Image

മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുത്;: ടൊവിനോയ്ക്കെതിരെ എന്‍.എസ്.യു നേതാവിന്റെ രൂക്ഷ വിമര്‍ശനം

Published on 02 February, 2020
മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുത്;: ടൊവിനോയ്ക്കെതിരെ എന്‍.എസ്.യു നേതാവിന്റെ രൂക്ഷ വിമര്‍ശനം
കോട്ടയം: വയനാട്ടിലെ മേരിമാതാ കോളേജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടെ കൂവിയ ഒരു വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കൂവിപിച്ച ചലചിത്രതാരം ടൊവിനോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നിങ്ങള്‍ അവിടെ കാട്ടിയത് ഹീറോയിസമല്ല മറിച്ചൊരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യുമിലിയേഷനാണെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കൂവുന്നതില്‍ ടൊവിനോയ്ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ കൂതറയും ഇടയ്ക്കാട് ബറ്റാലിയനും മറഡോണയും അടക്കമുള്ള താങ്കളുടെ പടങ്ങള്‍ തീയറ്ററില്‍ പോയി താങ്കള്‍ കാണാഞ്ഞത് നന്നായി. അല്ലെങ്കില്‍ ആ സിനിമകള്‍ക്ക് കൂവിയവരെയത്രയും ഒറ്റയ്ക്ക് വരുത്തി കൂവിക്കാന്‍ താങ്കള്‍ക്കീ മനുഷ്യായുസ്സ് മതിയാകാതെ വന്നേനേ എന്ന കടുത്ത ആക്ഷേപവും ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുല്‍ ഉന്നയിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ടോവിനോ തോമസ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ മനം കവര്‍ന്ന നായക നടനാണ്. മായാനദിയും, എന്നു നിന്റെ മൊയ്തീനും, ഗപ്പിയും ഒക്കെ കണ്ട ശേഷം എനിക്കുമേറെ ഇഷ്ടമാണയാളെ. ഒരു കംപ്ലീറ്റ് ആക്ടര്‍ ഒന്നുമല്ലെങ്കിലും ഒരു മെതേഡ് ആക്ടര്‍ എന്ന നിലയില്‍ അയാള്‍ക്ക് മലയാള സിനിമയില്‍ ഒരു സ്പേസുണ്ട് താനും.

മുന്‍പൊരിക്കലൊരു ആരാധകനെ തെറി വിളിച്ചപ്പോഴും മറ്റൊരു ആരാധാകന്‍ നുള്ളിയതിന്റെ പേരില്‍ അയാളെ അടിച്ചപ്പോഴും പ്രത്യേകിച്ച് അവമതിപ്പൊന്നും തോന്നിയില്ല, മറിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ തുടങ്ങി നായക നടന്‍ വരെയെത്തിയ നടന്റെ സ്ട്രഗിള്‍ ഫുള്‍ ലൈഫിന്റെ ഭാഗമായ ഡിപ്ലോമസിയില്ലാത്ത പച്ചയായ സ്വഭാവമായിട്ടാണ് തോന്നിയത്.

പക്ഷേ കഴിഞ്ഞ ദിവസം വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി നിര്‍ബന്ധിപ്പിച്ച് ബലം ഉപയോഗിച്ച് പിടിച്ചു നിര്‍ത്തി കൂവിച്ച ഏര്‍പ്പാട് ശുദ്ധ തോന്നിവാസവും മാടമ്പിത്തരവുമായി പോയി. നിങ്ങള്‍ അവിടെ കാട്ടിയത് ഹീറോയിസമല്ല മറിച്ചൊരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യുമിലിയേഷനാണ്.

ടോവിനോച്ചായനെ കൂവിയവനെ സ്റ്റേജില്‍ വരുത്തി മൈക്കില്‍ കൂടി കൂവിച്ചതല്ലേ, അതിലെന്താ ഇത്ര കുഴപ്പം എന്ന് ചോദിക്കുന്ന ഫാന്‍സിനോട് ഞാന്‍ ഒരു കഥ പറയാം. പണ്ട് ഞങ്ങളുടെ കാതോലിക്കേറ്റ് കോളജില്‍ കടമ്മനിട്ട മാഷ് ഒരു പരിപാടിക്ക് വന്ന് പ്രസംഗിച്ചപ്പോള്‍ പിള്ളാര് ഭയങ്കര കൂവല്‍. മാഷ് ഒട്ടും വിട്ടുകൊടുക്കാതെ അതിനേക്കാള്‍ ഉച്ചത്തില്‍ മൈക്കില്‍ കൂടി തിരിച്ചു കൂവി. അത് അന്തസ്സ്, ക്ലാസ്സ് പക്ഷേ ടോവിനോ ഇക്കാണിച്ചത് ശുദ്ധ ഭോഷ്‌ക്ക്.

ഇനി കൂവുന്നതില്‍ ടോവിനോയ്ക്കിത്ര അസ്വസ്തയുണ്ടെങ്കില്‍ , കൂതറയും ഇടയ്ക്കാട് ബറ്റാലിയനും മറഡോണയും അടക്കമുള്ള താങ്കളുടെ പടങ്ങള്‍ തീയറ്ററില്‍ പോയി താങ്കള്‍ കാണാഞ്ഞത് നന്നായി. അല്ലെങ്കില്‍ ആ സിനിമകള്‍ക്ക് കൂവിയവരെയത്രയും ഒറ്റയ്ക്ക് വരുത്തി കൂവിക്കാന്‍ താങ്കള്‍ക്കീ മനുഷ്യായുസ്സ് മതിയാകാതെ വന്നേനേം

ടോവിനോ പ്രളയത്തില്‍ കൈലിയുടുത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയതല്ലേ, ദേശിയ സമ്മതിദാനാവകാശത്തിന്റെ വേദിയില്‍ കൂവാമോ തുടങ്ങിയ ന്യായീകരണവുമായി വരുന്നവരോട് ഒന്നേ പറയാനൊള്ളു ആ വാദമൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഞാന്‍ ഫാന്‍സ് അസോസിയേഷന്‍ മെമ്പറല്ല

ടോവിനോ തോമസെ, 'മുണ്ടുടുക്കാനും അറിയാം ആവശ്യം വന്നാല്‍ മടക്കി കുത്താനും അറിയുന്നതും, മലയാളം പറയാനും അറിയാം വേണ്ടി വന്നാല്‍ നല്ല രണ്ട് തെറിപറയാനും അറിയുന്നതും നിങ്ങള്‍ക്ക് മാത്രമല്ല ആ പയ്യനടക്കമുള്ള എല്ലാ മലയാളികള്‍ക്കുമറിയാം...

മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക