Image

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)ക്ക് നവ നേതൃത്വം: മനോജ് വാട്ടപ്പള്ളില്‍ പ്രസിഡണ്ട്; ഫ്രാന്‍സിസ് തടത്തില്‍ സെക്രട്ടറി

സ്വന്തം ലേഖകന്‍ Published on 06 February, 2020
മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)ക്ക് നവ നേതൃത്വം: മനോജ് വാട്ടപ്പള്ളില്‍ പ്രസിഡണ്ട്; ഫ്രാന്‍സിസ് തടത്തില്‍ സെക്രട്ടറി
ന്യൂജേഴ്‌സി:മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)ക്ക് പുതിയ നേതൃത്വം. മനോജ് ജോസഫ് വട്ടപ്പിള്ളില്‍ പ്രസിഡണ്ടും ഫ്രാന്‍സിസ് തടത്തില്‍ സെക്രട്ടറിയുമായുള്ള പുതിയ എക്‌സിക്യൂട്ടീവ് ഫെബ്രുവരി രണ്ടിന് (ഞായറാഴ്ച്ച ചുമതലയേറ്റു. ഇന്നലെ റോസ്ലാന്‍ഡിലുള്ള  വി. എഫ്. ഡബ്ല്യൂ ഓഡിറ്റോറിയത്തില്‍ നടന്ന മഞ്ച് പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.  ഗിരീഷ് നായര്‍ (ഗാരി) ആണ് പുതിയ ട്രഷറര്‍. വൈസ് പ്രസിഡണ്ടായി രഞ്ജിത്ത് പിള്ളയെയും ജോയിന്റ് സെക്രട്ടറിയായി ഡോ. ഷൈനി രാജുവിനെയും ജോയിന്റ് ട്രഷറര്‍ ആയി ആന്റണി കല്ലകാവുങ്കലിനെയും തെരെഞ്ഞെടുത്തു. ഷൈനി ആല്‍ബര്‍ട്ട് ആണ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍. ചാരിറ്റി ചെയര്‍ ആയി ഷിജിമോന്‍ മാത്യുവിനേയും കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി മുന്‍ പ്രസിഡണ്ട്  ഡോ.സുജ ജോസിനെയും തെരെഞ്ഞെടുത്തു. കമ്മിറ്റി ഭാരവാഹികളായി പിന്റോ കണ്ണമ്പിള്ളി , അനീഷ്  ജെയിംസ്, ഷിബു മാടക്കാട്ട്, സന്തോഷ് ജോണ്‍, ലിന്റോ മാത്യു എന്നിവരെയും യൂത്ത് കോര്‍ഡിനേറ്റര്‍ ആയി ജസ്റ്റിന്‍ ഫിലിപ്പിനെയും തെരെഞ്ഞെടുത്തു.പി.ആര്‍.ഓ ആയി ഫ്രാന്‍സിസ് തടത്തില്‍ തുടരും. മഞ്ച് തെരെഞ്ഞെടുപ്പ് കമ്മിഷണര്‍ രാജു ജോയ് ആണ് തെരഞ്ഞെടുപ്പ് പ്രകീയകള്‍ നിര്‍വഹിച്ചത്.

മഞ്ചിന്റെ ആരംഭം മുതല്‍ അണിയറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മനോജ് വാട്ടപ്പള്ളില്‍ ഒരു മികച്ച സംഘടകനാണ്. ഏതു കാര്യങ്ങളും ക്രിയാത്മകമായും കൃത്യതയോടെയും ഏറ്റെടുത്തുനടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നേതൃസ്ഥാനങ്ങളിളില്‍ നിന്നും പരമാവധി മാറി നില്‍ക്കാറുള്ള അദ്ദേഹം ഇക്കുറി  മഞ്ച് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്ഥാനാര്ഥിയാകുന്നത്.  മികച്ച വാഗ്മികൂടിയായ മനോജിന് മിക്കവാറുമുള്ള എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവുണ്ട്. മഞ്ചിന്റെ ഏതു പരിപാടികളും വിജയകരമാക്കുവാന്‍ ഏറെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മനോജ് ഇത്തവണ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോസ്സ്‌കോ വെയര്‍ ഹൗസില്‍ സൂപ്പര്‍വൈസര്‍ ആയ മനോജ് വാട്ടപ്പള്ളില്‍ എം.എസ്.ബി ബില്‍ഡേഴ്‌സിന്റെ ഡയറക്ടര്‍കൂടിയാണ്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഐ.ടി. വിഭാഗത്തില്‍  സീനിയര്‍ ഹോസ്പിറ്റല്‍ അപ്ലിക്കേഷന്‍  അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന പ്രിയമോള്‍ മനോജ് ആണ് ഭാര്യ. മക്കള്‍: ജോയല്‍, ജോവാന,

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് തടത്തിലും സംഘടനാ നേതൃ രംഗത്തേക്ക് ആദ്യമായാണ് എത്തുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടു തവണ തിരസ്കരിച്ച സ്ഥാനമാണ് ഇത്തവണ ഫ്രാന്‍സിസ് ഏറ്റെടുക്കുന്നത്. അമേരിക്കയിലെ പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കൂടിയായ ഫ്രാന്‍സിസ് അടുത്തിടെ പ്രസിദ്ധീകരിച്ച "നാലാം തൂണിനപ്പുറം" എന്ന പുസ്തകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അവാര്‍ഡ് നേടിയ കൃതികളാണ് ഈ പുസ്തകം. കേരളത്തില്‍ ദീപിക പത്രത്തില്‍ വിവിധ ന്യൂസ് ബ്യുറോകളുടെ ചുമതല വഹിച്ചിട്ടുള്ള ഫ്രാന്‍സിസ് അമേരിക്കയിലേക്ക്കുടിയേറും മുമ്പ് മംഗളം പത്രത്തിന്റെ കോഴിക്കോട് ന്യൂസ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഇ മലയാളിയില്‍ ന്യൂസ് എഡിറ്ററുടെ ചുമതല വഹിക്കുന്നു. ഫ്രാന്‍സിസ്  മഞ്ചിന്റെ ആരംഭം അതിന്റെ പി.ആര്‍. ഒ. ആയിരുന്ന അദ്ദേഹം ഇപ്പോള്‍ മോംമ് ആന്‍ഡ് ഡാഡ് കെയര്‍ ഹോം ഹെല്‍ത്ത് എന്ന സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആണ്. ഭാര്യ: നെസി തടത്തില്‍ (നഴ്‌സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറിന്‍,ഐസക്ക്.
 
ട്രഷറര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട ഗിരീഷ്  നായര്‍(ഗാരി)ക്ക് കഴിഞ്ഞ തവണത്തെ ജോയിന്റ് ട്രഷര്‍ സ്ഥാനത്തുനിന്ന് ഒരു സ്ഥാനക്കയറ്റമാണ് ലഭിച്ചത്. ഫോര്‍ത്ത് ടെക്‌നോളോജിസ്  എന്ന ഐ.ടി. കമ്പനിയിലെ സീനിയര്‍ വൈസ് പ്രസിഡണ്ട് ആയി പ്രവര്‍ത്തിക്കുന്ന ഗാരിക്കു കമ്പനിയുടെ ബിസിനസ് ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്റ്റ് മാനേജ്‌മെന്റിന്റെ ചുമതലയാണുളളത്. കഴിഞ്ഞ 15 വര്ഷത്തിലേറെയായായി ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി കമ്പനികളുടെ എന്റര്‍െ്രെപസ് അക്കൗണ്ടിംഗ് തുടങ്ങി നിരവധി പ്രോജക്ടുകളുടെ ചുമതല വഹിച്ചിട്ടുള്ള ഗാരി രാജ്യാന്തര തലത്തില്‍ ഉന്നത നിലവാരമുള്ള ടോപ് ബ്രാന്‍ഡഡ് കമ്പനിയായ റെയ്മണ്ട് ഇന്ത്യയുടെ ഏറ്റവും ടോപ് ബ്രാന്‍ഡുകളായ റെയ്മണ്ട് , പാര്‍ക്ക് അവന്യൂ എന്നിവയുടെ റീജിയണല്‍ ഹെഡ് ആയിരുന്നു.മഞ്ചിന്റെ ആരംഭം മുതല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ആയ അദ്ദേഹം എം.ബി.എ ബിരുദധാരിയും 6 സിഗ്മ ഗ്രീന്‍ ബെല്‍റ്റ്  പൊജെക്ട് മാനേജ്മന്റ് പ്രൊഫെഷണലുമാണ്. സൗത്ത് ജേഴ്‌സി ക്രിക്കറ്റ് ക്ലബ്ബിന്റെ ട്രഷറര്‍ കൂടിയാണ്.

വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് പിള്ള മഞ്ചിന്റെ സ്ഥാനമൊഴിയുന്ന സെക്രെട്ടറിയാണ്. 2016- 2018 ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 2020 ലെ ഫൊക്കാന കണ്‍വെന്‍ഷന്റെ രെജിസ്‌ട്രേഷന്‍ വൈസ് ചെയര്‍മാനാണ് രഞ്ജിത്ത്.കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (കെ.എച്ച് .എന്‍.ജെ), റുഥര്‍ഫോര്‍ഡ് മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്നീ സംഘടനകളുടെ ട്രഷറര്‍ ആയിരുന്നു.ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന സംഘാടകനും സാമുഹ്യ പ്രവര്‍ത്തകനുമായ രഞ്ജിത്ത് ഫിനാന്‍സില്‍ എം.ബി.എ എടുത്തിട്ടുള്ള ഐ.ടി പ്രൊഫഷണലാണ്. 1999ല്‍ അമേരിക്കയില്‍ എത്തിയ കാലം മുതല്‍  പൊതുപ്രവര്‍ത്തനരംഗത്തു സജീവമായി ഇടപെടലുകള്‍ നടത്തിയിരുന്ന രഞ്ജിത്തിനെ 2015ല്‍ റുഥര്‍ഫോര്‍ഡ് മേയര്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ ആയി നിയമിച്ചിരുന്നു. 2018ല്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള (കമ്യൂണിറ്റി) അവാര്‍ഡ് നല്‍കി റുഥര്‍ഫോര്‍ഡ് മേയര്‍ രഞ്ജിത്തിനെ ആദരിച്ചിരുന്നു. ഭാര്യ: രേഷ്മ. മകള്‍: അപര്‍ണ്ണ പിള്ള.

  ജോയിന്റ് സെക്രട്ടറി ഡോ. ഷൈനി രാജു നിലവില്‍ കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്റര്‍ ആയിരുന്നു. മഞ്ചിന്റെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകയായിരുന്ന ഷൈനി നിരവധി കലാസാംസ്കാരികസമുദായിക സംഘടനകളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. കാഞ്ച്  സെക്രട്ടറി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വുമണ്‍സ് ഫോറം പ്രസിഡണ്ട്,  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡിയോസിസ്‌ന്റെ എം.എം.വി,എസ്. ജനറല്‍ സെക്രട്ടറി, തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. എസ്സെക്‌സ് കൗണ്ടി കോളേജില്‍ റേഡിയോളജി വിഭാഗം അധ്യാപികയായ ഷൈനി കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദാന്തര ബിരുദം നേടിയ ശേഷം  ജേര്‍സിസിറ്റി സ്‌റ്റേറ്റ് കോളേജില്‍ നിന്ന് പ്യുര്‍ മാത്തമാറ്റിക്‌സില്‍ എം. എസും കൈസര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ പിച്ച്ഡിയും കരസ്ഥമാക്കി. നിരവധി വേദികളില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്ന ഡോ. ഷൈനി രാജു ടെലിവിഷന്‍ അവതാരകയുമാണ്. റെസ്പിറ്റോറി തെറാപ്പിസ്റ്റ് ആയ രാജു ജോയ് ആണ് ഭര്‍ത്താവ്. ജെഫ്‌റി, ജാക്കി എന്നിവര്‍ മക്കളാണ്.
  
ജോയിന്റ് ട്രഷറര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട ആന്റണി കല്ലക്കാവുങ്കല്‍ മഞ്ചിന്റെ സ്ഥാനമൊഴിയുന്ന ജോയിന്റ് സെക്രട്ടറിയാണ്.കാഞ്ചിന്റെ ലൈഫ് ടൈം മെമ്പര്‍ കൂടിയായ തങ്കച്ചന്‍ എന്ന് വിളിക്കുന്ന ആന്റണി മികച്ച സംഘാടകനും ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനുമാണ്.വിപ്പനിയിലുള്ള ആക്ചുവേഷന്‍ കമ്പനിയില്‍ അസ്സെംബ്‌ളിങ്ങ് ടെസ്റ്റ് ടെക് ആയി ജോലി ചെയ്യുന്ന തങ്കച്ചന്‍ 35 വര്‍ഷമായി അമേരിക്കയില്‍ എത്തിയിട്ട്. ഗാലക്‌സി സൊല്യൂഷനില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ മകന്‍ ടോണി ഫൊക്കാനയുടെ മുന്‍ യൂത്ത് നാഷണല്‍ കമ്മിറ്റി മെമ്പറും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ടീന നിലവില്‍ ഫൊക്കാന യൂത്ത് നാഷണല്‍ കമ്മിറ്റി മെമ്പറുമാണ്.
 
വിമന്‍സ് ഫോറം പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട  ഷൈന്‍ ആല്‍ബര്‍ട്ട് കണ്ണമ്പിള്ളി ഒരു മികച്ച കലാകാരിയും നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമാണ്.നിരവധി ചെറു നാടകങ്ങളില്‍ അഭിനയ മികവ് തെളിയിച്ചിട്ടുള്ള ഷൈന്‍ ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്  മെഡിക്കല്‍ സയന്‍സില്‍ നിന്ന് ബി.എസ് സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ശേഷം റാഡ്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴസിംഗ് ഇന്‍ഫോമാറ്റിക്‌സില്‍ മാസ്‌റ്റേഴ്‌സ് എടുത്ത ഷൈന്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഐ.ടി. വിഭാഗത്തില്‍  സീനിയര്‍ ഹോസ്പിറ്റല്‍ അപ്ലിക്കേഷന്‍  അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നേരെത്തെ സര്‍ജറി വിഭാഗത്തില്‍ ആര്‍.എന്‍.ഫസ്റ്റ് അസിസ്റ്റന്റ്  ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടോമാര്‍ കോണ്‍സ്ട്രക്ഷനില്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആയ ആല്‍ബര്‍ട്ട് ആന്റണി കണ്ണമ്പിള്ളിയാണ് ഭര്‍ത്താവ്. ആന്‍ മരിയ, അലോഷ്യസ് എന്നിവര്‍ മക്കള്‍.

പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ ഡോ. സുജ ജോസ്, മുന്‍ സെക്രട്ടറിയും  രഞ്ജിത് പിള്ളയും എല്ലാ മഞ്ച് അംഗങ്ങളോടും കൃതഞത അറിയിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)ക്ക് നവ നേതൃത്വം: മനോജ് വാട്ടപ്പള്ളില്‍ പ്രസിഡണ്ട്; ഫ്രാന്‍സിസ് തടത്തില്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക