Image

ചക്ക കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം

Published on 03 February, 2020
ചക്ക കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനം
കൊച്ചി :കാന്‍സറിനുള്ള കീമോ ചികിത്സയുടെ വേദനാജനകമായ പാര്‍ശ്വഫലങ്ങള്‍ക്ക് ചക്കയിലൂടെ മോചനം. നാടന്‍ ചക്ക കഴിച്ചാല്‍ കീമോയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാമെന്ന പഠന പ്രബന്ധത്തിന് അംഗീകാരം.

കീമോതെറപ്പിക്കു വിധേയരാകുന്നവരില്‍ 43% പേര്‍ക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വരാറുണ്ട്. പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നല്‍കിയപ്പോള്‍ ഈ പാര്‍ശ്വഫലങ്ങള്‍ വരുന്നില്ലെന്നാണു കൊച്ചി റിനൈ മെഡിസിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയത്.

50 കാന്‍സര്‍ രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഡോ.തോമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ രോഗികള്‍ക്ക് ചക്കപ്പൊടി ചേര്‍ത്ത വിഭവങ്ങള്‍ നല്‍കുകയും കീമോയുടെ പാര്‍ശ്വഫലങ്ങളിലെ വ്യത്യാസം നിരീക്ഷിക്കുകയുമായിരുന്നു.

നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ലിനിക്കല്‍ ഗവേഷണത്തിലൂടെ, പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടന്‍ വിഭവങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാന പങ്കുവഹിച്ചത് മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ജയിംസ് ജോസഫ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ പരീക്ഷണത്തിനും മുന്നിട്ടിറങ്ങിയത്.

ഇതെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന പ്രബന്ധം റോമിലെ യൂറോപ്യന്‍ ന്യൂട്രീഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. സാന്‍ ഡിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും കോവളത്ത് നാളെ തുടങ്ങുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും ഇത് അവതരിപ്പിക്കും. രാജ്യാന്തര മെഡിക്കല്‍ ജേണലായ ബയോ മോളിക്യൂള്‍സില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക