Image

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ (ഹൃദയ രാഗം- 1)

അനില്‍ പെണ്ണുക്കര Published on 31 January, 2020
 അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ (ഹൃദയ രാഗം- 1)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ

മനോഹരമായ ഒരു പ്രണയഗാനം...
ഒരുമൊട്ട് ഇതളുകളഴിഞ്ഞ് പൂവായ് മലരുന്നതുപോലെയാണ് ആ ഗാനത്തില്‍മിടിക്കുന്ന പ്രണഹൃദയത്തിന്റെ ലോലഭാവങ്ങള്‍ നമുക്കുമുന്നില്‍ വിടര്‍ന്നുവരുന്നത്.

കവിയും ഗായകനും സംഗീതജ്ഞനും സാങ്കേതികപ്രവര്‍ത്തകരും ഒന്നായിത്തീര്‍ന്ന് ഒരുഗാനപല്ലവിയായിത്തീര്‍ന്ന് ഒരുഗാനമായിരിക്കുന്നു...
ഓഎന്‍വിസാറും ദേവരാജന്‍മാഷും ദാസേട്ടനും ഒന്നിച്ച ഈപാട്ട്, ശബ്ദലേഖനം ചെയ്തത് എള്ളാത്ത് കരുണാകരന്‍ എന്ന റെക്കോര്‍ഡിസ്റ്റാണ്. വളരെ അപ്രതീക്ഷിതമായി അദ്ദേഹത്തിനുകിട്ടിയതായിരുന്നു ഈ ഗാനം ശബ്ദലേഖനം ചെയ്യാനുള്ള അവസരം എന്നുകേട്ടിട്ടുണ്ട്.

1987ല്‍ ജേസി സംവിധാനം ചെയ്ത നീയെത്ര ധന്യ എന്ന സിനിമയിലാണ് ഒരുനീണ്ട അവധിക്കുശേഷം ഒ എന്‍ വി, ദേവരാജന്‍ യേശുദാസ് എന്നിവര്‍ ഒരുമിക്കുന്നത്.ദേവരാജന്‍മാഷിന്റെ ചൊടികളില്‍ ഒരുമാത്രകൊണ്ടുവിരിഞ്ഞ പ്രണയസാന്ദ്രമായഭാവം, വരികളിലെ കവിയേയും ശ്രോതാവിനേയും ഹൃദയമുള്ള ഏവരെയും മധുരമായ മറ്റുപലതിനേയും നിനച്ചുപോകാന്‍ പര്യാപ്തമായിരുന്നു.

ഗാനത്തിന്റെ തുടക്കത്തിലെ അരികില്‍ എന്നപദത്തിനുചേര്‍ന്ന ഈണം കണ്ടെത്താന്‍ ദിവസങ്ങളോളം ചെലവിട്ട ദേവരാജന്‍മാഷ് ആ സര്‍ഗ്ഗതപസ്സിനെപ്പറ്റി പിന്നീടൊരിക്കല്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

ഒരേപാറ്റേണിലുള്ള പാട്ടുകള്‍ പാടി മടുത്തിരിക്കുമ്പോഴാണ് ഒരു വരംപോലെ ഈഗാനം ദാസേട്ടനെ തേടി എത്തുന്നത് .അനുരാഗഗീതങ്ങള്‍ പാടിഫലിപ്പിക്കാന്‍, ആഭാവത്തിനു അനുസരിച്ച മാനസികവ്യാപാരം ഗായകനും എഴുതുന്ന കവിക്കും ഈണമിടുന്ന സംഗീതസംവിധായാകന്‍ കൂടി ആയപ്പോള്‍ പാട്ട് മനോഹരമായ ഒരു കുളിര്‍കാറ്റായി മാറി .

പ്രായം നമ്മെ ബാധിച്ചു തുടങ്ങിയോ എന്ന് ആശങ്കപ്പെട്ടകാലം.പക്ഷേ 'അരികില്‍നീ വന്നപ്പോള്‍' തന്റെ രാഗതന്ത്രികള്‍ക്ക് ഒരുഗ്ലാനിയും വന്നിട്ടില്ലെന്ന് മനസ്സിലായതായി ദാസ്സാറും അന്ന് പറഞ്ഞുവത്രേ .
അത് സഹൃദയര്‍ക്കുമാത്രമല്ല ഏതുസാധാരണക്കാരനും മനസ്സിലാവും. പ്രായം അനുരാഗവീണകമ്പികള്‍ പൊട്ടിക്കാന്‍പോന്ന ഒരുദശാന്തരമല്ലെന്ന്.

ഒരു കൗമാരക്കാരനും പ്രേമിക്കും ആവില്ല ഇത്രമാത്രം ചെറുപ്പത്തോടും ആര്‍ജ്ജവത്തോടും രാഗമധുരമായി ഒഎന്‍വിസാറിനെപോലെ യേശുദാസിനെപോലെ ദേവരാജന്‍മാഷിനെപോലെ പാടുവാന്‍... സ്നിഗ്ദ്ധമാം കവിള്‍ത്തട്ടില്‍ ഒന്നുനുള്ളുവാന്‍പോലും മുതിരാത്ത ആര്‍ജ്ജവും കറയറ്റആത്മാര്‍ത്ഥയും സൗന്ദര്യാസ്വാദനതയുമുള്ള ഹൃദയം ഇന്നും ഓരോ കവി ഹൃദയത്തിലും തുടിക്കില്ലേ ...
മനസ്സിന്റെ താളുകളില്‍നിറഞ്ഞുനില്ക്കുന്ന പ്രണയനായികയെ വിപ്രലംഭമായ അവസ്ഥയില്‍ ഓര്‍ക്കുന്ന അനുരാഗി... ഏതു കാമുകനും ആശിക്കുന്നതാണ് അത്... 'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍...'

നായികയുടെ നിതാന്തസാന്നിദ്ധ്യമെന്ന വലിയ ആശയൊന്നും ഇവിടെ കാമിക്കില്ല... നീയടുത്തുള്ള ഒരുമാത്ര അതുമാത്രമാണ് കാമിയുടെ ആശ... പക്ഷേ ആ മാത്രയ്ക്ക് സമയത്തിന്റെ പരിമിതിയോ അതിരോ ഇല്ല...

ഭ്രാന്തനും കാമിയും ഒരുപോലെയാണ്... എത് എത്യോപ്യക്കാരിയിലും ഹെലനെകാണുന്നവനാണ് കാമുകന്‍... അപ്പോള്‍ കാമുകിയുമൊത്തുള്ള ഒരുമാത്ര കാമിക്കു നിതാന്തമായ സംഗമകാലമാണ്.
രാത്രിമഴ പെയ്തു തോര്‍ന്നനേരം
കുളിര്‍ക്കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര്‍തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്നനേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ചനേരം

രാത്രിയില്‍ എപ്പോഴും പെയ്തുതീര്‍ന്ന മഴയുടെ തുള്ളികള്‍ ഇലച്ചാര്‍ത്തുകളില്‍ നേര്‍ത്തതാളമായി ഇറ്റിറ്റുപതിയ്ക്കുന്നനാദം നിന്റെ നേര്‍ത്തപാദതാളമായി വിനിദ്രനാക്കുമ്പോള്‍, എന്റെ ഹൃദയവീണയിലെ തന്ത്രികളില്‍ അതൊരു സംഗീതമായി താളമിട്ടുവിരിഞ്ഞപ്പോള്‍, ആ പാട്ടില്‍ മനസ്സിളകി ആകൃഷ്ടയായി വന്ന കാതരയായൊരു പക്ഷി ഹൃദയജാലകത്തില്‍ മുട്ടിയുണര്‍ത്തിയപ്പോള്‍, ഞാന്‍ ആശിച്ചുപോകുന്നു ഇപ്പോള്‍ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി....

മുറ്റത്തു ഞാന്‍ നട്ട ചമ്പകത്തെയിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കെ

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി
അല്ലേ....
എന്തൊരുമായ പ്രണയവേദനയല്ലേ...
വിരഹിയുടെ മനസ്സില്‍ എന്നും മഴയും നിലാവും പക്ഷിയും പാട്ടും തീപകര്‍ന്നുകൊണ്ടിരിക്കും...
മേഘസന്ദേശത്തിലെ യക്ഷനും തീയില്‍നിന്നാണുപാടിയത്. മഴയുടെ സ്വാനിദ്ധ്യം അവിടെയും ഉണ്ടായിരുന്നു.
കൊമ്പനാനകണക്കെ കറുത്തിരുണ്ട് പെയ്യുവാനെത്തുന്ന മഴമേഘങ്ങളെനോക്കി കുടകപ്പാലപ്പൂവുകള്‍ അര്‍ച്ചിച്ചാണ് കാമി തന്റെ പ്രണയവിരഹം അവിടെ മൊഴിഞ്ഞത്...
ഇവിടെ ഏകാന്തദിശിയായകാമുകഹൃദയം ആത്മഗതത്തിലാണ് പാടുന്നത്...
അവിടെ ആശയും പ്രതീക്ഷയും തെളിഞ്ഞുനില്ക്കുന്നുണ്ട്.

മുറ്റത്തു ഞാന്‍ നട്ട ചമ്പകത്തെയിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ,
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ...

മുറ്റത്തുനട്ട ചമ്പകത്തൈയില്‍ പൂവുണര്‍ന്നു.
ആ പൂവ് മറ്റാരുടെയോ മൃദുലഭംഗിയുള്ള മുടിച്ചാര്‍ത്തില്‍ അലങ്കാരമായപ്പോള്‍ നീയെന്ന
എന്റെ മനോഹരമായസങ്കല്പം വിഗ്രഹം ഞാനോര്‍ത്തുപോയി...
അത് തനിക്കു പ്രാപ്യമാകുമോ
എന്നൊരുവേദന കാമിയെ വേട്ടയാടുന്നില്ലേ...

കാളിദാസന്റെ കണ്വാശ്രമത്തിലും ഉണ്ട് ഇങ്ങനെ ഒരുപ്രണയചിത്രം...
മുല്ലവള്ളിയെ കണ്ട് ശകുന്തളയുടെ ഹൃദയവും ഇങ്ങനെയും ആശിച്ചേക്കാം.
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി

ഹൃദയഹാരിയായ പാട്ടുകളില്‍
പെട്ടെന്നോര്‍ക്കുന്ന ഒന്നാണ് ഇത്...
നാം ഇഷ്ടപ്പെടുന്നപാട്ടുകളേ പെട്ടെന്ന് നമ്മുടെ ചുണ്ടിലൂറൂ...
അതില്‍ നമ്മുടെ മനസ്സും വികാരവും പറയാനാവാത്ത ഒരുഇഷ്ടവും സുഖവും ഒളിച്ചുകിടക്കുന്നുണ്ടാകും.
വയലാര്‍, പി.ഭാസ്‌കരന്‍, ദേവരാജന്‍ കൂട്ടുക്കെട്ടില്‍ ഉരുവായ മറ്റുഗാനങ്ങളുടെ ശൈലിയില്‍നിന്നും വ്യത്യസ്തമായ മട്ടിലാണ് 87ല്‍ പ്രണയത്തോട് ദേവരാജന്‍മാഷ് പ്രതികരിച്ചിരിക്കുന്നത്...
വലയാര്‍ഗാനങ്ങളിലെ പ്രണയനായികമാര്‍ക്കും നായകന്മാര്‍ക്കും വേണ്ടി മാഷ് തേടിയ ഈണങ്ങളില്‍നിന്നും വേറിട്ടഭാവവും ആഴവുമാണ് ഈ ഗാനത്തിനു നല്കിയത്...

നവനവോന്മേഷമായ പ്രജ്ഞയാണ് പ്രതിഭ.
അങ്ങനെനോക്കുമ്പോള്‍ പ്രതിഭാശാലികളെ കാലത്തിനും പ്രായത്തിനും ശൈലിനിഷ്ഠയ്ക്കുമൊന്നും തളച്ചിടാനാവില്ലെന്നു കാണാം..
 അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ (ഹൃദയ രാഗം- 1)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക