Image

അപ്പുവിന്റെ സിനിമാ അരങ്ങേറ്റവും കെ.എഫ്.സിയും

Published on 15 February, 2020
അപ്പുവിന്റെ സിനിമാ അരങ്ങേറ്റവും കെ.എഫ്.സിയും

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ അനിയനായി എത്തുന്ന വികൃതിക്കുട്ടിയെ അത്ര പെട്ടെന്ന് മറക്കാനാവില്ല. സിനിമോട്ടോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന്റെ മകനാണ് അപ്പു. തന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് അപ്പുവിന്റെ രസകരമായ വാക്കുകള്‍ ഇങ്ങനെയാണ്. എന്റെയൊരു സുഹൃത്ത് എന്നെ വെച്ച് ഒരു യൂട്യൂബ് വീഡിയോ ഉണ്ടാക്കിയിരുന്നു. അതില്‍ ഞാന്‍ കെഎഫ്‌സി എന്നു വിളിപ്പേരുള്ള എന്റെ വളര്‍ത്തുകോഴിയെ കുറിച്ചു പറയുന്നുണ്ട്. ആ വീഡിയോ കാണാനിടയായ അനൂപേട്ടന്‍ എന്നെ തേടി കണ്ടുപിടിക്കുകയായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് പുതിയ സിനിമയിലേക്ക് കെഎഫ്‌സിയെ വേണമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. എന്നെ ഞെട്ടിച്ചു കൊണ്ട്, ആ സിനിമയില്‍ ഞാനുമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അക്ഷര്‍ അര്‍ബോള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപ്പു എന്ന സര്‍വജിത്ത്. അഭിനയത്തില്‍ താല്‍പ്പര്യമുള്ള അപ്പു, ക്രിയാ ശക്തി നേതൃത്വം നല്‍കുന്ന സ്‌കൂളിലെ നാടകഗ്രൂപ്പിലെയും സജീവസാന്നിധ്യമാണ്.

എനിക്ക് അഭിനയം ഇഷ്ടമാണ്. മറ്റൊരാളായി മാറുന്നത് ഞാന്‍ ആസ്വദിക്കുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ രസകരമായിരുന്നു. അനൂപേട്ടന്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഒപ്പമുള്ള അഭിനയവും ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. ദുല്‍ക്കര്‍ ഇടയ്ക്കിടയ്ക്ക് എന്നെ കളിയാക്കുമായിരുന്നു അപ്പു പറയുന്നു. ഷൂട്ടിന്റെ ആദ്യ ദിവസങ്ങളില്‍ തന്റെ കെഎഫ്‌സി ഏറെ അസ്വസ്ഥനായിരുന്നെന്നും ഒടുവില്‍ ഷൂട്ടുമായി അഡ്ജറ്റ് ആയെന്നും അപ്പു കൂട്ടിച്ചേര്‍ത്തു വളര്‍ത്തുമൃഗങ്ങളോട് ഏറെ ഇഷ്ടമുള്ള കുട്ടിയാണ് അപ്പു. വെറുമൊരു കൗതുകം മാത്രമല്ല അപ്പുവിനെ സംബന്ധിച്ച് മൃഗസ്‌നേഹം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാണികള്‍ക്കുമൊക്കെ ഈ പ്രപഞ്ചത്തിലും ആവാസവ്യവസ്ഥയിലും ഏറെ പ്രാധാന്യമുണ്ടെന്നും അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഈ പന്ത്രണ്ടുവയസ്സുകാരന്‍ വിശ്വസിക്കുന്നു. എനിക്ക് വളര്‍ത്തുമൃഗങ്ങളെ വളരെ ഇഷ്ടമാണ്. ഒരുപാട് വളര്‍ത്തുമൃഗങ്ങള്‍ വീട്ടില്‍ ഉണ്ട്. കെഎഫ്‌സിയെ കൂടാതെ രണ്ട് കോഴികള്‍ കൂടെയുണ്ട്, സാള്‍ട്ടും പെപ്പറും. വിവിധതരം മത്സ്യങ്ങളെയും വണ്ടുകളെയും പക്ഷികളെയും ഞാന്‍ വളര്‍ത്തുന്നുണ്ട്, ഭാവിയില്‍ ഒരു എന്റമോളജിസ്റ്റ് ആകാന്‍ ആഗ്രഹിക്കുന്ന അപ്പു പറയുന്നു. എന്റൊമോളജി ഒരു ശാസ്ത്രശാഖയായി പരിഗണിക്കുന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, അരിസോണ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പോയി കൂടുതല്‍ പഠിക്കണമെന്നാണ് അപ്പു ആഗ്രഹിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക