Image

കാലഹരണപ്പെട്ട പാഠപുസ്തകങ്ങള്‍ തൂക്കി വില്‍ക്കുന്നതിന് കണക്കെടുക്കാന്‍ നിര്‍ദ്ദേശം

Published on 16 February, 2020
കാലഹരണപ്പെട്ട പാഠപുസ്തകങ്ങള്‍ തൂക്കി വില്‍ക്കുന്നതിന് കണക്കെടുക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ പാഠപുസ്തക ഡിപ്പോകളിലും സ്കൂളുകളിലും കെട്ടികിടക്കുന്ന കാലഹരണപ്പെട്ട പാഠപുസ്തകങ്ങള്‍ തൂക്കി വില്‍ക്കാന്‍ കണക്കെടുക്കുന്നു. ആദ്യ കരാറുകാരന്‍ മുഴുവന്‍ പുസ്തകങ്ങളും നീക്കം ചെയ്യാതിരുന്നതോടെയാണ് പൊതുവിദ്യാഭ്യാസവകുപ്പിനോട് കണക്കെടുക്കാന്‍ കെ.ബി.പി.എസ് നിര്‍ദേശം നല്‍കിയത്.

കണക്കില്ലാതെ പുസ്തകം അച്ചടിച്ചിറക്കിയതുവഴി ലക്ഷങ്ങളുടെ സാമ്ബത്തിക നഷ്ടവും ഇവ സൂക്ഷിച്ചുവച്ചതുവഴി സ്ഥലപരിമിതിയും ഉണ്ടായതായി ആക്ഷേപമുണ്ട്. ഇതേ മാതൃകയില്‍ ഓരോ വിദ്യാഭ്യാസ ഉപജില്ലയിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിലും ബുക്ക് ഡിപ്പോകളിലും പാഠപുസ്തകങ്ങള്‍ കിടപ്പുണ്ട്. ക്ലാസ് മുറികളിലാണ് അഞ്ചുവര്‍ഷത്തിലേറെയായി ഇവ സൂക്ഷിച്ചിരിക്കുന്നത്.

2017 മാര്‍ച്ച്‌ 31വരെയുള്ള പാഠപുസ്തകങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ പുസ്തകങ്ങള്‍ വരെയുണ്ട്. ഇവയെല്ലാം തരം തിരിച്ച്‌ ചിതലരിച്ചവ പൊടിതട്ടിയെടുത്ത് തൂക്കി നോക്കി കണക്ക് അറിയിക്കാനാണ് നിര്‍ദേശം. കാലഹരണപ്പെട്ട പുസ്തകങ്ങള്‍ എടുക്കാന്‍ ഒരു കരാറുകാരനെ ഏല്‍പിച്ചിരുന്നെങ്കിലും അയാള്‍ എല്ലാം നീക്കിയില്ല. വീണ്ടും മറ്റൊരാള്‍ക്ക് കരാര്‍ നല്‍കിയാണ് രണ്ടാംശ്രമം തുടങ്ങിയത്.

സ്വന്തം കീശയില്‍നിന്ന് പണം മുടക്കി ഇതരസംസ്ഥാനക്കാരെ ജോലിക്ക് വിളിച്ചാണ് അധ്യാപകര്‍ നിര്‍ദേശം നടപ്പാക്കുന്നത്. സൗജന്യമായി വിതരണം ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തെക്കാള്‍ പുസ്തകങ്ങള്‍ അച്ചടിച്ച്‌ ഇറക്കിയതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക