Image

പൗലോസ് കുയിലാടനും, ഫ്രാന്‍സിസ് ടി മാവേലിക്കരയും ഒന്നിക്കുന്ന നാടകം ഇന്ന് ടാമ്പയില്‍

അനില്‍ പെണ്ണുക്കര Published on 08 February, 2020
പൗലോസ് കുയിലാടനും, ഫ്രാന്‍സിസ് ടി മാവേലിക്കരയും ഒന്നിക്കുന്ന നാടകം ഇന്ന് ടാമ്പയില്‍
ഒരു കാലത്ത് കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്‌സിന്റെ അമരക്കാരനും, അമേരിക്കന്‍ മലയാളി സംഘടനഫോമയുടെ നാഷണല്‍ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്ന കൂട്ടുകുടുംബം നാടകം ഇന്ന് ഫ്‌ലോറിഡയിലെ ടാമ്പയില്‍ അരങ്ങേറുന്നു.

ഇന്ന് താമ്പാ ക്‌നാനായ കമ്മ്യുണിറ്റി സെന്ററില്‍ നടക്കുന്ന നാടകം ഉത്ഘാടനം ചെയ്യുന്നത് നടനും എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയാണ്.  നാടകത്തിനു ശേഷം കരതലാമലകം മലയാളം സാഹിത്യ കൂട്ടിന്റെ ഉദ്ഘാടനവും തമ്പി ആന്റണി നിര്‍വഹിക്കും.

മലയാളത്തിലെ ഏറ്റവും മികച്ച നാടകകൃത്ത്ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെഈ നാടകം, 2007 ല്‍ കെ. എസ്. ബി. സി. അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സരത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.

തലമുറകള്‍ കടന്നു പോകുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ മൂലം വ്യക്തികള്‍ക്ക് സമൂഹത്തില്‍നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പച്ചയായി ആവിഷ്‌കരിക്കുന്ന നാടകമാണ്'കൂട്ടുകുടുംബം,' എന്ന് സംവിധായകനും നടനുമായ പൗലോസ് കുയിലാടന്‍ പറഞ്ഞു .

മലയാള നാടക രംഗത്ത് അതികായനായ ഫ്രാന്‍സിസ് ടി മാവേലിക്കരയുടെ നാടകം സംവിധാനം ചെയ്യുവാനും അതില്‍ അഭിനയിക്കുവാനും സാധിച്ചത് ഭാഗ്യമാണ്. ഒരു കലാകാരനും അനുഭവിക്കാത്ത ടെന്‍ഷനാണ് നാടകക്കാരനുള്ളത്. സിനിമാ തിയേറ്ററില്‍ പ്രേക്ഷകര്‍ കൂവിയാല്‍ അഭിനേതാക്കള്‍ കേള്‍ക്കില്ല. എന്നാല്‍ ഒരു നാടകം അവതരിപ്പിക്കുമ്പോള്‍ കൂവല്‍ കേട്ടാല്‍ നാടകക്കാരന്റെ ചങ്കിലാണ് പതിക്കുന്നത്.

അതുകൊണ്ട് ഒരു നാടകത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ നാടക സംവിധായകനും രചയിതാവിനും ഉണ്ട് . പ്രേക്ഷകരെ കബളിപ്പിക്കാനൊക്കില്ലെന്നു നാടകം അവതരിപ്പിക്കുന്നവര്‍, സംവിധായകന്‍, രചയിതാവ് എന്നിവര്‍ തിരിച്ചറിയണം. മലയാള നാടകവേദിയെ ഇടക്കാലത്ത് നിയന്ത്രിച്ചവര്‍ നിലവാരമില്ലാതെ വിറ്റു തുലച്ചപ്പോഴാണ് നാടകവും ജീവിതവും ഇല്ലാതായ നടീനടന്മാര്‍ സീരിയലിനു പിന്നാലെ പോയത്. അരങ്ങു മാത്രമേ നല്ല നടീനടന്മാരെ സംഭാവന ചെയ്തിട്ടുള്ളൂ. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നിറങ്ങുന്ന എത്രപേര്‍ ഇന്നു നാടകരംഗത്തുണ്ട്? എത്ര നാടകകൃത്തുക്കളുണ്ട്?

'ഞാന്‍ നാടക പ്രവര്‍ത്തകന്‍ ആണെ'ന്ന് തോപ്പില്‍ ഭാസി പറഞ്ഞതുപോലെ പറയാനുള്ള തന്റേടം ഇന്ന് ആര്‍ക്കുമില്ല .പക്ഷെ അമേരിക്കന്‍ മലയാളികള്‍ എല്ലാ കേരളീയ കലകള്‍ക്കും പുതിയ മാനംനല്‍കുവാനും ഒരു പുതിയ നാടക സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും ശ്രമിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നാടകാവതരണങ്ങള്‍ .അതില്‍ സന്തോഷമുണ്ട് .

എന്നെ സംബന്ധിച്ച് അമേരിക്കയിലെ ജീവിത തിരക്കിനിടയില്‍ നാടകത്തിനു വേണ്ടി കുറച്ചു നാളുകള്‍ മാറ്റിവച്ചു. എന്നോടൊപ്പം കൂടിയ എന്റെ സുഹൃത്തുക്കള്‍ക്കുംഅഭിനേതാക്കള്‍ക്കുംനന്ദി അറിയിക്കുന്നു .

നാടകവും അഭിനയവും മലയായികളുടെ സാമൂഹിക ജീവിതത്തെ പണ്ടേക്കു പണ്ടേ സ്വാധീനിച്ച ഒരു മാധ്യമമാണ് . അതുകൊണ്ടു തന്നെ മനുഷ്യന്‍ ഉള്ള കാലത്തോളം നാടകവും ഉണ്ടാകും . മനുഷ്യ ജീവിതത്തിന്റെവിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ നാടകം കാണുവാന്‍ എല്ലാ കലാസ്വാദകരെയും ക്ഷണിക്കുന്നതായും പൗലോസ് കുയിലാടന്‍ പറഞ്ഞു .

നെവിന്‍ ജോസ്, ജോമോന്‍ ആന്റണി, സജി സെബാസ്റ്റ്യന്‍, ജിനു വര്‍ഗീസ്, സുനില്‍ വര്‍ഗീസ്, ബിജു തോണിക്കടവില്‍, സജി കരിമ്പന്നൂര്‍, ജിജോ ചിറയില്‍, നിമ്മി ബാബു, അനീറ്റ, രമ്യ നോബിള്‍, പൗലോസ് കുയിലാടന്‍ എന്നിവരാണ് വേഷമിടുന്നത്.

രംഗപടം: ബാബു ചീഴകത്തില്‍, പാപ്പച്ചന്‍ വര്‍ഗീസ്, സാജന്‍ കോരത്. ശബ്ദവും വെളിച്ചവും: ജെറോം, സിജില്‍. ഗാനങ്ങള്‍: രമേശ് കാവില്‍. കവിത ഡോ. ചേരാനല്ലൂര്‍ ശശി. സംഗീതം, സെബി നായരമ്പലം. ആലാപനം : ധലീമ. ഡാന്‍സ് കോഡിനേറ്റര്‍ ജെസി കുളങ്ങര.

സംവിധാന സഹായികള്‍: ബാബു ദേവസ്യ, സജി കരിമ്പന്നൂര്‍, ഈ നാടകത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ്) എന്നിവരുടെ ഒത്തു ചേരലോടെ കൂട്ടു കുടുംബം ഇന്ന് അരങ്ങേറുമ്പോള്‍ ഫ്‌ലോറിഡ മലയാളികള്‍ക്ക് അതൊരു പുതിയ അനുഭവം ആയിരിക്കും .
പൗലോസ് കുയിലാടനും, ഫ്രാന്‍സിസ് ടി മാവേലിക്കരയും ഒന്നിക്കുന്ന നാടകം ഇന്ന് ടാമ്പയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക