Image

വിവാഹ സംഘത്തിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു; വരനും സംഘവും പെരുവഴിയില്‍, ഒടുവില്‍ സമയംതെറ്റി താലികെട്ട്

Published on 26 January, 2020
വിവാഹ സംഘത്തിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു; വരനും സംഘവും പെരുവഴിയില്‍, ഒടുവില്‍ സമയംതെറ്റി താലികെട്ട്


നെടുങ്കണ്ടം: വിവാഹനിശ്ചയത്തിനു പോകാന്‍ വരന്‍ സഞ്ചരിച്ച വാഹനം മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. ഇതോടെ വരനും കൂട്ടരും  അരമണിക്കൂര്‍ പെരുവഴിയിലായി. നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തവും തെറ്റി. മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണു വാഹനം തടഞ്ഞത്.

എഴുകുംവയല്‍ സ്വദേശിയായ യുവാവിന്റെയും രാജാക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെയും വിവാഹനിശ്ചയം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 11.30നാണ് നിശ്ചയിച്ചിരുന്നത്. എഴുകുംവയലില്‍നിന്നു യാത്ര ആരംഭിച്ച് കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് മൈലാടുംപാറയില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് വാഹനം തടഞ്ഞത്. വരന്‍ സഞ്ചരിച്ച വാഹനം കള്ള ടാക്സിയായതിനാലാണ് പിടികൂടിയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. വിവാഹച്ചടങ്ങുകള്‍ക്കു കള്ള ടാക്സി ഉപയോഗിക്കുന്നതായി പരാതികളുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വരന്‍ സഞ്ചരിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന്റെ സുഹൃത്തും സമീപവാസിയുമായ വ്യക്തിയുടേതായിരുന്നു. വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. അരമണിക്കൂര്‍ വിവാഹസംഘം വഴിയില്‍ കുടുങ്ങി. 11.50നാണ് സംഘത്തിന് ദേവാലയത്തില്‍ എത്താന്‍ കഴിഞ്ഞത്. വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 6,000 രൂപ പിഴയിട്ടു.
എന്നാല്‍, ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയായിരുന്നെന്നും ഈ സമയം അതുവഴി കടന്നുപോയ മറ്റു വാഹനങ്ങളൊന്നും പരിശോധിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക