Image

കേരളത്തില്‍ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു

Published on 30 January, 2020
കേരളത്തില്‍ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു
തിരുവനന്തപുരം; കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. 806 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്.10 പേരാണ് ആശുപത്രിയിലുള്ളത്.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലേയ്ക്ക് തിരിച്ചു. അസുഖ ബാധിതയായ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റും . അതേസമയം, കൊറോണ ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.. തൃശ്ശൂര്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിനിയെ നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിച്ച് വിദ്യാര്‍ത്ഥിനിയെ അവിടേക്ക് ഉടന്‍ മാറ്റും.

മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നതിന് എല്ലാ ഒരുക്കുങ്ങളും നടത്തിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ടീമിലേക്ക് കൂടുതല്‍ അംഗങ്ങളെ എത്തിക്കാനും ഇനി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളെ നന്നായി നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍ യോഗം ചേരും. ഇതിനായി ആരോഗ്യവകുപ്പ് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തൃശ്ശൂരിലേക്ക് തിരിക്കും. തുടര്‍ന്നായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍

1. പനി
2. ജലദോഷം
3. ചുമ
4. തൊണ്ടവേദന
5. ശ്വാസതടസ്സം
6. ശ്വാസംമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ന്യൂമോണിയ,വൃക്കകളുടെ പ്രവര്‍ത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയില്‍ മരണത്തിന് വരെ ഇവ കാരണമാകാം.

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്‌ബോഴോ ചുമയ്ക്കുമ്‌ബോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം.

കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൈനയില്‍ നിന്നു എത്തുന്നവരെല്ലാം രോഗവാഹകരല്ല. എല്ലാവരും സ്വയം പരിശോധനയ്ക്കു വിധേയരാകണമെന്ന് അദേഹം അഭ്യര്‍ത്ഥിച്ചു.

കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ നിന്നുള്ള കുറേപേര്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പോയിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് നേരത്തെ തന്നെ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും. ആരും ഭീതി പടര്‍ത്തെരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക