Image

വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

Published on 16 February, 2020
വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍
വടകര: ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി കാര്‍ഗില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളിയിലെ പട്ടര്‍കണ്ടി സമീറയെ (40) എടച്ചേരി പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. നിസ്കാര സമയത്ത് അലീമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണവുമായി സമീറ കടക്കുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് സമീറ സ്ഥലംവിട്ടത്. ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പൊലീസിനോടും പറഞ്ഞതോടെയാണ് സമീറയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്. മണംപിടിച്ച പൊലീസ് നായ സമീറയുടെ വീട്ടിനടുത്താണ് നിന്നത്. സ്വര്‍ണം വടകരയിലെ ജുവലറിയില്‍ വിറ്റ ശേഷം വൈകിട്ട് ആറോടെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്കു വരുമ്പോഴാണ് പിടിയിലായത്.

മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടില്‍ സഹായിയായി സമീറ എത്താറുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് സ്വര്‍ണം കവരുന്നത് കണ്ട അലീമയുമായി പിടിവലിയുണ്ടായി. തുടര്‍ന്നാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വായില്‍ തുണി തിരികിയ നിലയിലായിരുന്നു അലീമ കിടന്നിരുന്നത്. രണ്ടരയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകര ടൗണില്‍ നിന്ന് കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിയ സമീറ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക