Image

മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസ് : ശ്രീറാമിനെ കുടുക്കി കുറ്റപത്രം

Published on 15 February, 2020
മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസ് : ശ്രീറാമിനെ കുടുക്കി കുറ്റപത്രം
തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് കുരുക്ക് മുറുകുന്നു. അപകടം നടന്ന സമയം മുതല്‍ തെളിവു നശിപ്പിക്കാന്‍ ശ്രീറാം ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളും കൂടാതെ നൂറ് സാക്ഷിമൊഴികളുമാണുള്ളത്.നിര്‍ണായകമായ ശാസ്ത്രീയ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രീറാമിന്റെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി കുറ്റപത്രത്തില്‍ പറയുന്നു.

അപകടസമയത്ത് സ്ഥലത്തെത്തിയ പൊലീസിനോട് താന്‍ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞിരുന്നത്.

ബഷീറിനെ പൊലീസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയതിനു ശേഷം പൊലീസിനൊപ്പം മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് വന്ന ശ്രീറാം അപകടത്തില്‍ തനിക്കും പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു പൊലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തന്നെ തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് വാശിപിടിച്ചു. പരിശോധനയില്‍ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോ. രാകേഷ് എസ്.കുമാര്‍ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പൊലീസ് െ്രെകം എസ്.ഐ മൊഴി നല്‍കിയിട്ടുണ്ട്.

ശ്രീറാം തന്റെ സുഹൃത്തായ ഡോ.അനീഷ് രാജിനെ വിളിച്ചു വരുത്തുകയും ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സുഹൃത്തിനൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെ ചികിത്സക്കായി എത്തിയ ശ്രീറാം കാര്‍ മതിലില്‍ ഇടിച്ചാണ് തനിക്ക് പരുക്കേറ്റതെന്നും താന്‍ കാറില്‍ സഹയാത്രികനായിരുന്നുവെന്നുമാണ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. മാസല്‍വോ ഗ്ലാഡി ലൂയിസ്, ഡോ. ശ്രീജിത്ത് എന്നിവര്‍ ശ്രീറാമിന്റെ രക്തമെടുക്കാന്‍ നേഴ്‌സിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ ശ്രീറാം സമ്മതിച്ചില്ല. ഇക്കാര്യം നേഴ്‌സ് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മന:പൂര്‍വ്വം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിന് കൈമാറുകയും വേഗതയില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നടത്തിയ നീക്കം മുഖ്യമന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.

ശ്രീറാമിന് 10വര്‍ഷവും വഫയ്ക്ക് 2വര്‍ഷവും തടവ് ലഭിക്കാവുന്ന വകുപ്പുകള്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304,201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. മദ്യലഹരിയിലായിരുന്ന ശ്രീറാമിനെ കാറോടിടിക്കാന്‍ അനുവദിച്ച വഫ തുടര്‍ച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക