Image

ഭാര്യ ഹിന്ദു, താന്‍ മുസല്‍മാന്‍, മക്കള്‍ ഹിന്ദുസ്ഥാന്‍, ഇന്ത്യയാണ് മതം! ചര്‍ച്ചയായി ഷാരൂഖ് ഖാന്റെ പ്രതികരണം

Published on 26 January, 2020
ഭാര്യ ഹിന്ദു, താന്‍ മുസല്‍മാന്‍, മക്കള്‍ ഹിന്ദുസ്ഥാന്‍, ഇന്ത്യയാണ് മതം! ചര്‍ച്ചയായി ഷാരൂഖ് ഖാന്റെ പ്രതികരണം

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ വലിയ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക് ദിനമായ ഇന്നും പ്രതിഷേധ സമരങ്ങള്‍ക്ക് അയവില്ല. ബോളിവുഡ് സിനിമാ രംഗത്ത് നിന്ന് നിരവധി പ്രമുഖര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍ അടക്കമുളളവര്‍ പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുകയുണ്ടായി.


അതിനിടെ മതവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുകയാണ്. തങ്ങള്‍ക്ക് മതമില്ലെന്നും ഇന്ത്യക്കാരാണ് എന്നുമാണ് ഷാരൂഖ് പറഞ്ഞത്. സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഷാരൂഖിന്റെ പ്രതികരണം.


''ഹിന്ദു-മുസ്ലീം എന്നത് തന്റെ വീട്ടില്‍ ഒരിക്കലും സംസാര വിഷയമായിട്ടില്ല. എന്റെ ഭാര്യ ഒരു ഹിന്ദുവാണ്. താന്‍ ഒരു മുസല്‍മാനാണ്. തങ്ങളുടെ മക്കള്‍ ഹിന്ദുസ്ഥാനാണ്'' ഷാരൂഖ് ഖാന്‍ പറഞ്ഞു. ''മക്കള്‍ സ്‌കൂളില്‍ പോകുമ്ബോള്‍ അവര്‍ക്ക് തങ്ങളുടെ മതം ഏതാണെന്ന് എഴുതേണ്ടതായി വന്നു. ഒരിക്കല്‍ മകള്‍ തന്നോട് വന്ന് ചോദിച്ചു എതാണ് നമ്മുടെ മതം എന്ന്. താന്‍ അവളുടെ അപേക്ഷാ ഫോമില്‍ ഇന്ത്യന്‍ എന്ന് എഴുതി. നമ്മുടെ മതം ഇന്ത്യ ആണെന്നും മറ്റൊരു മതമില്ലെന്നും അവളോട് പറഞ്ഞു'' ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. കയ്യടികളോടെയാണ് ഷാരൂഖിന്റെ വാക്കുകള്‍ സ്വീകരിക്കപ്പെട്ടത്.


നേരത്തെയും മതത്തെ കുറിച്ചുളള ഷാരൂഖിന്റെ വാക്കുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ച് നേരം നിസ്‌കരിക്കുന്ന തരത്തിലുളള മുസല്‍മാനല്ല താനെന്നും എന്നാല്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നുവെന്നും ഷാരൂഖ് പറയുകയുണ്ടായി. മതേതരമായാണ് മകള്‍ക്ക് സുഹാന എന്നും മകന് ആര്യന്‍ എന്നും പേരിട്ടത് എന്നും ഷാരൂഖ് ഒരിക്കല്‍ പറഞ്ഞിരുന്നു. മതം വലിയ ചര്‍ച്ചാ വിഷയമാകുന്ന കാലത്ത് ഷാരൂഖിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക