Image

ജിദ്ദയില്‍ 'കോഴിക്കോടന്‍ ഫെസ്റ്റ്' ഫെബ്രുവരി 14 ന്

Published on 07 February, 2020
ജിദ്ദയില്‍ 'കോഴിക്കോടന്‍ ഫെസ്റ്റ്' ഫെബ്രുവരി 14 ന്
ജിദ്ദ : കോഴിക്കോട് ജില്ലാ ജിദ്ദ കെഎംസിസി പ്രവര്‍ത്തകരില്‍ സാമൂഹ്യ പ്രതിബദ്ധതയും കര്‍മശേഷിയും വളര്‍ത്തുകയും സമകാലിക സമൂഹം അഭിമുഖീകരിക്കുന്ന ഭീതിദമായ ഇന്ത്യന്‍ ദേശീയ സാഹചര്യങ്ങളെക്കുറിച്ചും അനുബന്ധ വിഷയങ്ങളിലും അവബോധം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 14 നു (വെള്ളി) ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി 11 വരെ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ 'കോഴിക്കോടന്‍ ഫെസ്റ്റ്' സംഘടിപ്പിക്കുന്നു.

കോഴിക്കോടിന്റെ ഒരു പരിശ്ചേദം തന്നെ തീര്‍ക്കുകയാണ് ലക്ഷ്യം. ;കല, സാഹിത്യ, സാംസ്‌കാരിക , ചരിത്ര പരമായ കാഴ്ചകളും ഒരുക്കുന്നുണ്ട്. കോഴിക്കോടിനെ അതിന്റെ പൂര്‍ണ തനിമയോടെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക കൂടി പരിപാടിയുടെ ലക്ഷ്യമാണ്.

ചരിത്രാതീത കാലം മുതല്‍ ലോക സംസ്‌കൃതികളുടെ ഒട്ടനേകം വിനിമയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് നഗരവും പരിസരങ്ങളും എക്കാലവും നിലനിര്‍ത്തി പോന്ന മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക കലാ സാഹിത്യ രംഗങ്ങളിലെ പ്രൗഢ പാരമ്പര്യങ്ങളുടെ ഏതാനും അടയാളങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിലൂടെ പുതു തലമുയില്‍ ചരിത്രാവബോധം വളര്‍ത്താന്‍ കൂടെ സാധിക്കുമെന്ന ഉത്തമ വിശ്വാസത്തോടെയാണ് ഈ സംരഭം സമര്‍പ്പിക്കുന്നത് .

സംഘര്‍ഷ പൂരിതമായ വര്‍ത്തമാന കാലത്തും ഈ മഹാ നഗരവും ഇവിടെ പാര്‍ക്കുന്ന ജനതയും കാത്തു സൂക്ഷിക്കുന്ന മൈത്രിയുടെയും കളങ്കരഹിതമായ സ്‌നേഹ സാഹോദര്യങ്ങ ളുടെയും ഉണര്‍ത്തു പാട്ടും, ചരിത്ര പ്രസിദ്ധമായ കടല്‍തീരം, മിഠായി തെരുവ്, ടിപ്പു സുല്‍ത്താന്റെ പടയോട്ട സ്മൃതികള്‍ ഉണര്‍ത്തുന്ന പട്ടാളപ്പള്ളി, പാളയം, മാപ്പിള സാഹിത്യ ചരിത്രത്തിന്റെ താഴ് വേരുറപ്പിച്ച കുറ്റിച്ചിറ പള്ളി, സാമൂതിരിവാഴ്ചകാലത്തിന്റെ ഓര്‍മകള്‍ അലയടിക്കുന്ന പാന യോഗ്യമായ തണ്ണീര്‍ തടം-മാനാഞ്ചിറ തുടങ്ങി അനേകം നഗര വീക്ഷണങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും ഒരുക്കുന്നതോടൊപ്പം കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങി തനിമയാര്‍ന്ന കലാരൂപങ്ങളുടെ പ്രദര്‍ശനം, വടംവലി മത്സരം, കുരുന്നുപ്രതിഭകള്‍ക്കായി ചിത്ര രചനാ മത്സരങ്ങള്‍, മൈലാഞ്ചിയിടല്‍ മത്സരം,ഫണ്‍ ഗെയിംസ്, കുടുംബിനികള്‍ക്കായി പാചക മത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവാസി സമൂഹത്തിന് ഗൃഹാതുരത്വമുണര്‍ത്തുന്ന ദൃശ്യാനുഭവങ്ങള്‍ ഒരുക്കുന്ന 'ഫെസ്റ്റ്' പുതു തലമുറയിലെ അംഗങ്ങള്‍ക്ക് ജന്മ ദേശത്തിന്റെ സാംസ്‌കാരിക ചരിത്രപഠന മേഖലകളിലേക്കു തുറക്കുന്ന അപൂര്‍വ ദൃശ്യ ശ്രാവ്യ വിസ്മയങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും.

വര്‍ത്തമാന ഇന്ത്യന്‍ മതേതര ജനാധിപത്യ സമൂഹം നേരിടുന്ന പൗരത്വ നിഷേധ പ്രതിസന്ധികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന 'സമര ജ്വാല' യും ജിദ്ദയിലെ കോഴിക്കോട്ടുകാരായ വ്യാപാരി വ്യവസായി പ്രമുഖര്‍ക്കായി ഒരുക്കുന്ന ആദരവും പരിപാടിയുടെ ഭാഗമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് കളരാന്‍തിരി, ജനറല്‍ സെക്രട്ടറി ടി.സി. മൊയ്തീന്‍ കോയ, ട്രഷറര്‍ ടി. കെ. അബ്ദുറഹ്മാന്‍, വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം കൊല്ലി, എന്‍.പി. അബ്ദുല്‍ വഹാബ് , അസന്‍ കോയ പെരുമണ്ണ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക