Image

ആ വീട്ടുകാരെ കാത്തിരിപ്പാണ് ഈ ഓരോ കെട്ടിടവും, അവരുടെ സ്വന്തം 'വീടുകളാകാന്‍'!

അനില്‍ പെണ്ണുക്കര Published on 29 January, 2020
ആ വീട്ടുകാരെ കാത്തിരിപ്പാണ് ഈ ഓരോ കെട്ടിടവും, അവരുടെ സ്വന്തം 'വീടുകളാകാന്‍'!
2018 ആഗസ്റ്റിലെ 15
കേരളത്തെ പ്രളയക്കെടുതിയില്‍ മുക്കിയ ദിവസം. അന്ന് മുതല്‍ ഇന്നുവരെ നമ്മള്‍ ഒരു നിമിഷമെങ്കിലും ഓര്‍മ്മിക്കുന്ന ദിവസം. ആ മാസം നമ്മളാരും ലോകത്തിന്റെ ഒരു കോണിലും ഉറങ്ങാതെ നമ്മുടെ സഹോദരങ്ങള്‍ക്കായി കാത്തിരുന്നത് ഓര്‍മ്മിക്കുന്നുവോ?

നമ്മുടെ ഓരോ പ്രൊഫൈലും ഒരു ഹെല്‍പ് ലൈന്‍ ആയി ജീവിച്ച ദിവസങ്ങള്‍. കേരളത്തിനെ ആകെമൊത്തം കഴുകിയെടുത്ത പ്രളയദിനങ്ങള്‍. അന്ന് ഒത്തു ചേര്‍ന്ന കുറേപ്പേരുണ്ട്, വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴും അവര്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു - എന്തിനാണ് ഇനിയും ഞങ്ങളെ ഈ വെള്ളത്തില്‍ നിര്‍ത്തിയിരിക്കുന്നത് എന്നവര്‍ ചോദിക്കുന്നുമുണ്ട്!

വെള്ളം താഴ്ന്നു കഴിഞ്ഞപ്പോള്‍ ആണ് പലര്‍ക്കും തിരികെപ്പോകാന്‍ കിടപ്പാടം പോലും ഇല്ലായെന്ന അവസ്ഥ അറിയുന്നത്. വെള്ളത്തിനൊപ്പം ഒലിച്ചുപോയത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മണ്ണും കൂട്ടിവെച്ച പൊന്നുമൊക്കെയായിരുന്നു. നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി ദുരിതാശ്വാസ ദ്ധതികളുടെ ഫലങ്ങള്‍ ഒന്നും കിട്ടാതെ പോയേക്കാമായിരുന്നവര്‍.

രമ്യ, ജീന, ജോജി, ആര്‍ഷ
ഇവര്‍ നാല് കമ്പ്യുട്ടര്‍ എന്‍ജിനീയര്‍മാര്‍. അമേരിക്കയിലും കാനഡയിലുമായിരുന്ന് പ്രളയകാലത്തെ കേരളത്തിന്റെ കണ്ണീരിലൂടെ കടന്നു പോയവരായിരുന്നു അവരും. ഇവര്‍ രാഷ്ട്രീയവും, മതവും ഒന്നും കൂട്ടിക്കുഴക്കാതെ സഹജീവികള്‍ക്ക് താങ്ങാവാനുള്ള ആഗ്രഹത്തോടെ 'kerala ReLife - കേരള റീലൈഫ് എന്നൊരു പലതുള്ളി പെരുവെള്ളം പദ്ധതി ആലോചിച്ചത് ആ പ്രളയക്കാലത്താണ്. ഇടുക്കിയില്‍ എല്ലാം നഷ്ടപ്പെട്ട ചില ജീവിതങ്ങളെക്കുറിച്ചു കേട്ടപ്പോള്‍ അവരെ എങ്ങനേയും സഹായിക്കണം എന്ന് ഇവര്‍ ആലോചിച്ചു തുടങ്ങുകയായിരുന്നു ..

അങ്ങനെ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി പരിചയപ്പെട്ട ഒരാള്‍ ആണ് ഫാദര്‍ ജിജോ കുര്യന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നിരുന്നതിനാല്‍ വെള്ളപ്പൊക്ക സമയത്ത് ഇടുക്കി മേഖലയിലെ ഏറ്റവും കൂടുതല്‍ ആശയവിനിമയങ്ങള്‍ നടന്നത് അദ്ദേഹവുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു പാവങ്ങള്‍ക്കായി ഒരു മോഡല്‍ കമ്മ്യൂണിറ്റി രൂപീകരിക്കുക എന്നത്. അങ്ങനെ Kerala Relife അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു .

അങ്ങനെയാണ് 'പുനര്‍ജനി 'രൂപം കൊള്ളുന്നത് . ഇടുക്കിയിലെ ഉരുള്‍പൊട്ടലില്‍ ഭൂമിയും, വീടും നഷ്ടപ്പെട്ട പട്ടയരഹിതരായ കുടുംബങ്ങള്‍ക്ക് വീട് വെച്ചുകൊടുക്കുകയും അതില്‍ ഉള്‍പ്പെട്ട 7 കുടുംബങ്ങളെയും ചേര്‍ത്തു, ഫാദര്‍ ജിജോ കുര്യന്‍ പേട്രണ്‍ ആയി ഒരു സൊസൈറ്റി രൂപീകരിക്കുകയും ആയിരുന്നു പുനര്‍ജ്ജനിയുടെ ആശയം. അദ്ദേഹമാണ് ഏറ്റവും അനുയോജ്യരായ 7 കുടുംബങ്ങളെ ഈ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയതും.

നന്മ എന്നത് ലോകത്തിലെല്ലായിടത്തും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് - കൊടുക്കുംതോറും വര്‍ദ്ധിക്കുന്ന ഒന്ന്! അതിന് വലിയ ഉദാഹരങ്ങളാണ് ഈ കുടുംബാംങ്ങളെക്കുറിച്ചു കേട്ടതിനെത്തുടര്‍ന്നു വീടുകള്‍ വെയ്ക്കാനുള്ള സ്ഥലം ഇഷ്ടദാനമായി നല്‍കിയ കോട്ടയം സ്വദേശികള്‍, ഒരു ലാഭേച്ഛയും കൂടാതെ ഇതിന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ച ടോമിച്ചന്‍ തോമസ്, ബാങ്കിങ് സഹായങ്ങള്‍ ചെയ്തു തന്ന സജിമോന്‍ ജോസഫ്, കുടുംബങ്ങളെ തിരഞ്ഞെടുക്കാന്‍ സഹായിച്ച ബിനോയ് അഗസ്റ്റിന്‍, പുനര്‍ജനിക്ക് ആവശ്യമായ എല്ലാ സഹായത്തിനും ക്ഷമയോടെ ഒപ്പം നിന്ന മിത്രാനികേതനിലെ ജോസഫ് മൈക്കല്‍, എപ്പോളും അത്യാവശ്യങ്ങള്‍ അറിഞ്ഞു സഹായങ്ങള്‍ എത്തിച്ച KCF ലെ റാണി സുനില്‍, കൂട്ടുകാരുടെ സമ്പാദ്യങ്ങള്‍ കൂട്ടി വച്ച് ഇസ്രായേലില്‍ നിന്ന് അയച്ചു തന്ന സിലൂ അങ്ങനെ ഒരുപാടു പേര്‍.

ആദ്യകടമ്പയായ ഭൂമി ലഭിച്ചതോടെ എങ്ങനെയും ലക്ഷ്യത്തിലേക്കുള്ള പണം സമ്പാദിക്കാനായുള്ള മാര്‍ഗമാണ് തിരഞ്ഞു. ഓരോ വീടിനും 7 മുതല്‍ 8.5 ലക്ഷം വരെയാണ് കണക്കായിരുന്നത്. വെറുതെ ഒരു വീടെന്നതിനേക്കാള്‍ ഒരു മോഡല്‍ കമ്മ്യുണിറ്റി നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു ആശയം. വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിര്‍മ്മാണത്തിന്റെ ചെലവിലും വ്യത്യാസം ഉണ്ടായിരുന്നു. വിദേശങ്ങളിലുള്ള പല മലയാളി സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഈ ലക്ഷ്യം സാധിക്കാന്‍ കഴിഞ്ഞേക്കും എന്ന തോന്നലില്‍ നിരന്തരമായി എല്ലാ അസോസിയേഷനുകളുമായും ഈ ആശയത്തിനെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു.

ആദ്യത്തെ തുള്ളി വെള്ളം എത്തിയത് സ്വിറ്റ്‌സര്‍ലന്‍ഡ് ലെ 14 മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടനയുടെ ആയിരുന്നു. 7 കുടുംബബങ്ങള്‍ക്കും ആയി രൂപീകരിച്ച അക്കൗണ്ടുകളിലേക്ക് അവര്‍ നിക്ഷേപിച്ച ഒരു നിശ്ചിത തുക എത്തിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.

പിന്നീട് ഇവരോടൊപ്പം MANOFA (Florida), DELMA (DELAWARE), NEMA (NEW ENGLAND), WISMA (WISCONSIN) , KAC (CHICAGO) , KCF(UK) ആപ്പിളിന്റെ ചാരിറ്റി വിങ് ആയ ഗ്ലോബല്‍ ഗിവിങ് എന്നിവര്‍ കൂടിച്ചേര്‍ന്നു. കൂടാതെ, ജോജിയും രമ്യയും പഠിച്ച NSS കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്ന് അര്‍ജുന്‍ ശങ്കറിന്റെയും രാകേഷ് ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ ഏകദേശം ഒരു വീടിനുള്ള പണം സമാഹരിക്കാനായി. എന്നിട്ടും വീണ്ടും ലക്ഷ്യത്തിലേക്കെത്താന്‍ പണമിട ദൂരങ്ങള്‍ ഒരുപാടുണ്ടായിരുന്നു.

പിന്നീട് 2019 ലെ മഴക്കാലക്കെടുതികളിലേക്ക് കേരളം വീണപ്പോള്‍ എല്ലാവരും കഷ്ടത്തിലായി, റീലൈഫും! പക്ഷേ വേണ്ടെന്നു വെയ്ക്കാന്‍ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല , കാരണം അപ്പോഴും ആ കുടുബങ്ങള്‍ക്ക് പോകാന്‍ വീടുകള്‍ ഉണ്ടായിരുന്നില്ല. അസോസിയേഷനുകളില്‍ നിന്നുള്ള സഹായങ്ങള്‍ക്കുളള പരിമിതികള്‍ കാരണം വ്യക്തിപരമായി ആര്‍ക്കെങ്കിലും ഇതിലേക്ക് കൂടാന്‍ കഴിയുമോ എന്നുള്ള ചിന്തയാണ് 'ഒരു സ്‌ക്വയര്‍ഫീറ്റ്' ആശയത്തിലേക്ക് എത്തിച്ചത്.

ഒരാള്‍ക്ക് ഒരു സ്‌ക്വയര്‍ഫീറ്റ് ഈ വീടുകള്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍ ചെയ്യാം. അതിനു ലഭിച്ച നല്ല സ്വീകരണവും മറ്റു ചിലയിടങ്ങളില്‍ നിന്നും പേര് വെളിപെടുത്താന്‍ ആഗ്രഹിക്കാതെ കിട്ടിയ സഹായവും കൂടിയായപ്പോള്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയായി.

ഏഴര ലക്ഷം മുതല്‍ എട്ടര ലക്ഷം വരെയാണ് ഓരോ വീടിന്റെയും പണിതീരാനെടുത്തത്. നല്ലവരായ മനുഷ്യരുടെ കൂട്ടായ്മകളിലൂടെ ഈ പുണ്യത്തിലേക്ക് എത്തിയത് 57 ലക്ഷം രൂപയാണ്. ലോകം മുഴുവന്‍ പരന്ന് കിടക്കുന്ന ഈ നന്മയുടെ ഗ്ലോബല്‍ പ്രതിനിധികളാണ് ഇതിലെ ഓരോ സ്‌ക്വയര്‍ ഫീറ്റിന് വേണ്ടി സഹായിച്ചവരും!

ഒന്നര വര്‍ഷത്തോളം നീണ്ട ഈ പ്രോജക്ട് ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. വീടുകളുടെ ഡിസൈന്‍ RGB ഗ്രൂപ്പ് ആണ് ചെയ്തിരിക്കുന്നത്. നിര്‍മാണം പൂര്‍ണമായും നിര്‍വഹിച്ചിരിക്കുന്നത് ശ്രീ. ടോമിച്ചന്‍ തോമസിന്റെ നേതൃത്വത്തില്‍ ഉള്ള ടീം ആണ്. എല്ലാ കെട്ടിടങ്ങളുടെയും നിര്‍മാണം കഴിഞ്ഞു , തങ്ങളിലേക്ക് സ്വപ്നങ്ങളുമായി കടന്നെത്തുന്ന ആ വീട്ടുകാരെ കാത്തിരിപ്പാണ് ഈ ഓരോ കെട്ടിടവും, അവരുടെ സ്വന്തം 'വീടുകളാകാന്‍'!

ഫെബ്രുവരി നാലിന് പുനര്‍ജനിയുടെ 7 വീടുകളുടെ താക്കോല്‍ ദാനം നടക്കുമ്പോള്‍ നമുക്കെല്ലാം അഭിമാനിക്കാം .ലോകത്തിന്റെ ഏതൊക്കെയോ ഇടങ്ങളില്‍ അശരണര്‍ക്കായി കുറച്ചു കുറച്ചു നല്ല മനുഷ്യര്‍ കാത്തിരിപ്പുണ്ടെന്ന്.... 
ആ വീട്ടുകാരെ കാത്തിരിപ്പാണ് ഈ ഓരോ കെട്ടിടവും, അവരുടെ സ്വന്തം 'വീടുകളാകാന്‍'!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക