Image

കേരള ക്രിസ്ത്യന്‍ സിമിത്തേരി ഓര്‍ഡിനന്‍സ്! : ആരുടെ ഉറക്കം കെടുത്തുന്നു? (ജോര്‍ജ് നെടുവേലില്‍, ഫളോറിഡ)

Published on 02 February, 2020
കേരള ക്രിസ്ത്യന്‍ സിമിത്തേരി ഓര്‍ഡിനന്‍സ്! : ആരുടെ ഉറക്കം കെടുത്തുന്നു? (ജോര്‍ജ് നെടുവേലില്‍, ഫളോറിഡ)
ജനുവരി 14 തീയതിയിലെ ഇമലയാളിയില്‍ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, 'കേരള ക്രിസ്ത്യന്‍ സിമിത്തേരി ഓര്‍ഡിനന്‍സ് ഗുണദോഷങ്ങള്‍ ' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനം പഠിക്കുകയുണ്ടായി. കാര്യങ്ങള്‍ നല്ലനിലയിലും നീതിപൂര്‍വമായും നടക്കണമെന്നാഗ്രഹിക്കുന്ന ഏവരും മനസ്സിരുത്തി വായിക്കേണ്ടതാണ് പ്രസ്തുത ലേഖനം. പ്രതിപാദ്യ വിഷയവും, ചില ഭാഷാപ്രയോഗങ്ങളും ഒരു  കേവല വായനയിലൂടെ കടന്നുപോകേണ്ടവയല്ല. ആഴമേറിയ മാനങ്ങള്‍ അതില്‍ അന്തര്‍ലീനമായിട്ടുണ്ട്. അവ അറിയാതെ പോകുന്നത് നഷ്ടമാണ്, കഷ്ടമാണ്.

ലോകസംസ്ക്കാരങ്ങള്‍ പൊതുവെ അംഗീകരിച്ചിട്ടുള്ള അലിഖിത പ്രമാണങ്ങള്‍ അനവധിയുണ്ട്! അവയില്‍ പ്രധാനമായ ഒന്നാണ് ഒരു വ്യക്തിയുടെ നിത്യ വേര്‍പാടിനു ശേഷമുള്ള നാഴികകളും നാളുകളും അദ്ദേഹത്തിന്‍റ്റെ നല്ലസ്മരണകള്‍ക്കും ശ്ലാഘനങ്ങള്‍ക്കും ദുഃഖപ്രകടനത്തിനുമുള്ള വേളയാണെന്നത്. മനുഷ്യകുലത്തില്‍ ജനിച്ചവര്‍ക്കെല്ലാം അവകാശപ്പെട്ടതാണ് മാന്യമായ ഒരു ശവസംസ്ക്കാരം എന്നതും  പരിഷ്കൃത സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. ജീവനറ്റ, പ്രതികരണശേഷിയില്ലാത്ത മനുഷ്യശരീരത്തോട് അവഗണനയും അവമതിയും കാണിക്കുന്നത് കേരളംപോലൊരു വിദ്യാസമ്പന്നമായ സമൂഹത്തില്‍ സ്വീകാര്യമല്ല നടന്നുകൂടാത്തതാണ്. മിക്കവാറും എല്ലാ സമൂഹങ്ങളും അമ്മാതിരി സംഭവങ്ങളെ ശിക്ഷാര്‍ഹമായി വീക്ഷിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഉത്തമബോധ്യമുള്ള നാടാണ് പ്രബുദ്ധകേരളമെന്നത് ഫാ. പുഞ്ചക്കോണം അടിവരയിട്ടു പറയുന്നുണ്ട്. എന്നാലും, ഇക്കാര്യത്തില്‍ ഫാ. പുഞ്ചക്കോണത്തിന്‍റ്റെ പ്രസ്താവത്തോട് വിയോജിക്കാതെ വയ്യ! 

ശരാശരി മലയാളികള്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഉത്തമബോധ്യമുണ്ടെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ലഅപവാദങ്ങള്‍ അനേകമുണ്ടെങ്കിലും. പക്ഷെ, അധികാരപ്രമത്തതയുടെയും, പദവിയുടെയും, പണത്തിന്‍റ്റെയും പിന്നാലെ പരക്കംപായുന്ന, അവയുടെ പിന്‍ബലമുള്ള ചില ക്രിസ്ത്യന്‍ പാതിരിമാര്‍ ഇക്കാര്യങ്ങളില്‍ ഉത്തമബോധ്യം പുലര്‍ത്തുന്നില്ല! അധമചിന്തകളും ബോധ്യങ്ങളുമാണ് അവര്‍ ആധാരമാക്കിയിട്ടുള്ളത്. കേരളത്തിലെ ക്രിസ്ത്യന്‍ സഭാംഗങ്ങള്‍ക്ക് ഇതൊരു ദുഃഖസത്യമാണ്.  അടിമത്തം ഏറ്റുവാങ്ങിയിരിക്കുന്ന ‘വിശ്വാസി’കളുടെമേല്‍ അന്യായവും അതിദുര്‍വഹവുമായ ചുമടുകള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ആദ്ധ്യാത്മിക പരിവേഷം അവകാശപ്പെടുന്ന ചില പുരോഹിതന്മാര്‍ അഭിരമിക്കുന്നു.

അടിമകളായ വിശ്വാസികള്‍ക്കുമാത്രമല്ല, പരിഷ്കൃത സമൂഹത്തിനാകമാനം അവമാനപരവും അസഹനീയമായ തലത്തിലേക്ക് കാര്യങ്ങള്‍ കടന്ന പതനത്തിലാണ് ചര്‍ച്ചാവിഷയമായ ഓര്‍ഡിനന്‍സിന് ജനകീയ സര്‍ക്കാര്‍ ജന്മം നല്‍കിയത്. ന്യായവുമാണത്, യുക്തവുമാണത് എന്ന് എല്ലാ  നല്ല പൗരന്മാരും (right thinking people) സ്വരമുയര്‍ത്തി സമ്മതിക്കുന്നു.

സ്‌നേഹത്തിന്റ്‌റെയും കരുണയുടെയും കരുതലിന്‍റ്റെയും മൂര്‍ത്തിയായ യേശുനാഥന്‍റ്റെ ആലയങ്ങള്‍ എന്നവകാശപ്പെടുന്ന പള്ളിപ്പരിസരങ്ങളിലാണ് കര്‍ത്താവിന്റ്‌റെ കാണപ്പെട്ട പ്രതിനിധികളെന്നു സ്വയം അവരോധിച്ചിരിക്കുന്ന പുരോഹിതരുടെ ഈ പിത്തലാട്ടം അഴിഞ്ഞാടുന്നത്. ഇതിന് പുരോഹിതന്മാരെമാത്രം പഴിച്ചിട്ടു കാര്യമില്ല. കാലാകാലങ്ങളായി, അവരെ ദേവസ്വംകാളകളെപ്പോലെ സര്‍വതന്ത്രസ്വതന്ത്രരായി കയറൂരിവിട്ടിരിക്കുന്ന ഞാനും നിങ്ങളുമാണ് യാഥാര്‍ത്ഥ്യ കുറ്റവാളികള്‍.

 ‘നമുക്കു നാമേ പണിവതു നാകവും നരകവും ഒരുപോലെ’ എന്ന കവി സൂക്തം ഇവിടെ സ്മരിക്കുക!

 ആലപ്പുഴയിലും, അങ്കമാലിയിലും, കോലഞ്ചേരിയിലും, കോട്ടയത്തും  കേരളത്തിന്‍റ്റെ മറ്റനേകം ഇടങ്ങളിലുമുള്ള പള്ളികളില്‍ അരങേറിയത് നീചമായ മനുഷ്യാവകാശധ്വംസനമായിരുന്നു. പള്ളികളുടെ യാഥാര്‍ഥ്യ ഉടമകളായ സഭാംഗങ്ങളുടെ മൃതശരീരം പള്ളിസെമിത്തേരിയില്‍ യഥായോഗ്യം യഥാസമയത്തു് സംസ്ക്കരിക്കുന്നതില്‍ ചില പള്ളിമേധാവികള്‍ മനസ്സു തുറന്നില്ല.  മലയാളക്കരയിലും മറുനാടുകളിലും ഈ ദുഷ്‌വാര്‍ത്ത മാറ്റൊലിക്കൊണ്ടു. അനേകര്‍ അപലപിച്ചു. കേരളത്തിന്‍റ്റെ മുഖ്യസെക്രെട്ടറി, ഹൈക്കോടതിയില്‍ പ്രസ്താവിച്ചതിങ്ങനെ: ‘പള്ളിസെമിത്തേരികളില്‍ മൃതദേഹ സംസ്ക്കാരങ്ങള്‍ വിലക്കുന്നത് നഗ്‌നമായ മനുഷ്യാവകാശ നിഷേധമാണ്. സാമൂഹ്യവും മതപരവുമായ പ്രത്യാഘാതങ്ങള്‍ക്ക് അത് കാരണമാകും’.

ഉന്നതനീതിപീഠന്യായാധിപന്‍ അരുണ്‍ മിശ്രയുടെ പ്രസ്താവം ശ്രവിക്കുക: 'മലങ്കര സഭാപള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോടതി ഇടപെടുന്നതല്ല'. 2017ലെ കോടതിവിധി സഭാഭരണം സംബന്ധിച്ചുള്ളതാണ്.

 എന്നാല്‍, '2017 ലെ കോടതിവിധിയുടെ ലംഘനം' എന്നാണ്  ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചത്.

ഇത്തരുണത്തില്‍, ഫാ. പുഞ്ചക്കോണത്തിന്‍റ്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് പരിശോധിക്കാം!  'അടുത്തകാലത്തായി ശവസംസ്ക്കാരശുശ്രൂഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചിലപരാതികളും അനിഷ്ടസംഭവങ്ങളും ഉയര്‍ന്നുവരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്'.

കഷ്ടമാണെന്ന് പറയാന്‍ അദ്ദേഹം മടിക്കുന്നു! സ്വീകാര്യമല്ല എന്ന് പറയാന്‍  തുനിയുന്നില്ല! ക്രിസ്തീയമല്ല എന്നത് മനസ്സിലാക്കാന്‍പോലും മെനക്കെടുന്നില്ല.

ഈ അെ്രെകസ്തവ ഇടപെടലുകളുടെ ഉറവിടംതേടി നാം ഏങ്ങും തിരയേണ്ടതില്ല. അതറിയാത്തവര്‍ ഭൂമിമലയാളത്തില്‍ വസിക്കുന്നില്ല!

പൊടുന്നനെവേ, പെട്ടെന്ന് അടുത്തകാലത്ത്  സംഭവിച്ചവയാണോ

(ഫാ. പുഞ്ചക്കോണം പറഞ്ഞതുപോലെ) കേരളത്തിലെ ക്രിസ്തീയദേവാലയങ്ങളോട് ബന്ധപ്പെട്ട ഇമ്മാതിരി നെറികേടുകള്‍?

അല്ലെന്ന്  ഉച്ചത്തില്‍ പറയുവാന്‍ ഭൂതകാല കേരള ചരിത്രത്തിലെ പ്രമാദമായ അനേകം സംഭവങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുന്നു!

 തന്‍റ്റെ സര്‍ഗ്ഗശക്തിയിലൂടെയും രചനാപാടവത്തിലൂടെയും കൈരളിക്ക് പൊതുവെയും ക്രിസ്തീയ സമുദായത്തിന് പ്രത്യേകമായും മഹത്തായ സംഭാവനകള്‍ നല്കിയ പ്രതിഭയാണ് പ്രൊഫസര്‍  എം.പി.പോള്‍. അദേഹത്തിന്‍റ്റെ മൃതദേഹത്തെ കത്തോലിക്കാപള്ളി മേലാളന്മാര്‍ അപമാനിച്ചത് പാറ്റൂര്‍ പള്ളിയിലെ തെമ്മാടിക്കുഴയില്‍ അന്ത്യവിശ്രമം ഒരുക്കിയാണ്. കാരണമില്ലാതല്ല  അദ്ദേഹം തിരുമേനിമാരുടെ മോതിരം മുത്തിയില്ല! മുന്നില്‍ മുട്ടില്‍നിന്ന് മൊഴിഞ്ഞില്ല! പാഴ്വാക്കുകളെ വിഴുങ്ങിയില്ല! തിരുവായ്ക്ക് എതിരെ വായ് തുറന്നു!!

 'മൂര്‍ഖപാപികള്‍ക്കുള്ള ഇടം തെമ്മാടിക്കുഴി'. അതൊരു പരസ്യപ്രസ്താവനയായിരുന്നു, ജാഗ്രതാ സന്ദേശമായിരുന്നു!

കേരളത്തിലെ കത്തോലിക്കാ സഭാധികാരികള്‍ ശ്രീ. എം.പി പോളിന് തെമ്മാടിക്കുഴി വിധിച്ചത് 'അടുത്തകാലത്തല്ല'. ഏകദേശം ഏഴു ദശാബ്ദങ്ങള്‍ക്കു മുന്‍പ്  1952 ല്‍ ആണെന്നറിയുക ! 

 സ്കൂള്‍ ഹെഡ്  മാസ്റ്റര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്റ്, സാമൂഹ്യപ്രവര്‍ത്തകന്‍, സഭാസ്‌നേഹി ഇതൊക്കെയായിരുന്നു കുറവിലങ്ങാട്ട് വെള്ളായിപ്പറമ്പില്‍ കുര്യന്‍ സാര്‍. അദ്ദേഹത്തിന്‍റ്റെ  ദേഹി ദേഹംവെടിഞ്ഞ മുഹൂര്‍ത്തമാണ് പള്ളിവികാരിക്ക് പ്രതികാരം ചെയ്യാനുള്ള മൂച്ചു നല്‍കിയത്. കുര്യന്‍ സാറിന്, പള്ളിവികാരി സഭാപരമായ മരിച്ചടക്ക് നിഷേധിച്ചു. പാലാ മെത്രാന്‍ മാര്‍ പള്ളിയ്ക്കാപ്പറമ്പിലും വികാരിയെ തുണച്ചു. പക്ഷെ, നാട്ടുകാര്‍ ഉണര്‍ന്നു. പരേതനായ ശ്രീ.ജോസഫ് പുലിക്കുന്നേലിന്‍റ്റെ കാര്‍മ്മികത്വത്തില്‍ പള്ളിസെമിത്തേരിയില്‍ ശ്രീ. കുര്യന്‍റ്റെ മൃതശരീരം, ആയിരങ്ങളുടെ അശ്രുകണങ്ങളുടെ അകമ്പടിയില്‍ അടക്കം ചെയ്തു. ശ്രീ.കുര്യന്‍റ്റെ കുടുംബക്കാര്‍ പാലാ മെത്രാനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. മെത്രാന്‍, രണ്ടരലക്ഷം രൂപ മാനനഷ്ടപരിഹാരമായി നല്‍കാന്‍ വിധിയായി. പക്ഷെ ജയം മെതാനായിരുന്നു! മെത്രാന് മെയ്യനങേണ്ടി വന്നില്ല! സഭാംഗങ്ങളുടെ വിയര്‍പ്പിന്‍റ്റെ വിലയായും വിധവകളുടെ ചില്ലിക്കാശുകളായും ശേഖരിച്ച കാശു കൊടുത്തു് മെത്രാന്‍ മിടുക്കനായി. പള്ളിക്കു കാശു കൊടുത്ത സഭാംഗങ്ങള്‍ മണ്ടന്മാരായി. അതാണല്ലോ എല്ലാമതങ്ങളിലും നടമാടുന്നത്. മണ്ടന്മാരായ വിശ്വാസികളെ ശ്വാസംമുട്ടിച്ചും ചൂഷണംചെയ്തും പുരോഹിതവര്‍ഗ്ഗം പുരോഗമിക്കുന്നു.

ശ്രീ. കുര്യന്‍ ചെയ്ത അപരാധം എന്തായിരുന്നു? മഹാത്മാ ഗാന്ധി സര്‍വകലാശാലപ്പരീക്ഷയില്‍ ഒരു കന്യാസ്ത്രി കണ്ടെഴുതിയതിന് പിടിക്കപ്പെട്ടു. സെനറ്റ് അംഗമായിരുന്ന ശ്രീ. കുര്യന്‍ കന്യാസ്ത്രിയെ തുണച്ചില്ല!

കോടതികളും ന്യായാധിപന്മാരുംപോലും തങ്ങളെ താങ്ങണമെന്നു ശഠിക്കുന്ന  കൂട്ടരാണ് കേരളത്തിലെ ക്രിസ്തീയസഭാമേധാവികള്‍!

ശ്രീ. കുര്യന്‍റ്റെ മൃതദേഹത്തോട് വികാരിയും മെത്രാനും പ്രതികാരം ചെയ്തത് 'അടുത്ത കാലത്തല്ല'. ഏകദേശം ഒരു പതിറ്റാണ്ടു മുന്‍പാണെന്നു മറക്കരുത്.

നിരത്താന്‍ നിരവധി ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്. 2012  ല്‍, രാമപുരം മാനന്നൂര്‍ പള്ളിയില്‍  കല്ലുവെട്ടത്തു കുട്ടപ്പന് പള്ളി സെമിത്തേരിയില്‍ ഇടം നല്‍കാന്‍ വികാരി വിസമ്മതിച്ചു, സെമിത്തേരിക്ക് പൂട്ടിട്ടു. ഇടവകാംഗങ്ങള്‍ പൂട്ടുതകര്‍ത്തു, ശവസംസ്ക്കാരം നടത്തി. വികാരിക്ക് വിക്ഷോഭം ഉണ്ടാകാന്‍ കാരണം, പള്ളിയാവശ്യപ്പെട്ട ചില വിവരങ്ങള്‍ കാലപരിധിക്കുള്ളില്‍ നല്‍കിയില്ല  എന്നതാണ്.

ആലപ്പുഴ ജില്ലയിലെ ഉഴവയിലാണ് സംഭവം. മകന്‍ ഷിബു പതിവായി പള്ളിയില്‍ പോയിരുന്നില്ലയെന്ന കാരണത്താല്‍, ലീലാമ്മയ്ക്ക് (അമ്മ), സെന്‍റ്റ് ആന്‍സ് പള്ളി വികാരി സെമിത്തേരിയില്‍ ഇടം നല്‍കാന്‍ കൂട്ടാക്കിയില്ല. പരേതനായ ശ്രീ. പുലിക്കുന്നേല്‍ സാറില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട ഷിബു,  അമ്മയുടെ ദേഹം വീട്ടുപറമ്പില്‍ ദഹിപ്പിച്ചു കൃതാര്‍ത്ഥനായി.

അടുത്തയിടയില്‍ അരങേറിയ മറ്റൊരു സംഭവം പരാമര്‍ശിക്കട്ടെ? കോട്ടയത്തു നടന്നതാണ്  2016 ല്‍. ബോളിവുഡ് സിനിമാതാരം പ്രിയങ്ക ചോപ്രായുടെ അമ്മയ്ക്ക് അട്ടമംഗലം സെയിന്‍റ്റ് ജോണ്‍ പള്ളി വികാരി പള്ളിസെമിത്തേരിയില്‍ സംസ്ക്കാരം വിലക്കി. ഒരു ഹിന്ദുവിനെ ജീവിതപങ്കാളിയായി അവര്‍ സ്വീകരിച്ചുവെന്നതാണ് കാരണം. മറ്റൊരു പുരോഹിതശ്രേഷ്ഠന്‍ തന്‍റ്റെ പള്ളിയില്‍ അവര്‍ക്ക് അഭയമരുളി പ്രശ്!നം പരിഹരിച്ചു.

അടുത്തയിടയില്‍ നടന്ന മറ്റൊരു സംഭവംകൂടി നാം  അറിഞ്ഞിരിക്കണം. കിഴക്കേവീട്ടില്‍ മറിയാമ്മ രാജന്‍ എന്ന 91 വയസ്സുകാരി അമ്മച്ചിക്ക് കട്ടച്ചിറപ്പള്ളിയില്‍ ശവസംസ്ക്കാരം നിഷേധിക്കപ്പെട്ടു. ഓര്‍ത്തഡോക്‌സ്/യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള വിഭാഗീയതയായിരുന്നു വിനയായത്.

ശത്രുക്കളോടുപോലും പകയും പ്രതികാരവും പാടില്ലെന്ന് പഠിപ്പിച്ച കര്‍ത്താവിന്റ്‌റെ ഇഹത്തിലെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്ന പുരോഹിതവര്‍ഗ്ഗമാണ് ഇമ്മാതിരി െ്രെകസ്തവികമല്ലാത്ത നടപടികളില്‍ ഏര്‍പ്പെടുന്നുവെന്നത് ഖേദകരമാണ്. ഇവ മറ്റു മതസ്ഥര്‍ക്കുപോലും അറപ്പും, ഉതപ്പും, ഇടര്‍ച്ചയും ഉണ്ടാക്കാന്‍ ഇടയാക്കുന്നു.

 വര്‍ത്തമാനകേരളത്തില്‍, ഇറക്കുമതി ചെയ്യപ്പെട്ട ക്രിസ്തീയ പുരോഹിതന്‍മാര്‍ ആരുംതന്നെ ഉണ്ടെന്നു തോന്നുന്നില്ല. ഉള്ളവരെല്ലാംതന്നെ കേരളീയ രക്തവും നീരും സിരകളിലൂടെ ഒഴുകുന്നവരാണ്. നമ്മുടെ സഹോദരന്മാരാണ്. നമ്മുടെ സന്താനങ്ങളാണ്. നമ്മുടെ അമ്മാവന്മാരാണ്. അവര്‍ക്കെങ്ങനെ അവരുടെ പിതാവിന്‍റ്റെയും, മാതാവിന്‍റ്റെയും, സഹോദരന്‍റ്റെയും, സഹോദരിയുടെയും ചേതനയറ്റ ശരീരംവെച്ചു് വിലപേശാനും വാശി തീര്‍ക്കാനും, ശവപ്പറമ്പു  ചട്ടമ്പികളാകാനും കഴിയും? നിങ്ങളെയും എന്നെയും മാത്രമല്ല കേരളീയ സമൂഹത്തെയാകമാനം അന്ധാളിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചോദ്യമല്ലേ ഇത്?

കൃസ്തുമത മേധാവികള്‍ അെ്രെകസ്തവപ്രവര്‍ത്തികളില്‍ അഭിരമിക്കുന്നതില്‍, സഭാചരിത്രമറിയുന്നവര്‍ക്ക് അതിശയത്തിന് വകയില്ല. 897 ല്‍, റോമിലെ സെന്‍റ്റ് ജോണ്‍ ബസ്ലിക്കയില്‍ ഒരു അസാധാരണ വിചാരണ അരങേറു കയുണ്ടായി. സ്റ്റീഫന്‍ ആറാമന്‍ മാര്‍പ്പാപ്പായായിരുന്നു അതിന്‍റ്റെ സൂത്രധാരകന്‍. 'കല്ലറ കവര്‍ച്ചക്കാരന്‍' എന്ന അപരനാമവും അദ്ദേഹത്തിന് സ്വന്തം. അദ്ദേഹത്തെ അനഗം (Anagam) രൂപതയുടെ മെത്രാനായി (അനിഷ്ടം അവഗണിച്ചു്)  വാഴിച്ചത് മുന്‍ഗാമിയായിരുന്ന ഫോര്‍മോസസ് (Pope Formosas) മാര്‍പ്പാപ്പ ആയിരുന്നു. മുന്‍ഗാമിയായിരുന്ന ഫോര്‍മോസസ് പാപ്പായുടെ മൃതദേഹം കല്ലറയില്‍ നിന്നും വീണ്ടെടുത്ത് സ്ഥാനവസ്ത്രങ്ങളും അധികാരചിഹ്ന്‌നങ്ങളും അണിയിച്ചു. ബസ്ലിക്കയില്‍വെച്ചു മതനിന്ദക്കുറ്റത്തിന് വിചാരണ നടത്തി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് പ്രതികരിക്കാന്‍ ഒന്നുമില്ലായിരുന്നു. കുറ്റക്കാരനാണെന്ന് വിധിച്ചു, പൂര്‍വ്വകാലപ്രാബല്യത്തോടെ പാപ്പാസ്ഥാനം അസാധുവാക്കി. മാര്‍പ്പാപ്പയായിരുന്നപ്പോള്‍ സന്ദര്‍ശകരെ അനുഗ്രഹിച്ചിരുന്ന വലതു കരത്തിലെ മൂന്നുവിരലുകള്‍ വിഛേദിക്കപ്പെട്ടു. ഔദ്യോഗിക വസ്ത്രങ്ങളും അലങ്കാരങ്ങളും അഴിച്ചുമാറ്റി. തെരുവുവസ്ത്രങ്ങള്‍ അണിയിച്ചു. അതുകൊണ്ടും അരിശം തീരാഞ്ഞിട്ട് അഴുകിത്തുടങ്ങിയ മൃതശരീരം റോമാപുരിയുടെ തെരുവുകളിലൂടെ വലിച്ചിഴച്ചു. അവസാനം ടൈബര്‍ നദിയില്‍ വലിച്ചെറിഞ്ഞു. ഒരു മൃതദേഹത്തോട് പ്രതികാരം ചെയ്യാന്‍വേണ്ടിമാത്രം തട്ടിക്കൂട്ടിയ സിനഡായിരുന്നു അത് നിര്‍വഹിച്ചത്.  കാടാവേര്‍ സിനഡ് (Kadaver) എന്ന കുപ്രസിദ്ധ പേരില്‍ ചരിത്രത്തില്‍ അത് ഇടം പിടിച്ചിരിക്കുന്നു. ഭൂമിയിടപാടുകളിലെ തട്ടിപ്പുകളും വെട്ടിപ്പുകളും മറച്ചുവെക്കാനും എതിരാളികളെ വെട്ടിലാക്കാനും അനാവശ്യ വിവാദങ്ങള്‍ക്ക് വഴി വെട്ടാനുമായി കേരളത്തിലും സിനഡുകള്‍ കൂടാറുണ്ടല്ലോ! 

 ലോകമാസകലം ആയിരക്കണക്കിന് ക്രിസ്തീയ സഭകള്‍ നൂറ്റാണ്ടുകളായി തുടരുന്ന നീതിനിഷേധങ്ങള്‍ക്കും പ്രതികാരനടപടികള്‍ക്കും നിദാനം സ്റ്റീഫന്‍ ആറാമന്‍ മാര്‍പ്പാപ്പായുടെയും മറ്റനേകം മാര്‍പ്പാപ്പാമാരുടെയും നികൃഷ്ട ചെയ്തികളെ സഭാമേലാളന്മാര്‍ ഉളുപ്പില്ലാതെ പിന്‍തുടരുന്നതുമൂലമാണ് എന്നു കരുതുന്നതില്‍ കഴമ്പുണ്ട്. മാര്‍പ്പാപ്പാമാരുടെ വിശുദ്ധ കുരിശു യുദ്ധങ്ങളും, യഹൂദക്കുരുതികളും, വിശുദ്ധ  മതനിന്ദവിചാരണക്കോടതികളും, പുസ്തക വിലക്കുകളും, മൃതദേഹ നിന്ദനങ്ങളും മറ്റും മറ്റും പാപ്പായുടെ പിന്‍ഗാമികള്‍ ഇന്നും തുടരുന്നതില്‍ അതിശയത്തിന് അവകാശമില്ല. 

പണത്തിന്‍റ്റെയും പദവിയുടെയും റീത്തിന്‍റ്റെയും ലിറ്റര്‍ജിയുടെയും കുരിശാകൃതിയുടെയും പേരില്‍ പരസ്പരം പോരടിക്കുന്ന, കോടതി കയറുന്ന പള്ളികളും പുരോഹിതന്മാരും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചുതുടങ്ങിയപ്പോള്‍ ജനകീയ സര്‍ക്കാരിന് കണ്ണും കാതും പൂട്ടി കഴിയാനായില്ല. ഈ മനുഷ്യാവകാശധ്വംസനത്തിനു തടയിടാനാണ് സര്‍ക്കാര്‍ കേരള ക്രിസ്ത്യന്‍ സെമിത്തേരി ഓര്‍ഡിനന്‍സ് പുറത്തെടുത്തത്. പൊതുസമൂഹം ഓര്‍ഡിനന്‍സിനോട് ക്രിയാത്മകമായി പ്രതികരിച്ചപ്പോള്‍ സ്ഥാപിത താല്പര്യങ്ങളെ താലോലിക്കുന്ന പള്ളികളും പ്രതിലോമ ശക്തികളും 'മതം അപകടത്തില്‍', 'ന്യൂനപക്ഷാവകാശ ധ്വംസനം' എന്നിങ്ങനെയുള്ള പഴകിയ പതിവു പല്ലവികളുമായി മറനീക്കിയിറങ്ങിയിരിക്കുന്നു. മുറവിളി കൂട്ടുന്നു. കോടതി കയറുന്നു. കോടതികളില്‍നിന്നും കൊട്ടു വാങ്ങുന്നു. ഇവരെ ഒറ്റപ്പെടുത്തേണ്ട കടമ പ്രധാനമായും പൊതുസമൂഹത്തിന്‍റ്റേതാണ്. അത് നാം മറക്കരുത്.

ഓര്‍ഡിനന്‍സില്‍ പ്രയോഗിച്ചിരിക്കുന്ന സെമിത്തേരി, ക്രിസ്ത്യന്‍, ഇടവക, കുടുംബാംഗം എന്നിങ്ങനെയുള്ള ചില വാക്കുകളുടെ നിര്‍വചനം നിക്ഷിപ്ത താല്പര്യങ്ങള്‍  വച്ചുപുലര്‍ത്തുന്നവര്‍ക്കു ദഹിക്കുന്നില്ല.. എല്ലാ ശ്മശാനങ്ങളൂം പൊതു ശ്മശാനങ്ങളായി മാറുമെന്ന ഭീതി പടര്‍ത്താന്‍ അവര്‍ പാടുപെടുന്നു.

'ചുരുക്കത്തില്‍ എല്ലാ ശ്മശാനങ്ങളും പൊതുശ്മശാനങ്ങളായി മാറും' എന്ന ഭീതി ഫാ. പുഞ്ചക്കോണം ലേഖനത്തിലൂടെ പ്രകടിപ്പിക്കുന്നു. അമേരിക്കയിലെ പൊതുശ്മശാനങ്ങള്‍ക്കുള്ള സാരമായ പോരായ്മകള്‍ അങ്ങ് ചൂണ്ടിക്കാണിച്ചാല്‍ ഉപകാരമായി. മനുഷ്യര്‍ക്ക് ലോകത്തിലെവിടെയും ജനിക്കാം, ജീവിക്കാം, മരിക്കാം. പിന്നെ എന്തുകൊണ്ട് ഒരു പൊതു ശ്മശാനത്തില്‍ മണ്ണോടു മണ്ണു ചേര്‍ന്നുകൂടാ? പള്ളിപ്പറമ്പിലെ പിണക്കങ്ങക്കും, പിച്ചാത്തി പ്രയോഗങ്ങള്‍ക്കും, പോലീസ് നടപടികള്‍ക്കും, വിലപേശലിനും ഇടമെന്തിനുകൊടുക്കണം?

'ചുരുക്കത്തില്‍ എല്ലാ ശ്മശാനങ്ങളും പൊതുശ്മശാനങ്ങളായി മാറും' എന്ന ഭീതി ഫാ. പുഞ്ചക്കോണം ലേഖനത്തിലൂടെ പ്രകടിപ്പിക്കുന്നു. അമേരിക്കയിലെ പൊതുശ്മശാനങ്ങള്‍ക്കുള്ള സാരമായ പോരായ്മകള്‍ അങ്ങ് ചൂണ്ടിക്കാണിച്ചാല്‍ ഉപകാരമായി. മനുഷ്യര്‍ക്ക് ലോകത്തിലെവിടെയും ജനിക്കാം, ജീവിക്കാം, മരിക്കാം. പിന്നെ എന്തുകൊണ്ട് ഒരു പൊതു ശ്മശാനത്തില്‍ മണ്ണോടു മണ്ണു ചേര്‍ന്നുകൂടാ? പള്ളിപ്പറമ്പിലെ പിണക്കങ്ങക്കും, പിച്ചാത്തി പ്രയോഗങ്ങള്‍ക്കും, പോലീസ് നടപടികള്‍ക്കും, വിലപേശലിനും ഇടമെന്തിനുകൊടുക്കണം? 

അന്ത്യവിശ്രമ വേളയിലെങ്കിലും മനുഷ്യനെ മതം വെറുതെ വിട്ടിരുന്നെങ്കില്‍! അതിന് മറ്റൊരു ഓര്‍ഡിനന്‍സ് വേണ്ടിവരുമോ?

ഇതേ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട്, ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഷെവലിയര്‍ വി.സി സെബാസ്റ്റ്യന്‍ ഇമലയാളിയില്‍ എഴുതി: 'ക്രിസ്ത്യാനികള്‍ പരിപാവനമായി കരുതുന്ന ഇടമാണ് സെമിത്തേരികള്‍'. അങ്ങനെയെങ്കില്‍, ഒരോവര്‍ഷവും കേരളത്തില്‍ കാലംചെയ്യുന്ന നൂറുകണക്കിനു കത്തനാരന്മാരും കന്യാസ്ത്രികളും എന്തേ സെമിത്തേരികളില്‍ സംസ്ക്കരിക്കപ്പെടുന്നില്ല? പരിപാവന ഇടങ്ങളുടെ പവിത്രതയെ പങ്കിലമാക്കുവാന്‍ എന്തേ പുരോഹിതന്മാര്‍ പിടിവാശി കാണിക്കുന്നു?

പ്രിയപ്പെട്ട വായനക്കാരോട് ഒരപേക്ഷ: ശവദാഹത്തെപ്പറ്റി (cremeation) നിങ്ങള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, അറിയാന്‍ ശ്രമിക്കുക. അന്ത്യവിശ്രമവേളയിലെങ്കിലും പള്ളിയുടെ നീരാളിപ്പിടുത്തതില്‍നിന്നും നിങ്ങള്‍ വിമുക്തരായേക്കാം. പരിസ്ഥിതി പ്രശ്‌നനങ്ങളുടെ പ്രഹരത്തിന് തെല്ലൊരു മറുമരുന്നും. അറിയുക, അറിവ് നിങ്ങളെ സ്വാതന്ത്രരാക്കും!


Join WhatsApp News
നിയമങ്ങള്‍ വേണം ദൈവങ്ങള്‍ കണ്ണ് അടക് 2020-02-03 08:43:24
നിയമങ്ങള്‍ വേണം ദൈവങ്ങള്‍ കണ്ണ് അടക്കുമ്പോള്‍ വളരെ വിശദമായി സത്യങ്ങളെ തുറന്നു കാണിക്കുന്ന - ശ്രീ ജോർജ് നെടുവേലിയുടെ ഇ ലേഖനം എല്ലാവരും വായിക്കുകയും ചിന്തിക്കുകയും ചെയ്യണം, പ്രത്യേകിച്ചും കുപ്പായ തൊഴിലാളികളും അവരുടെ ശിങ്കിടികളും. ഇതിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളും പള്ളിക്കാരും അവരുടെ വിഭാഗീയ ചിന്തയുടെ അടിമകൾ ആണ്. അവർക്കു സത്യം കാണാൻ ഉള്ള കഴിവ് പണ്ടേ നഷ്ടപ്പെട്ടവർ ആണ് കാരണം സത്യം കാണുമ്പോൾ കണ്ണ് അടച്ചു പരിശീലിച്ചവർ ആണ് അവർ. അവരുടെ ഒക്കെ സ്വന്തക്കാരുടെ ശവം വച്ച് വിലപേശിയാൽ മാത്രമേ അവർക്കു നോവുകയുള്ളു. ക്രിസ്തിയ സഭകൾ ഇത്തരം പൈശാചികമായ പ്രവർത്തികൾ ചെയ്യുന്നത് ആണ് മാവോയിസം, നക്സലിസം , ഇന്ന് ശക്തി പ്രാപിക്കുന്ന ഹിന്ദു- ദേശീയ വാദം ഒക്കെ ജനിക്കുകയും വളരുകയും ചെയ്യുന്നതിൻ്റെ കാരണം. മത പരിവർത്തനം എന്ന ഹീനതയും മറ്റൊരു കാരണം. പാട്രിയാർക് വിഭാഗത്തിൻ്റെ അധിനത്തിൽ ഉള്ള പള്ളികളിൽ അവർ ഓർത്തഡോക്സ് കാരുടെ ശവം അടക്കൽ തടഞ്ഞു എന്നത് സത്യം തന്നെ. എന്നാൽ ഓർത്തഡോക്സ് കാർക്ക് അധികാരം കിട്ടിയപ്പോൾ പാട്രിയാർക് വിഭാഗക്കാരോട് പ്രതികാരം വീട്ടുന്നതു മാനുഷികം അല്ല, പൈശാചികം തന്നെ ആണ്. സെമിത്തേരി ഏതു പള്ളിക്കാരൻ്റെ ആണെങ്കിലും അവിടുത്തെ മുൻ അംഗങ്ങളുടെ ശവം അവിടെ മറവ് ചെയ്യുവാൻ ഉള്ള നിയമം ഉണ്ടാകണം. സെമിത്തേരികൾ ലോക്കൽ ഗവണ്മെന്റ് മേൽനോട്ടത്തിൽ ആവണം. ലോക്കൽ ഗുണ്ടാത്തലവൻ വികാരിയും കുട്ടി പട്ടാളവും ആയിരിക്കരുത് അവ ഭരിക്കുന്നത്. എല്ലാ ചെറിയ ഗ്രാമങ്ങളിലും പൊതു ശ്മശാനവും അവിടെ ശവം അടക്കാനുള്ള മനോഭാവും ഉണ്ടാകണം, അപ്പോൾ പുരോഹിതരുടെ അധികാരത്തിൽ നിന്നും, സഭ/ മതത്തിൻ്റെ അടിമത്തത്തിൽ നിന്നും രക്ഷ പെട്ടവരുടെ എണ്ണം വർധിക്കും. സാംസ്കാരികമായി വളർന്ന പ്രദേശങ്ങളിൽ നിന്നും മതങ്ങൾ അപ്രത്യഷം ആയി. പക്ഷേ ഇന്ത്യയിലും കേരളത്തിലും അത്തരം വളർച്ച വളരെ വിദൂരം ആണ്. അതിനാൽ ശക്തമായ നിയമങ്ങൾ ഉണ്ടാകണം. ശവം തടഞ്ഞു ഹുങ്ക് കാണിക്കുന്നവരെ ജയിലിൽ ഇടണം. മനുഷ സ്നേഹികൾ ആയ എഴുത്തുകാർ ശ്രീ നെടുവേലിയെപോലെ സത്യം, നീതി, സ്നേഹം, എന്നിങ്ങനെ ഉള്ള പൊതു നന്മ്മ വളരുവാൻ എഴുതുന്നവർ ആയി പരിണമിക്കട്ടെ എന്ന പ്രതീക്ഷകളോടെ !!!!!!! -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക