Image

CAA യ്ക്കെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാനയും...

Published on 26 January, 2020
CAA യ്ക്കെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാനയും...

ഹൈദരാബാദ്: കേരളത്തിന്‌ പിന്നാലെ CAA യ്ക്കെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാനയും. കേരളത്തെക്കൂടാതെ, കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനുമാണ് CAA യ്ക്കെതിരെ ഇതിനോടകം പ്രമേയം പാസാക്കിയത്.

വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമം (CAA) തിനെതിരായ പ്രമേയം പാസാക്കാനാണ് തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. CAA ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക സമ്മേളനവും സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കും. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.


പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ തീരുമാനമാണെന്ന് കെ ചന്ദ്രശേഖര്‍ റാവു ചൂണ്ടിക്കാട്ടി. ഇന്ത്യ ജനങ്ങളുടെ രാജ്യമാണ് മതങ്ങളുടേതല്ല, ഒരു വിഭാഗം ജനങ്ങള്‍ക്ക് എതിരായിട്ടുള്ള ഒരു നിയമത്തേയും യാതൊരു വിധത്തിലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കൂടാതെ, രാജ്യത്തെ 16 ഓളം മുഖ്യമന്ത്രിമാരുമായി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ സംസാരിച്ചു. അവരില്‍ ചിലര്‍ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. അവരെല്ലാം ആശങ്കാകുലരാണെന്നും കെസിആര്‍ ചൂണ്ടിക്കാണിക്കാട്ടി. വരും മാസങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാരെയും വിളിച്ചുചേര്‍ത്ത് ഹൈദരാബാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ കഴിയില്ല. നമ്മുടേത്‌ ഒരു മതേതര രാജ്യമാണ്. ഈ രാജ്യം എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. നമ്മള്‍ മതനിരപേക്ഷരായി തുടരണം, അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക