Image

എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും;: ഉണ്ണി മുകുന്ദന്‍

Published on 10 February, 2020
എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും;: ഉണ്ണി മുകുന്ദന്‍
യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നു ആരോപണത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളെ ഉയര്‍ത്തി കാണിച്ച് യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ട്. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്. ഞാന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തതരം താത്പര്യങ്ങളായിരിക്കും. ചിലര്‍ വായനശാലകളിലേക്കും ചിലര്‍ ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും മറ്റുചിലര്‍ പാട്ടിലേക്കുമെല്ലാം ഒഴിവുസമയങ്ങള്‍ തിരിച്ചുവിടും

ഞാന്‍ ഇടവേളകള്‍ കൂടുതലായും ജിമ്മിലും മറ്റിടങ്ങളിലുമായാണ് ചെലവിടാറ്. അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകളെ ചൂണ്ടിക്കാണിക്കാനായി മുന്നോട്ടു വരുന്നില്ല എന്നാണ്. കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ല. ജീവിതത്തിലെനിക്ക് ഒരുപാട് ലഹരികളുണ്ട്. അഭിനയം, വ്യായാമം, പാട്ട്, കവിതാരചന... എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ലഹരിവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല.

സിനിമക്കു വേണ്ടി ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. അന്യനാട്ടില്‍ പഠിച്ചു വളര്‍ന്ന ഒരാള്‍ ഇവിടെ ആളാകേണ്ടെന്ന ഉദ്ദേശത്തില്‍ ചിലര്‍ നടത്തിയ നീക്കങ്ങളായിരുന്നു പലതും. ഇവിടത്തെ രീതിയും ഇടപെടലുകളും മനസ്സിലാക്കാന്‍ എനിക്കും സമയം വേണ്ടി വന്നു. മസിലളിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം അഭിമാനമായിരുന്നു. എന്റെ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നതു കൊണ്ടല്ലേ അങ്ങനെ വിളിക്കുന്നതെന്ന് കരുതി. എന്നാല്‍, പിന്നീട് മനസ്സിലായി താന്‍ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കുവെന്നൊരു ധാരണ പരത്താന്‍ വേണ്ടി ചിലര്‍ ബോധപൂര്‍വമുണ്ടാക്കിയ ശ്രമമായിരുന്നു അതെന്ന്. സംഘട്ടനങ്ങള്‍ നിറഞ്ഞ, സിക്സ്പാക്ക് ശരീരം കാണിക്കുന്ന സിനിമകളില്‍ മാത്രമേ അഭിനയിക്കൂവെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെ മനസ്സിലാക്കുന്നതില്‍ ചുറ്റുമുള്ളവരും അവര്‍ക്കു മുന്നില്‍ സ്വയം അവതരിപ്പിക്കുന്നതില്‍ എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ട് '' - ഉണ്ണി മുകുന്ദന്‍ പറഞ്ഞു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക