തിന്റെ വെളിച്ചം പാവപ്പെട്ട കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം. 'അക്ഷര സാന്റാ' എന്നൊരു വിശേഷണം കൂടിയുണ്ട് അറുപത്തിനാലുകാരനായ ഹജബ്ബയ്ക്ക്. ദക്ഷിണ കന്നഡയിലെ മംഗളൂരുവിനു സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ. വീട് പുഴവെള്ളം കയറി മുങ്ങിയതിനു പിന്നാലെയാണ് മംഗളൂരു നഗരത്തിലൂടെ ഓറഞ്ച് കൊണ്ടുവന്നു വില്‍ക്കുന്ന ജോലി ഹജബ്ബ സ്വീകരിച്ചത്.


വിദ്യാഭ്യാസമില്ലാത്തതിന്റെ ബുദ്ധിമുട്ട് ആവോളം അനുഭവിച്ചയാളാണ്. അതുകൊണ്ടു തന്നെ ഇനിയാര്‍ക്കും അങ്ങനൊരു ഗതികേട് ഉണ്ടാവരുതെന്ന് ഹജബ്ബ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി 1999ല്‍ ആദ്യം സ്വദേശത്തെ മോസ്‌കില്‍ അദ്ദേഹം സ്‌കൂള്‍ ആരംഭിച്ചു. ഓറഞ്ച് വില്‍പനയില്‍നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ഇത്. പതിയെ പതിയെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. തുടര്‍ന്ന് സ്‌കൂള്‍ ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റി.


ന്യൂപഡുപ്പുവില്‍ ഒരു സ്‌കൂളിന്റെ ആവശ്യമുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്താന്‍ അശ്രാന്ത പരിശ്രമം നടത്തി. ഒടുവില്‍ തന്റെ ശ്രമത്തില്‍ വിജയിച്ചു, സ്‌കൂള്‍ നിര്‍മാണത്തിനായി കുറച്ച്‌ ഭൂമി അനുവദിക്കപ്പെട്ടു.

അങ്ങനെ 2004 നവംബര്‍ 14ന് ന്യൂപഡുപു ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍- ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയര്‍ പ്രൈമറി സ്‌കൂള്‍ നിലവില്‍ വന്നു. 125 വിദ്യാര്‍ഥികളും നാല് അധ്യാപകരുമായിരുന്നു അന്ന് അവിടുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കഥമാറി... സ്‌കൂളും വിദ്യാര്‍ഥികളുടെ സംഖ്യയും വലുതായി. സ്‌കൂള്‍ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഹജബ്ബ.

തന്റെ ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ച്‌ പറയുന്നത് ഇങ്ങനെ. ഒരിക്കല്‍ വിദേശികളായ ദമ്ബതികള്‍ എന്നോട് ഓറഞ്ചിന്റെ വില ചോദിച്ചു. എനിക്ക് ആകെ മനസിലാകുന്നത് തുളുവും ബ്യാരി ഭാഷയും മാത്രമാണ്. വാക്കുകള്‍ കിട്ടാതെ ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കിനിന്നു. അവര്‍ പോകുകയും ചെയ്തു. ഇങ്ങനൊരു അവസ്ഥ എന്റെ ഭാവിതലമുറയ്ക്ക് ഉണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു- വ്യക്തമാക്കുന്നു. തുടര്‍ന്ന് ഹജബ്ബ സ്വയം പഠിക്കാനും കോളനിയിലെ മറ്റു കുട്ടികളെ പഠിപ്പിക്കാനും ആരംഭിക്കുകയായിരുന്നു.


സ്വന്തമായി നല്ലൊരു വീടുപോലും ഇല്ലാത്തയാളാണ്. അന്യര്‍ക്കായി ജീവിക്കുന്ന മനുഷ്യന്‍ എന്ന് നിസംശയം പറയാം. ഹജബ്ബയുടെ ജീവിത ചരിത്രം മംഗളൂരു സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. 'ഹജബ്ബ ജീവന ചരിത്ര' എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന പുസ്തകത്തിന്റെ ഒരുഭാഗമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക