Image

പ്രണയ കവിതകള്‍ (ഡോ.എസ്.രമ )

Published on 13 February, 2020
പ്രണയ കവിതകള്‍ (ഡോ.എസ്.രമ )
പ്രണയം ..
പാതി വിടര്‍ന്ന കുടമുല്ല
പൂക്കളെ പോലെയാണത്.
കൈക്കുടന്നയില്‍ ഭദ്രമായി
സൂക്ഷിക്കണം...
സുഗന്ധം പരത്തുമ്പോഴും
നൈര്‍മല്യം നഷ്ടപ്പെടുത്തരുത്...
 ഉടലുകളുടെ ആസക്തിയിലതിനെ
ഞെരിച്ചുടക്കരുത്...
അന്തര്‍ദാഹത്തിന്റെ
നിലയില്ലാ കയത്തില്‍
ആത്മാഹുതി ചെയ്യാനനുവദിക്കരുത്...
അവിഹിതത്തിന്റെ ചീഞ്ഞ
ചവറ്റുകൂനയിലേക്ക്
വലിച്ചെറിയരുത്...
ആധി തീര്‍ക്കുന്ന..
ആക്ഷേപങ്ങളുടെ കനലുകള്‍
ചൊരിഞ്ഞു കത്തിക്കരുത്...
 വാടിയ കുടമുല്ലപ്പൂക്കള്‍
കരിയുന്ന ഗന്ധം നിങ്ങളെ
തന്നെ ശ്വാസം മുട്ടിക്കും...

==================
പ്രണയം

ഇരുളിന്റെ മധ്യത്തില്‍
പതിക്കുന്ന പ്രകാശത്തിന്റെ
ഒരു തീപ്പൊരിയാണത്...
കൃത്യമായി എണ്ണ പകര്‍ന്നാല്‍
തെളിഞ്ഞു കത്തുന്ന
ഒരു ദീപമാകുമത്....
പക്ഷേ ഒരിക്കലും...
ഒരിക്കലുമതൊരു..
പടര്‍ന്നു കത്തുന്ന അഗ്‌നിയാകാന്‍
അനുവദിക്കാതിരിക്കൂ...
കാരണം നിങ്ങളാ അഗ്‌നിയില്‍
കത്തിയമര്‍ന്ന് സ്വയം ഇല്ലാതാകും...
ഒടുവില്‍..
ഒടുവിലൊരു പിടി
ചാരം മാത്രമവശേഷിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക