Image

മുറിഞ്ഞു പോയ ചൂണ്ടുവിരല്‍

Published on 27 January, 2020
മുറിഞ്ഞു പോയ ചൂണ്ടുവിരല്‍
ഭൂതകാലത്തിന്റെ അസ്തമിക്കാത്ത സന്ധ്യകളില്‍ നിന്നും നോവിന്റെയും വ്യഥയുടെയും ഏടുകള്‍ ചീന്തിയെടുത്താണ് അരുണിന്റെ കവിത നമ്മോടു സംവദിക്കുന്നത്. ആ വരികളങ്ങനെ വായനക്കാരനിലും നോവുണര്‍ത്തുന്നു. വര്‍ത്തമാനകാല സാമൂഹ്യചുറ്റുപാടുകള്‍ വേറൊരു വീക്ഷണകോണിലൂടെ നമ്മിലെത്തിക്കുകയാണ് കവി.
വ്യഥയുടെ നോവില്‍ വിരിയുന്ന അനിര്‍വചനീയതയില്‍ സ്വയം വെന്തുരുകി സ്ഫുടം ചെയ്‌തെടുക്കപ്പെട്ടവയാണ് ഈ പുസ്തകത്തിലെ കവിതകള്‍.  വാക്കുകളെ സംഗീതസാന്ദ്രമാക്കുന്നതും സൗന്ദര്യമുള്ളതാക്കുന്നതുമായ കലയാണ് കവിത. ഹൃദയാഴങ്ങളില്‍ നിന്നൊഴുകി ഹൃദയങ്ങളിലേക്ക് പ്രവഹിക്കുന്ന നദിയായി മാറണം കവിത. ഈ പുസ്തകത്തിലൂടെ അരുണിന്റെ കവിതകള്‍ അങ്ങനെയൊരു നദിയായി വായനക്കാരുടെ ഹൃദയത്തിലേക്കൊഴുകി എത്തുകയാണ്...

ആധുനിക ജീവിത ബന്ധങ്ങളിലെ പൊള്ളത്തരങ്ങളും സങ്കീര്‍ണതകളുമാണ് കവിതകളില്‍. വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരോട്, സ്‌നേഹിക്കുന്നവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇരുട്ടിലേക്ക് വലിച്ചെറിയുന്നവരോട്, നിലനില്പിന് വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തിലും ജീവിതത്തിലും മുറിവ് വീഴ്ത്തുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു ഈ കവിതകള്‍.

ഈ പുസ്തകത്തില്‍  മരണവും സ്വപ്നങ്ങളും പ്രണയവുമെല്ലാം  പുതുവഴികളിലൂടെ നമ്മളെയും കൈപിടിച്ചു നടത്തുന്നുണ്ട്...  അമ്പരപ്പിക്കുന്നുണ്ട്... വ്യത്യസ്തമായ 43 പ്രമേയങ്ങളും അവതരണശൈലിയുമായി പുതുകവിതക്കാലത്തിലേക്ക് അരുണും നടന്നു കയറുന്നു.

   "തായ് വേരറുക്കപ്പെട്ട ചെടിയുടെ
    ചോരത്തുടിപ്പുകളില്‍ ബലിയിട്ട്
       സൂര്യകിരണങ്ങളേറ്റു വാങ്ങിയ
      ചില്ലകള്‍ അഴിച്ചു വെച്ച്
        ഉതിര്‍ന്നു വീഴുന്ന
        ഇലകളോടൊപ്പം
        ഒരു തിരിച്ചു പോക്ക് ... "

മുറിഞ്ഞു പോയ ചൂണ്ടുവിരല്‍   അരുണ്‍ മാത്യു
(കവിതാസമാഹാരം)
വില  80 രൂപ
പ്രസാധനം  ഭാഷാ ബുക്ക്‌സ്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക