Image

കടല്‍ (കഥ: മിത്ര.എസ്.റാം)

Published on 30 January, 2020
 കടല്‍ (കഥ: മിത്ര.എസ്.റാം)
ഞാന്‍ ഇന്ന് പുലര്‍കാലത്ത്‌  നിന്നെ സ്വപ്നം കണ്ടിരുന്നു ..നീയും കണ്ടോ ?
ഇല്ല..
അറിയാം.. സ്വപ്‌നങ്ങള്‍ എന്നും എന്‍റെതു മാത്രമായിരുന്നല്ലോ ..
അയാള്‍ അതിനു മറുപടിയൊന്നും  പറയാതെ കടലിലേക്ക്‌ തന്നെ നോക്കിയിരുന്നു .
ഈയൊരു സന്ദര്‍ഭം മുന്‍പ് സിനിമയിലാണോ കഥയിലാണോ കണ്ടത് എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോൾഅയാള്‍.

കടലിന്‍റെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്ന രണ്ടു പേര്‍.. ഞായറാഴ്ച്ചയായതിനാല്‍ ഉറക്കം മതിയാകാതെ കിടന്നപ്പോഴാണ് അപരിചിതമായ നമ്പറില്‍ നിന്ന് കാള്‍ വന്നത്.. അവധി ദിനങ്ങളില്‍ ഫോണ്‍ വിളികളെല്ലാം ഒഴിവാക്കുകയാണ് അയാളുടെ പതിവ്..എന്ത് കൊണ്ടോ ആ ഫോണ്‍ എടുക്കാന്‍ അയാള്‍ക്ക് തോന്നി..

കുട്ടികളുടെതു പോലുള്ള അവളുടെ കുറുകിയ ശബ്ദം എന്നും ഏതുറക്കത്തിന്‍റെ മുനമ്പില്‍ നിന്നും അയാളെ ഉണര്‍വിലേക്കെത്തിക്കാന്‍ പര്യാപതമായിരുന്നു .

എന്തിനാണ് വിളിച്ചതെന്ന് അവള്‍ പറഞ്ഞില്ല,അയാള്‍ ചോദിച്ചുമില്ല..കാണണം എന്ന ആഗ്രഹം പറഞ്ഞില്ല,എങ്കിലും ചുരുങ്ങിയ സംസാരത്തിനൊടുവില്‍ കാണാം എന്ന് ആരോ ഒരു തീരുമാനത്തിലെത്തുകയായിരുന്നു..
.

പണ്ട് അവര്‍ കണ്ടിരുന്ന പോലെ അതേ കടല്‍ക്കരയില്‍ ..
അല്പം പോലും ഒരുങ്ങിയിട്ടില്ലെങ്കിലും അലസമായി കെട്ടിയ  ചെമ്പന്‍മുടിയിലും മഞ്ഞ സാരിയിലും അവള്‍ സുന്ദരിയായിരിക്കുന്നു എന്നയാള്‍ക്ക് തോന്നി..

എന്തിനായിരുന്നു കാണണം എന്ന് തീരുമാനിച്ചത് എന്ന് ആലോചിക്കുകയായിരുന്നു അവള്‍.
ഒരുകാലത്ത് അവന്‍ മാത്രമായി ചുരുങ്ങിപോയൊരു ലോകമായിരുന്നു അവളുടേത്‌ .. അവന്‍റെ ലോകമാകട്ടെ അവളില്‍ മാത്രമൊതുങ്ങതെ പലരിലും.
ആ പലരില്‍  ഒരാളായി മാറുമ്പോഴും അവളോട്‌ നീ തന്നെയാണ് എനിക്ക് വലുത് എന്ന് മാത്രം അവന്‍ പറയുന്നുണ്ടായിരുന്നു..

സാമ്രാജ്യം നഷ്ടപ്പെട്ട രാജ്ഞ്ഞിയെപ്പോല്‍ ഉപേക്ഷിക്കപ്പെട്ടതിന്റെ, അപമാനിക്കപ്പെട്ടത്തിന്റെ വേദനയും മുറിവുകളുമായി കഴിഞ്ഞതിനാലാകണം വല്ലാത്തൊരു വാശിയായിരുന്നു..കാണുമ്പോള്‍ അവനെ വിട്ടു പോയതിലുള്ള സന്തോഷം മുഴുവന്‍ അവനെ അറിയിക്കണം .. നോക്ക്,  നീയില്ലാത്ത എന്‍റെ ജീവിതം എത്ര വര്‍ണ്ണാഭമാണ് എന്നറിയിക്കാന്‍ , ഏറ്റവും നിറം കൂടിയ സാരിയാണ്  അവള്‍ എടുത്തു വച്ചത്.പക്ഷെ സമയമാകും തോറും അകാരണമായ വേദനകൊണ്ട് തളര്‍ന്ന് അവള്‍ ഏറെ നേരം കിടക്കയില്‍ തന്നെ കിടന്നു.ഒടുവില്‍ അലമാരയില്‍ നിന്നും  അവനു ഇഷ്ടമല്ല എന്ന് പറയാറുള്ള മഞ്ഞ നിറത്തിലുള്ള സാരി അവള്‍ തിരഞ്ഞെടുത്തു. ചമയങ്ങള്‍ ഒഴിഞ്ഞ മുഖവുമായി അവള്‍ പുറത്തേക്കിറങ്ങി..

സന്ധ്യയായതിനാല്‍ ആളുകള്‍ കൂടി വരുന്നുണ്ടായിരുന്നു
കുട്ടികള്‍ ?
എന്തെങ്കിലും ചോദിക്കണ്ടേ എന്നോര്‍ത്ത് അയാള്‍ ചോദിച്ചു.
രണ്ടു പേരുണ്ട്.ഒരു മകനും മകളും
കുട്ടികള്‍ എത്ര പേരുണ്ട്?
ഞാന്‍ കല്യാണം കഴിച്ചില്ല ..അയാള്‍ പറഞ്ഞു
എന്തൊരു നടകമാണിത് .അയാള്‍ക്ക് അരിശം വന്നു തുടങ്ങി.   ഒരേ നഗരവും  ഒരേ കൂട്ടുകാരെയും പങ്കിട്ടെടുക്കുന്നവരായതിനാല്‍ അവള്‍ക്കു രണ്ടു കുട്ടികളാണ് എന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ല എന്നും അവര്‍ക്ക് ഇരുവര്‍ക്കും അറിയാം.

വിവാഹത്തോടെ ആ നാട് വിട്ടു പോയി എങ്കിലും അയാള്‍ വിവാഹം കഴിച്ചിരുന്നില്ല എന്ന് അവള്‍ക്കു അറിയാമായിരുന്നു..അവളുടെ ഫേസ്ബുക്കിലെ ചിരിക്കുന്ന കൊച്ചു മുഖങ്ങളില്‍ അങ്ങനെയൊന്നുണ്ടാകില്ല എന്നറിഞ്ഞിട്ടും തന്റെ മുഖച്ഛായ  അയാളും  തിരയാറുണ്ട്..

കുടുംബജീവിതം അയാള്‍ക്ക് താല്പര്യമില്ലായിരുന്നു എന്നുള്ളത് ശരിയാണ്.. പക്ഷെ ഈയിടെയായി ഒരു കൂട്ടിനെ കുറിച്ച് ഇടയ്ക്ക് ആലോചിക്കാറുണ്ട്.അപ്പോഴൊക്കെ അവളെയും ഓര്‍ക്കാറുണ്ട്.. ദേഷ്യത്തിനും വാശിക്കുമടിയില്‍ സ്നേഹത്തിന്‍റെ ഒരു കൊച്ചു ഉറവ അവള്‍ക്കു വേണ്ടി ഇപ്പോഴും ഒഴുകുന്നുണ്ട് എന്നോര്‍ക്കുമ്പോള്‍ പക്ഷെ അയാള്‍ തോറ്റു പോകും.. അങ്ങനെ ചില ദിവസങ്ങളില്‍ അയാള്‍ വല്ലാതെ തോറ്റു പോകാറുണ്ട്..

ഒരുകാലത്ത് വേനല്‍ വഴികള്‍ താണ്ടി കിതച്ചു തളരുമ്പോള്‍ അവനു ഓടിയെത്തി മതിവരുവോളം കിടന്നുറങ്ങാനൊരു തണുത്ത വീടായിരുന്നു അവള്‍..ഇന്ന്  അവനു മുന്നില്‍ എന്നേക്കുമായി അടഞ്ഞു പോയ ഒരു വീട്.

ഐസ്ക്രീം വേണോ എന്ന ചോദ്യം അയാളെ ഉണര്‍ത്തി.
ഒരെണ്ണം മാത്രം വാങ്ങി അവള്‍ അയാളെ നോക്കി നില്‍ക്കുകയാണ്
അയാള്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ നിന്നും പണമെടുത്തു കൊടുത്തു .
പണം കൊടുക്കുമ്പോള്‍ എന്തിനാണ് താന്‍ അവള്‍ക്കു വേണ്ടി വീണ്ടുമിതെല്ലാം  ചെയ്യുന്നതെന്നോര്‍ത്ത്  അയാള്‍ക്ക് അരിശം വന്നു. ഇങ്ങനൊന്നും കരുതിയല്ല വന്നത്.  അവള്‍ പോയതിനു ശേഷം താന്‍ പോയ യാത്രകള്‍ , കണ്ട നഗരങ്ങള്‍ ,നേടിയ കൂട്ടുകാര്‍ എല്ലാം തന്നെ എത്ര മാത്രം സന്തോഷിപ്പിക്കുന്നുണ്ട് എന്ന് അയാള്‍ക്ക് അവളെ അറിയിക്കണമായിരുന്നു. പുതിയൊരു ഷര്‍ട്ട്‌ എടുത്തു കണ്ണാടി നോക്കിയപ്പോള്‍ തന്‍റെ നേര്‍ക്ക്‌’ വിഷാദാത്മകമായി  ചിരിക്കുന്ന ഒരുവനെ കണ്ടു അയാള്‍ വീണ്ടും വീണ്ടും തോറ്റു പോയവനായി.

അവള്‍ ചുറ്റും മറന്നു ഐസ്ക്രീം കഴിക്കുകയാണ്..
അയാള്‍ക്ക് അപ്പൊള്‍ കുറേകാലം മുമ്പുള്ള അവളെ ഓര്‍മ്മ വന്നു. മറൈന്‍ ഡ്രൈവിലെ അരഭിത്തിയിരുന്നു കാലുകളാട്ടി ഐസ്ക്രീം കഴിക്കുന്ന ഒരുവളെ..
എന്നോ വറ്റിപോയൊരു വാത്സല്യത്തിന്‍റെ ഉറവ അയാളുടെ കണ്ണില്‍ പൊടിഞ്ഞു വന്നു.
അവളില്‍ നിന്നും മുഖം മാറ്റാനെന്ന വണ്ണം ചെരുപ്പുകളഴിച്ചു അയാള്‍ മുന്‍പോട്ടു നടന്നു ..

ഭൂതകാലത്തില്‍ നിന്ന് തിരകളോട് കളിച്ചു കൊണ്ട് അവള്‍ അയാളെ കൈയ്യാട്ടി വിളിച്ചു ..
നീയിങ്ങു വരുന്നുണ്ടോ .. അരിശത്തില്‍ പൊതിഞ്ഞ അയാളുടെ ശബ്ദം ..
നനനഞ്ഞു കുതിര്‍ന്നു  കടലില്‍ നിന്നവള്‍ കയറുമ്പോള്‍ അയാളുടെ നഖമില്ലാത്ത വിരല്‍പ്പാടുകള്‍  അവളുടെ കൈവണ്ണയില്‍ നീലച്ചു കിടന്നു ..  
വേദനിക്കുന്ന നീലവട്ടങ്ങളില്‍ ഊതി അവള്‍ കലഹിച്ചു “ഷൂ നനയാതിരിക്കാനല്ല നിനക്ക് കടലിനെ പേടിയാണ്, അസൂയയാണ് ..”
ഓര്‍മ്മകള്‍ക്ക് നേരെ  അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു ..
നനയാന്‍ വയ്യാഞ്ഞിട്ടല്ല .. നീ ഓരോയടി മുന്നോട്ടു വയ്ക്കും തോറും നിനക്ക് നേരെ അലറിപ്പാഞ്ഞെതുന്ന തിരമാലകളെ പേടിയായിരുന്നു  പെണ്ണേ എന്നൊരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങി കിടന്നു.
അവള്‍ അയാളുടെ അടുത്തേക്ക് നടന്നു ...
കാലുകളെ നനച്ചൊരു തിര വന്നു പോയി..
എന്തെങ്കിലും പറയാനുണ്ടോ..?
അവള്‍ ചോദിക്കും മുന്പേ അയാള്‍ ചോദിച്ചു
അവള്‍ ഒന്ന് പുഞ്ചിരിച്ചു. അയാള്‍ തല തിരിച്ചു നോക്കുമ്പോള്‍ അവള്‍ അത്ഭുതപ്പെട്ടു “എവിടെ ആ മറുക് ?

ഏതു മറുക്

അവന്‍റെ താടിയില്‍ ഒരു കൊച്ചു കറുത്ത മറുകുണ്ട് എന്നാണ് അവള്‍ പറയുക.. എത്ര തവണ ഉമ്മ വച്ചിട്ടുണ്ട് ഞാന്‍ അതിനെ..അവള്‍ തര്‍ക്കിക്കും..
പലവട്ടം കണ്ണാടിയില്‍ നോക്കിയിട്ടും അയാള്‍ അങ്ങനൊരു മറുക് കണ്ടിട്ടേയില്ല.
അവള്‍ പോയപ്പോള്‍ ആ മറുകും പോയിരിക്കണം..
ആ ഉണ്ടല്ലോ..   അവള്‍ ചിരിച്ചു ..
ശരിയാവണം. .അവള്‍ പറഞ്ഞെങ്കില്‍ അങ്ങനൊരു മറുക് ഉണ്ടായിരിക്കണം..അവളെ കാണാനായി മാത്രം വീണ്ടും വന്നു കാണണം..

അയാള്‍ക്ക് സംശയമൊന്നും തോന്നിയില്ല..
പെട്ടന്ന് ഏതോ ഒരുള്‍പ്രേരണയാല്‍ പണ്ടെന്ന പോലെ അയാള്‍ അവള്‍ക്കു നേരെ ഇരുകൈകളും നീട്ടിയതും അവള്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു..

ആദ്യം പൊട്ടി വന്ന വാല്‍ത്സല്യതിന്‍റെയുറവ ഒരു കടലായി അവന്‍റെ കണ്ണില്‍ നിറഞ്ഞു. പണ്ട് അരികില്‍ കിടക്കുന്ന അവളെ  ഉറക്കാന്‍ ചെയ്യാറുള്ള പോലെ അയാള്‍ അവളുടെ പുറത്തു പതുക്കെ താളമടിച്ചു കൊണ്ടേയിരുന്നു

അവള്‍ കരയുന്നുണ്ടയിരുന്നില്ല. നേര്‍ത്ത ശ്വാസം മാത്രം.
തിരകള്‍ വീണ്ടും വന്നു പോയി..
എപ്പോഴോ മുഖമുയര്‍ത്തി അവള്‍ ചിരിച്ചു.
പിന്നെ അവന്‍റെ പച്ച ഞരമ്പോടുന്ന കവിളില്‍ പതിയെ ചുംബിച്ചു.
ആദ്യമായി പ്രണയത്തിന്‍റെ ഉന്മാദമില്ലാത്ത അവളുടെ ചുംബനം.

അവന്‍റെ കൈവിരലുകളില്‍ തെരുപ്പിടിച്ചു അവള്‍ പറഞ്ഞു “നന്ദിയുണ്ട് , ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും എവിടെ വയ്ച്ചെങ്കിലുമൊക്കെ ഉപേക്ഷിക്കപ്പെടാവുന്ന ഒന്ന് മാത്രമാണ്  നമ്മളൊക്കെയെന്ന് പഠിപ്പിച്ചു തന്നതിന് ..
പിന്നെ വിരലുകള്‍ വേര്‍പെടുത്തി അവള്‍ തിരിഞ്ഞു നടന്നു.
അയാള്‍ ഒന്നും പറഞ്ഞില്ല.
 എങ്ങോട്ടോ നടന്നു മാഞ്ഞു പോകുന്ന തന്‍റെ ജീവിതത്തിനെ പിന്തിരിഞ്ഞു നോക്കാന്‍ ശക്തിയില്ലാതെ അയാള്‍ ഇരുട്ടിലാഴുന്ന ആകാശം മാത്രം നോക്കി നിന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക