Image

വടക്കാഞ്ചേരി കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മൂന്ന് വാച്ചര്‍മാര്‍ വെന്തുമരിച്ചു

Published on 16 February, 2020
വടക്കാഞ്ചേരി കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മൂന്ന് വാച്ചര്‍മാര്‍ വെന്തുമരിച്ചു
ദേശമംഗലം (തൃശ്ശൂര്‍): പൊള്ളം കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചു.

വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും െ്രെടബല്‍ വാച്ചറുമായ കെ.വി. ദിവാകരന്‍(43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്‍(55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരന്‍ (46) എന്നിവരാണ് മരിച്ചത്.

ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി.ആര്‍. രഞ്ജിത്ത്(37) കാട്ടുതീയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.

2018 മാര്‍ച്ചില്‍ കേരളതമിഴ്‌നാട് അതിര്‍ത്തിയായ കൊരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള മരണം. കേരളത്തില്‍ ആദ്യമായാണ് കാട്ടുതീ മരണം.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂര്‍. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുന്‍വര്‍ഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാന്‍ ഒപ്പംചേര്‍ന്നു. നാലുമണിയോടെ തീ നിയന്ത്രിച്ചു. ഇതോടെ, നാട്ടുകാര്‍ വനംവകുപ്പുകാര്‍ക്ക് കുടിവെള്ളം നല്‍കി തിരിച്ചുപോന്നു.

ഇതിനുശേഷം ശക്തമായ കാറ്റില്‍ തീ പെട്ടെന്ന് ഉയരത്തില്‍ പടര്‍ന്നുപിടിച്ചു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതില്‍ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍, ദിവാകരന്‍, വേലായുധന്‍, ശങ്കരന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ തീച്ചുഴിയില്‍പ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരന്‍ ധ്യാന്‍ ഏക മകനാണ്. കാര്‍ത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുമക്കള്‍: സ്മിജ, വിജയന്‍. എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത്് മുന്‍ പ്രസിഡന്റ് എ.കെ. കണ്ണന്റെ സഹോദരനാണ് വേലായുധന്‍. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍ ശരത്ത്, ശനത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക