Image

ക്യാമ്പസിലെ കൂവൽ വിവാദം :ടോവിനോക്കെതിരെ ആഞ്ഞടിച്ച് മണിക്കുട്ടൻ

Published on 03 February, 2020
ക്യാമ്പസിലെ കൂവൽ വിവാദം :ടോവിനോക്കെതിരെ ആഞ്ഞടിച്ച് മണിക്കുട്ടൻ

യുവ നടൻ ടോവിനോയുടെ കൂവൽ വിവാദമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രസംഗത്തിനിടെ കൂവിയെ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിച്ച സംഭവത്തില്‍ നടന്‍ ടൊവീനോ തോമസിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുണ്ട്. സംഭവത്തില്‍ ടൊവീനോയ്ക്കെതിരെ കെഎസ്യു നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ്. ടൊവീനോ മാപ്പ് പറയണമെന്ന ആവശ്യവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ ഇക്കാര്യത്തെ രൂക്ഷമായി വിമർശിച്ച് മണിക്കുട്ടൻ രംഗത്ത് എത്തിയിരിക്കുകയാണ്. മുടി മുറിയ്ക്കലും , കൂകി വിളികൾക്കെതിരെയുള്ള പ്രതികരണരീതിയും ബ്രേക്കിങ് ന്യൂസ് ആകുന്ന കാലത്ത് നമ്മള്‍ പ്രതിധാനം ചെയ്യുന്ന സിനിമാ വ്യവസായത്തിന് , സിനിമാ എന്ന കലാരൂപത്തിന് കോട്ടം തട്ടുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെയിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് നടൻ മണിക്കുട്ടൻ പറയുന്നു.

 

 പോസ്റ്റിന്റെ പൂർണ്ണരൂപം 

 

 

കൂകിവിളിയ്ക്കെതിരെ പ്രതികരിക്കുന്ന യുവതലമുറ*

അഭിനേതാവ് എന്ന നിലയില്‍ കുറച്ചധികം വര്‍ഷങ്ങളായി നിങ്ങളെന്നെ കാണുന്നുണ്ടാകും. ആദ്യമേ പറഞ്ഞു കൊള്ളട്ടേ,ഞാന്‍ എല്ലാം തികഞ്ഞൊരു വ്യക്തിയോ നടനോ അല്ല എന്ന ബോധ്യം മറ്റാരെക്കാള്‍ എനിക്ക് നന്നായി തന്നെയുണ്ട്.മലയാള സിനിമയിലെ യുവതാരങ്ങളില്‍ പലരും പല വിവാദങ്ങളിലും ചെന്ന് പെടുന്ന വാര്‍ത്തകള്‍ ദിനംപ്രതി കാണുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാമെന്ന് കരുതിയത്.ശരിയാണ് ഞാനും ഒരു മനുഷ്യനാണ്. നാളെ എന്റെ ഭാഗത്ത് നിന്നും തെറ്റുകള്‍ സംഭവിക്കാം. പക്ഷേ അറിഞ്ഞുകൊണ്ട് അത്തരം തെറ്റുകളിലും വിവാദങ്ങളിലും ചാടാതിരിക്കാന്‍ ശ്രമിക്കേണ്ടത് എന്റെ കടമയാണ്.

വിവാദങ്ങളിലും അനാവശ്യ പ്രശ്നങ്ങളിലും ചെന്ന് പെടാതെ എനിക്കു ലഭിക്കുന്ന ചെറിയ ഇടത്തില്‍ എന്റെ കൊച്ച് കൊച്ച് വിഷമങ്ങളും സന്തോഷങ്ങളുമായി കഴിയുന്ന ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു സിനിമ പുറത്തിറങ്ങുന്നത് നൂറു കണക്കിന് പേരുടെ കഷ്ടപ്പാടുകളുടെ ഫലമായാണ്. ഒരു കഥ ജനിക്കുന്നതും അത് തിരക്കഥയായി രൂപാന്തരപ്പെടുന്നതും അത് Dedicated ആയ ഒരു സംവിധായകനിലെത്തുന്നതുമൊക്കെ ഒരു വലിയ പ്രക്രിയയാണ്. അതേ പോലെ സംവിധായകന്‍ മനസ്സില്‍ കാണുന്ന സിനിമയ്ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റ് പോലും സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കളും ചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്.മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്‍ മോഡലാക്കി സിനിമ സ്വപ്നം കാണുന്ന ആയിരക്കണക്കിന് സിനിമാ മോഹികളില്‍ ഒരാളാണ് ഞാനും.ആ തലമുറയ്ക്ക് ശേഷം എടുത്ത് പറയേണ്ട ചില പേരുകളുണ്ട്. പൃഥ്വിരാജ് , ചാക്കോച്ചന്‍ (കുഞ്ചാക്കോ ബോബന്‍) , ജയേട്ടന്‍ (ജയസൂര്യ), ഉണ്ണി (ഉണ്ണി മുകുന്ദന്‍) എന്നിവര്‍.

തങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇവരൊക്കെ നടത്തുന്ന ആത്മസമര്‍പ്പണം പറയാതിരിക്കാനാകില്ല. അഹങ്കാരിയെന്ന് ഒരുകാലത്ത് മുദ്രകുത്തപ്പെട്ട പൃഥ്വിരാജ് ഇന്ന് ഈ കൂകി വിളിച്ചു ട്രോളിയവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരനായത് വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ ഒന്നു കൊണ്ട് മാത്രമാണ്. നടനായും , സംവിധായകനായും , നിര്‍മ്മാതാവായും ഒക്കെ അദ്ദേഹം നിറഞ്ഞ് നില്‍ക്കുന്നത് സിനിമയെ അത്രത്തോളം പൃഥ്വിരാജ് എന്ന നടന്‍ സ്നേഹിക്കുന്നതു കൊണ്ടാണ്, അതുപോലെ തന്നെ തനിക്ക് ചുറ്റുമുള്ള ഒരു വിവാദങ്ങളെയും ശ്രദ്ധിക്കാത്തത് കൊണ്ടും കൂടിയാണ്. ഇപ്പൊ കരിയറിന്റെ everpeak സമയത്തു നിൽക്കുന്ന ഈ സമയത്തു നാല് മാസം ബ്രേക്ക്‌ എടുത്തു ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തുന്ന മേക്കോവര്‍ കണ്ട് ഞങ്ങളൊക്കെ അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്.

മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ അനിയത്തിപ്രാവ് മുതല്‍ തരംഗമാണ്. പക്ഷേ അതേ കുഞ്ചാക്കോ ബോബനെന്ന നടന് ഇടക്കാലത്ത് ഒരുപാട് struggle ചെയ്യേണ്ടി വന്നു. പക്ഷേ അത് കഴിഞ്ഞ് അദ്ദേഹം നടത്തിയ ആ ഒന്നൊന്നര തിരിച്ചു വരവിനെപ്പറ്റി എടുത്ത് പറഞ്ഞേപ്പറ്റു.അതേ പോലെ പറയേണ്ട ഒരു പേരാണ് ജയസൂര്യ എന്ന നടന്റേത്. മിമിക്രി വേദികളിലൂടെ തുടങ്ങി , പിന്നീട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പടി പടിയായി മുകളിലേയ്ക്ക് വന്ന നടനാണ് ജയേട്ടന്‍. ഇന്നദ്ദേഹം എവിടെയെത്തി നില്‍ക്കുന്നു എന്ന് ശ്രദ്ധിച്ചു നോക്കു.ഉണ്ണി മുകുന്ദനെന്ന നടന്‍ കരിയര്‍ ആരംഭിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിട്ടില്ല. എങ്കിലും സിനിമകള്‍ തെരഞ്ഞെടുക്കാനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാനും ഉണ്ണി കാണിക്കുന്ന ആത്മാര്‍ത്ഥത ഇന്നത്തെ തലമുറ മാതൃകയാക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞവരൊക്കെ പല രീതിയില്‍ കഷ്ടപ്പെട്ട് ഈ നിലയില്‍ എത്തിയവരാണ്. ഒരുപക്ഷേ ഒന്നോ രണ്ടോ സിനിമ കൊണ്ട് സൂപ്പര്‍ താരങ്ങളാകുന്ന പല ഇന്നത്തെ താരങ്ങള്‍ക്കും ആ കഷ്ടപ്പാട് അറിയണമെന്നില്ല. മുടി മുറിയ്ക്കലും , കൂകി വിളികൾക്കെതിരെയുള്ള പ്രതികരണരീതിയും Breaking news ആകുന്ന കാലത്ത് നമ്മള്‍ പ്രതിധാനം ചെയ്യുന്ന സിനിമാ വ്യവസായത്തിന് , സിനിമാ എന്ന കലാരൂപത്തിന് കോട്ടം തട്ടുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെയിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.മലായാള സിനിമ ലഹരിയ്ക്ക് അടിമപ്പെട്ടു എന്നൊക്കെയുള്ള വാദങ്ങളോട് എനിക്കൊരു തരി പോലും യോജിപ്പില്ല. അതേ സമയം ഇത്തരം വാദം ഉന്നയിക്കുന്നവര്‍ക്ക് അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ നോക്കിയാല്‍ നന്ന്.പുതിയ വര്‍ഷത്തില്‍ മലയാള സിനിമയില്‍ വലിയ വിജയങ്ങളുടെ വാര്‍ത്തകള്‍ മാത്രം പരക്കട്ടേ.വിവാദങ്ങള്‍ പരക്കാതിരിക്കട്ടേ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക