Image

മാധവന്‍ നായര്‍: ബെസ്റ്റ് ട്രാന്‍സ്അറ്റ്‌ലാന്റിക് ലീഡര്‍, തമ്പി ജോസ് 'കര്‍മശ്രേഷ്ഠ' പുരസ്‌ക്കാരം

Published on 29 January, 2020
മാധവന്‍ നായര്‍: ബെസ്റ്റ് ട്രാന്‍സ്അറ്റ്‌ലാന്റിക് ലീഡര്‍, തമ്പി ജോസ് 'കര്‍മശ്രേഷ്ഠ' പുരസ്‌ക്കാരം
ലണ്ടന്‍: ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്‌ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ 'ആദരസന്ധ്യ 2020' നോടനുബന്ധിച്ചു പ്രഖ്യാപിച്ച 10 പുരസ്‌കാര ജേതാക്കളില്‍ മാധവന്‍ നായര്‍ ബെസ്റ്റ് ട്രാന്‍സ്അറ്റ്‌ലാന്റിക് ലീഡറായും തമ്പി ജോസ് 'കര്‍മശ്രേഷ്ഠ' പുരസ്‌കാരത്തിനും അര്‍ഹനായി.

ഫെബ്രുവരി ഒന്നിനു (ശനി) നടക്കുന്ന 'യുക്മ ആദരസന്ധ്യ 2020'നോടനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കും.

മാധവന്‍ നായര്‍

യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്‌ലാന്റിക് ലീഡര്‍ പുരസ്‌ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

ന്യൂജേഴ്സിയിലെ അറിയപ്പെടുന്ന സാംഘടനാ പ്രവര്‍ത്തകനും ബിസിനസുകാരനും കൂടിയാണ് മാധവന്‍ നായര്‍. വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന മാധവന്‍ നായര്‍ക്ക് ഓരോ വിഷയത്തിലും ഉള്ള നിലപാട് ഫൊക്കാനയ്ക്കു വേണ്ടിയും അമേരിക്കന്‍ - കേരളീയ മലയാളി സമൂഹത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയാണ്.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പൂനൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനേജുമെന്റില്‍ ബിരുദവും പെന്‍സല്‍വാനിയ അമേരിക്കന്‍ കോളജില്‍നിന്ന് ഫിനാന്‍സില്‍ ബിരുദവും നേടിയ ശേഷം 2005 ല്‍ ന്യൂ ജേഴ്സി ആസ്ഥാനമായി ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും, എം ബി എന്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്‍സിഉടമയുമാണ്.

തമ്പി ജോസ്

യുകെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിതു വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് തമ്പി ജോസിനെ (ലിവര്‍പൂള്‍) 'കര്‍മശ്രേഷ്ഠ' പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

തമ്പി ജോസിനു യുക്മ കൊടുക്കുന്ന അവാര്‍ഡ് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
2000 ത്തോടുകൂടി ബ്രിട്ടണിലെ നഴ്‌സിംഗ് മേഖലയില്‍ ഉണ്ടായ കുടിയേറ്റത്തിനൊപ്പം എത്തിയ ആളുകളെ സഹായിക്കുന്നതില്‍ അദ്ദേഹം നടത്തിയിട്ടുള്ള നിസ്തുലമായ സേവനം പകരം വയ്ക്കാനില്ലാത്തതാണ്. മലയാളികളെ സംഘടിപ്പിക്കുന്നതിനും അവരെ തദ്ദേശീയ സമൂഹവുമായി ചേര്‍ത്ത് നിര്‍ത്തുന്നതിനും അദ്ദേഹം മുന്‍കൈ എടുത്ത് ഏറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും മികച്ച മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ ലിംകയ്ക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡന്റ് ആയി തുടക്കം ഇട്ടതാണ്. ഒട്ടേറെ കുട്ടികള്‍ക്ക് അവസരം ലഭിച്ച എല്ലാ വര്‍ഷവും ലിംക നടത്തുന്ന ചില്‍ഡ്രണ്‍സ് ഫെസ്റ്റിവല്‍, മലയാളം പുസ്തകങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിട്ട ലൈബ്രറി എന്നിവ യുകെയിലെമ്പാടും സംഘടനകള്‍ക്ക് മാതൃകയാണ്. നിലവില്‍ ലിംകയുടെ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പോലീസ് കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി മലയാളികള്‍ക്ക് കൃത്യമായ നിയമോപദേശം നല്‍കുന്നതിനും തമ്പി ജോസിന് കഴിഞ്ഞിട്ടുണ്ട്. ലിവര്‍പൂള്‍ വാള്‍ട്ടന്‍ ബ്ലെസ്ഡ് സെക്കര്‍മെന്റ് ഹൈസ്‌കൂളിന്റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തി 2014ല്‍ ലിവര്‍പൂള്‍ മലയാളി പൗരാവലി വലിയൊരു സ്വീകരണം തന്നെ സംഘടിപ്പിച്ചിരുന്നു.

കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ്, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദവും കേരളാ യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസില്‍ നിന്നും ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളജില്‍ നിന്നും എല്‍എല്‍ബിയും പഠിച്ചതിനു ശേഷം സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് യുകെയിലേക്ക് കുടിയേറിയത്. ലിവര്‍പൂള്‍ ജോണ്‍മൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ സ്വന്തമാക്കിയ അദ്ദേഹം, ഇപ്പോള്‍ മേഴ്‌സി റെയില്‍വേയില്‍ ഓഫീസറായി ജോലി ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ മാനിച്ച് നിരവധി തവണ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. സെര്‍കോ ഗ്ലോബല്‍ അവാര്‍ഡ്, പള്‍സ് ഡിവിഷണല്‍ അവാര്‍ഡ്, അക്കാദമി അംബാസിഡര്‍ അവാര്‍ഡ് എന്നിവ അവയില്‍ ഏതാനും മാത്രം.

നിലവില്‍ യുക്മ ദേശീയ ഉപദേശകസമിതി അംഗമായ അദ്ദേഹം നാഷണല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, നഴ്‌സസ് ഫോറം ലീഗല്‍ അഡൈ്വസര്‍, സാംസ്‌ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക