Image

യുകെയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ആയി

Published on 27 January, 2020
യുകെയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ആയി
ലണ്ടന്‍: യുകെയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. രോഗം ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിത്തുടങ്ങി.

രോഗബാധ സംശയിക്കപ്പെടുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ ജിപികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്വാസകോശം വഴി വൈറസ് പുറത്തുവരാന്‍ സാധ്യതയുള്ളതിനാല്‍ മൃതദേഹങ്ങള്‍ സീല്‍ ചെയ്ത ബാഗിലേക്കു മാറ്റണമെന്നാണു നിര്‍ദേശം. ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഫുള്‍ ഫെയ്‌സ് വൈസറുകള്‍ ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പാരീസില്‍ രണ്ടു പേര്‍ക്കും ബോര്‍ഡോക്‌സില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകമാനം ഇപ്പോള്‍ രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ 56 പേര്‍ മരിച്ചു.

ഏകദേശം 90 ഓളം ജര്‍മന്‍ പൗരന്മാര്‍ വുഹാനില്‍ താമസിക്കുന്നുണ്ട്. ഇവര്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസുമായി ദിവസങ്ങളായി നിരന്തരം ബന്ധപ്പെടുന്നു. എന്നാല്‍ ഇവര്‍ക്ക് രോഗം ബാധിച്ചതായി ഇപ്പോള്‍ തെളിവുകളൊന്നുമില്ലതാനും. വുഹാനിലെ ജര്‍മന്‍കാര്‍ നാട്ടിലേയ്ക്കു വരാനുള്ള ധൃതിയിലാണന്ന് ഫെഡറല്‍ ഫോറിന്‍ ഓഫീസ് വക്താവ് പറഞ്ഞു. എല്ലാ ഓപ്ഷനുകളും തീവ്രമായി പരിശോധിച്ചതിനു ശേഷമേ അവരെ ഇങ്ങോട്ടേയ്ക്ക് അയക്കു. തിരിച്ചയക്കാനുള്ള ഓപ്ഷനും തീവ്രമായി പരിശോധിക്കുന്നുണ്ട്. എന്നാല്‍ ജര്‍മനിയില്‍ ഇതുവരെ രോഗം എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ റിട്ടേണ്‍ കാന്പയിനുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇതിനിടെ രോഗത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ ലോക ആരോഗ്യ സംഘടന പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക,രോഗ ബാധിതര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാതിരിക്കുക,തിരക്കുള്ള പ്രദേശങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മുഖത്ത് മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കരങ്ങള്‍ വൃത്തിയായി കഴുകുക (20 സെക്കന്റ് നേരമെങ്കിലും കൈകള്‍ കഴുകണം),കൈകള്‍ കൊണ്ട് കണ്ണ് മൂക്ക് എന്നീ ശരീര ഭാഗങ്ങള്‍ സ്പ4ശിക്കാതിരിക്കുക, ശുചിത്വമില്ലാത്ത ചന്ത സ്ഥലങ്ങളില്‍ നിന്നും, ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, മറ്റുള്ളവരോ / സ്വന്തമായോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒരു തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക, അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, അധിക മസാലയുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക, വൈറ്റമിന്‍ സി ലഭ്യമാകുന്ന പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക, പരിസര ശുചിത്വത്തിലും വ്യക്തി ശുചിത്വത്തിലും ശ്രദ്ധിക്കുക, പനി, ചുമ, തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികില്‍സിക്കാതെ എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം തേടുക തുടങ്ങിയ കാര്യങ്ങളില്‍ ബോധവല്‍ക്കരണം വേണമെന്ന് അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക