Image

പരിസ്ഥിതിപ്രവര്‍ത്തകന്‍ ആര്‍.കെ. പച്ചൗരി അന്തരിച്ചു

Published on 13 February, 2020
പരിസ്ഥിതിപ്രവര്‍ത്തകന്‍ ആര്‍.കെ. പച്ചൗരി അന്തരിച്ചു
ന്യൂഡല്‍ഹി: പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ടെറി) മുന്‍ മേധാവിയും ഡയറക്ടര്‍ ജനറലുമായിരുന്ന രാജേന്ദ്രകുമാര്‍ പച്ചൗരി എന്ന ആര്‍.കെ. പച്ചൗരി (79) അന്തരിച്ചു.


1940 ഓഗസ്റ്റ് 20ന് ഉത്തരാഖണ്ഡിലെ നൈനിത്താളില്‍ ജനിച്ച അദ്ദേഹം ലഖ്‌നൗവിലും ജംഷേദ്പുരിലെ ഇന്ത്യന്‍ റെയില്‍വേസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് എന്‍ജിനിയറിങ്ങിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയുടെ വാരാണസിയിലെ ഡീസല്‍ ലോക്കോ വര്‍ക്ക്‌സില്‍ ജോലി ആരംഭിച്ചു. 1972ല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലൈന സര്‍വകലാശാലയില്‍നിന്ന് എം.എസും 1974ല്‍ ഡോക്ടറേറ്റും നേടി. ഭാര്യ: സരോജ് പച്ചൗരി. മക്കള്‍: രശ്മി, സോനാലി.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനം പഠിക്കുന്ന പാനല്‍ (ഐ.പി.സി.സി.) 2007ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടിയത് പച്ചൗരി ചെയര്‍മാനായി സേവനം അനുഷ്ഠിക്കുമ്പോഴായിരുന്നു. 2001ല്‍ പദ്മഭൂഷണും 2008ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ആശുപത്രിയില്‍ അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

ഊര്‍ജസംരക്ഷണവും പരിസ്ഥിതിമുന്നേറ്റവും ലക്ഷ്യംവെച്ച് 1974ല്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച ‘ടെറി’യെ ആഗോളതലത്തില്‍ ശ്രദ്ധേയസ്ഥാപനമായി വളര്‍ത്തിയതില്‍ പച്ചൗരി പ്രധാനപങ്കു വഹിച്ചു. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നീ കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് 2015ല്‍ അദ്ദേഹം ടെറി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് രാജിവെച്ചൊഴിഞ്ഞത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക