Image

പ്രിയേ, പ്രണയിനി (ഒരു വാലന്റയിന്‍ കവിത: ഗിരീഷ് നായര്‍, മുംബൈ)

Published on 13 February, 2020
പ്രിയേ, പ്രണയിനി (ഒരു വാലന്റയിന്‍ കവിത: ഗിരീഷ് നായര്‍, മുംബൈ)
പിരിയുന്ന വഴികള്‍ നിറയുന്ന മിഴികള്‍
അനിവാര്യമാമീ വിടവാങ്ങല്‍ വേളയില്‍
അമ്പലനട വിട്ടിറങ്ങുമ്പോള്‍ ഒരു മാത്ര
പിന്തിരിഞ്ഞൊന്നു നീ മിഴിനീര്‍ തുടച്ചതും
പിന്നെ നീകാലടിയൊച്ച കേള്‍പ്പിച്ചെന്നേ
വിട്ടകന്നപ്പോഴെന്‍ ഹൃദയം മിടിച്ചതും
ഓര്‍മ്മയിലെത്തിയൊരായിരം ചിത്രങ്ങള്‍
നാമൊരുമിച്ച് വരച്ചു കഴിഞ്ഞവ
കൈകോര്‍ത്തു നമ്മള്‍ നടന്നൊരീ വീഥികള്‍
പ്രണയാമൃതം തുള്ളി തൂവ്വിയ മാത്രകള്‍
സ്വപ്നങ്ങള്‍ക്കൊക്കെയും വര്‍ണ്ണചിറകുകള്‍  നല്‍കി
നീ മാനസ വീണയില്‍ നാദമായി
ഇരുളാര്‍ന്നെന്‍ ജീവിതവീഥിയിലൊക്കെയും
തങ്കക്കിനാക്കള്‍ തന്‍ ജ്യോതിയായ് നീ സഖി
എന്നെ തനിച്ചാക്കി എങ്ങു പോയ് നീയിന്നു
മിണ്ടുകില്ലേ ഇനി എന്റെ പ്രണയിനി
നിന്‍  മൃദു പാദം പതിഞ്ഞൊരീ വീഥിയില്‍
നിന്നെ തിരിയുന്നു ഇന്ന് ഞാന്‍ ഏകനായ്
നമ്മുടെ സംഗമ മന്ദിരാങ്കണങ്ങളില്‍
വെണ്‍പിറാവുകള്‍ ചുറ്റിപറ്റുന്നു എന്തിനോ?
ഈ വഴി നീ ഇനി വരികയില്ലെങ്കിലും
നിന്‍ പാദനിസ്വനം കാതോര്‍ത്തിരിപ്പു ഞാന്‍
മുഗ്ദ്ധാനുരാഗ മധുരപ്രതീക്ഷകള്‍
മയില്പീലിയാടുമെന്‍ ഹൃദയാങ്കണങ്ങളില്‍
ഒരുനാള്‍വരുമെന്നൊരോമല്‍ കിനാവിന്റെ
മുന്തിരിവള്ളിയില്‍  ഊയലാടുന്നു ഞാന്‍.


Join WhatsApp News
amerikkan mollakka 2020-02-13 14:55:09
നായർ സാഹിബ് അസ്സലാമു അലൈക്കും . ഇങ്ങടെ കബിത ഞമ്മള് ആദ്യം ബായിക്കയാണ്. പെരുത്ത് പിടിച്ചിരിക്കുണു . മൊഹബത്തിന്റെ കരിമ്പിൻ രസമുണ്ട് ഒപ്പം ആ ഹൂറി ഇങ്ങളെ ബിട്ടുപോയ ദുഖവും. ഓള് ബരും സാഹിബേ ..ഒരു ഒരു ബിളക്കായി ഇങ്ങടെ മുന്നിലെ ഇരുട്ടൊക്കെ പോകും. അപ്പൊ വീണ്ടും കാണും ബരെ ഇങ്ങക്കും ഹൂറിക്കും മൊഹബത്തിന്റെ ജ്യോതി തെളിയട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിച്ച് .. കബിത നന്നായി. ഇങ്ങള് മുംബൈ കാരൊക്കെ എയ്തിൽ മിടുക്കർ.
Sudhir Panikkaveetil 2020-02-13 17:04:43
ശ്രീ ഗിരീഷ് നായർ സാർ നിങ്ങളുടെ പ്രണയകവിത നുകർന്നു. വായിച്ചുവെന്നു പറഞ്ഞാൽ പോരാ. നല്ല രചന. പ്രണയിനി താങ്കളെ ഏകനാക്കി പിരിഞ്ഞുപോയെങ്കിലും ശ്രീകുമാരൻ തമ്പി സാറിനെപോലെ അവൾക്ക് മംഗളം നേരുക. അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞുപോയി നീ എങ്കിലും, മംഗളം നേരുന്നു ഞാൻ. താങ്കളുടെ മോഹം പോലെ ഒരു ജ്യോതിസ്സായി അവൾ വീണ്ടും വരുമെന്ന മധുരപ്രതീക്ഷയിൽ മുന്തിരിവള്ളിയിലെ ഊഞ്ഞാലാട്ടം തുടരുക. എല്ലാ നന്മകളും നേരുന്നു,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക