Image

കൊറോണ വൈറസ്: കേരളത്തിലെ ഞണ്ടു വിപണി തകര്‍ച്ചയില്‍

Published on 26 January, 2020
കൊറോണ വൈറസ്: കേരളത്തിലെ ഞണ്ടു വിപണി തകര്‍ച്ചയില്‍
വൈപ്പിന്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്നു ചൈനയില്‍  ഉടലെടുത്ത പ്രതിസന്ധി  കേരളത്തിലെ  ഞണ്ടുവിപണിയില്‍ പ്രതിഫലിച്ചു തുടങ്ങി. ചൈനീസ് വിപണിയില്‍  വന്‍പ്രിയമുള്ള  ഞണ്ട് ഇനമായ ആര്‍ എഫ് (റെഡ് ഫീമെയില്‍) എടുക്കുന്നതു  മൊത്തക്കച്ചവടക്കാര്‍  ഇന്നലെ മുതല്‍  നിര്‍ത്തി. ഇതോടെ പ്രാദേശികവിപണിയില്‍ ഞണ്ട് കെട്ടിക്കിടക്കുന്ന  അവസ്ഥയായി. സിംഗപ്പൂര്‍, മലേഷ്യതുടങ്ങിയ രാജ്യങ്ങളില്‍ ഡിമാന്‍ഡുള്ള  മറ്റിനം  ഞണ്ടുകള്‍  എടുക്കുന്ന കാര്യത്തിലും മൊത്തക്കച്ചവടക്കാര്‍ ഉറപ്പു  പറയുന്നില്ലെന്നു  പ്രദേശികമായി  ഞണ്ടു ശേഖരിക്കുന്നവര്‍ പറയുന്നു.   ഈ സ്ഥിതി  തുടര്‍ന്നാല്‍ ഈയിനം ! ഞണ്ടും കെട്ടിക്കിടക്കുമെന്നാണ്  കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും  ആശങ്ക.

മറ്റിനം ഞണ്ടുകളും ഇന്ത്യയില്‍ നിന്നു  കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും നാട്ടില്‍  'ചുവപ്പുകാലന്‍'  എന്നറിയപ്പെടുന്ന റെഡ് ഫീമെയില്‍  ഞണ്ടുകള്‍ക്കു ചൈനയില്‍ വലിയ പ്രിയമാണ്.  മറ്റു ഞണ്ടുകള്‍ ഭക്ഷ്യ ആവശ്യങ്ങള്‍ക്കാണു കൂടുതല്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത്തരം ഞണ്ടുകള്‍  ചൈനയില്‍ പ്രജനനത്തിനായാണു കൂടുതല്‍ ഉപയോഗിക്കുന്നത്. 'പൊന്ന്' എന്നു നാട്ടിന്‍പുറങ്ങളില്‍  അറിയപ്പെടുന്ന മുട്ടയുടെ   സാന്നിധ്യം ഇത്തരം ഞണ്ടുകളില്‍  കൂടുതലായതിനാല്‍ വന്‍തോതില്‍  കുഞ്ഞുങ്ങളെ  ഉല്‍പാദിപ്പിക്കാന്‍  കഴിയും. മാംസസമ്പന്നമായ വിവിധ വിഭാഗം മഡ്  ഞണ്ടുകള്‍ക്കു  സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലാണു പ്രിയം.

ഈ വിപണികളില്‍ ഇപ്പോള്‍  പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും  രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ സ്വീകരിച്ചേക്കാവുന്ന മുന്‍കരുതലുകള്‍ തിരിച്ചടിയാവുമോയെന്ന ആശങ്ക ശക്തമാണ്. മറ്റു മത്സ്യവിഭവങ്ങളില്‍നിന്നു വ്യത്യസ്തമായി ജീവനോടെ  കയറ്റുമതി ചെയ്യുന്നവയാണു ഞണ്ടുകളെന്നതിനാല്‍  രോഗബാധയുമായി  ബന്ധപ്പെട്ട  പരിശോധനകളും  നിബന്ധനകളും കൂടുതല്‍ കര്‍ശനമാകാനുള്ള സാധ്യതയുമുണ്ട്. വിപണിയില്‍ അനിശ്ചിതത്വത്തിനുള്ള  സാധ്യതകളെക്കുറിച്ചു  മൊത്തവ്യാപാരികള്‍ 2 ദിവസം മുന്‍പേ പ്രാദേശികകച്ചവടക്കാര്‍ക്കു സൂചന നല്‍കിയിരുന്നു. എന്നാല്‍  ഇന്നലെ രാവിലെയാണു  ഞണ്ട്  എടുക്കുന്നില്ലെന്നുള്ള  അറിയിപ്പു പല വ്യാപാരികള്‍ക്കും  ലഭിച്ചത്.

അതിനിടയില്‍  തൊഴിലാളികളില്‍നിന്നും ചെമ്മീന്‍കെട്ടുകള്‍, ഞണ്ടു വളര്‍ത്തല്‍  കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുമെത്തിയ ഞണ്ട് പല വ്യാപാരികളും  സംഭരിച്ചിരുന്നു. ഈ സ്റ്റോക്ക് എന്തുചെയ്യുമെന്നറിയാത്ത   പ്രതിസന്ധിയിലാണ് ഇവര്‍. കയറ്റിപ്പോകില്ലെന്നു  വ്യക്തമായതോടെ  ഇന്നലെ ആര്‍ എഫ് ഞണ്ടുകള്‍  കുറഞ്ഞതോതിലാണെങ്കിലും പ്രാദേശിക വിപണിയില്‍ വില്‍പനയ്‌ക്കെത്തി. ഞണ്ടിനു  വില  ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സമയത്തു തന്നെയാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തതെന്നതു സംരംഭകര്‍ക്കു വന്‍ തിരിച്ചടിയായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക