Image

നടുക്കടലില്‍ വീണ സാമുവല്‍ 20 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക്‌ തിരികെയെത്തി

Published on 17 February, 2020
നടുക്കടലില്‍ വീണ സാമുവല്‍  20 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക്‌ തിരികെയെത്തി

കൊല്ലം: ബോട്ടില്‍ നിന്ന്‌ അബദ്ധത്തില്‍ കടലിലേക്ക്‌ വീണ മത്സ്യത്തൊഴിലാളി 20 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക്‌ തിരികെയെത്തി. 

വെള്ളിയാഴ്‌ച രാത്രി ശക്തികുളങ്ങരയില്‍നിന്നു 10 പേരുമായി പോയ `ദീപ്‌തി' ബോട്ടിലെ തൊഴിലാളി ആലപ്പാട്‌ അഖില്‍ നിവാസില്‍ സാമുവലാണു നടുക്കടലില്‍നിന്ന്‌ അദ്‌ഭുതകരമായി ജീവിതത്തിലേക്ക്‌ തിരികെ എത്തിയത്‌.

മണിക്കൂറുകളോളം നീന്തിയും തിരകളില്‍ ബാലന്‍സ്‌ ചെയ്‌ത്‌ നിന്നും അലറിവിളിച്ചും കടലില്‍ കഴിഞ്ഞ സാമുവലിനെ മറ്റൊരു ബോട്ട്‌ രക്ഷപ്പെടുത്തുകയായിരുന്നു.

 രാത്രി 12 മണിയോടെയാണ്‌ സാമുവല്‍ അടങ്ങുന്ന സംഘം മത്സ്യ ബന്ധനത്തിനായി പോയത്‌. ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ സാമുവല്‍ അബദ്ധത്തില്‍ കടലില്‍ വീണത്‌. ബോട്ടിലുണ്ടായിരുന്നവര്‍ സാമുവല്‍ കടലില്‍ വീണത്‌ അറിഞ്ഞില്ല.

മറ്റ്‌ ബോട്ടുകാരുടെ കണ്ണില്‍പ്പെടാനായി ഒരു മണിക്കൂറോളം സാമുവല്‍ വീണിടത്തുതന്നെ നീന്തിക്കിടന്നു. പകലായതോടെ കര ലക്ഷ്യമാക്കി നീന്തി. 

ഒരു പകല്‍ മുഴുവന്‍  കടലില്‍ കഴിഞ്ഞു. സന്ധ്യയായതോടെ പേടിയായി.  കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ഒരു ബോട്ടും അടുത്തില്ല.

 പിന്നെ പ്രതീക്ഷ നീട്ടുവല ഇടുന്ന വള്ളക്കാരിലായി. അവര്‍ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകള്‍ കടലില്‍. അവസാനം ദൂരെയൊരു ബോട്ട്‌ കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യത്തിന്‌ അവര്‍ കണ്ടു- സാമുവല്‍ പറയുന്നു.

ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ്‌ `യേശു ആരാധ്യന്‍' എന്ന ബോട്ടുകാര്‍ സാമുവലിനെ രക്ഷിച്ചത്‌. അവര്‍ എറിഞ്ഞുകൊടുത്ത കയറില്‍ പിടിച്ച്‌ സാമുവല്‍ രക്ഷാബോട്ടില്‍ കയറി.

 രാത്രി ഒരു മണിയോടെ ബോട്ട്‌ നീണ്ടകരയിലെത്തി. പ്രാഥമിക ശുശ്രൂഷകള്‍ക്കായി സാമുവലിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. റീജയാണ്‌ സാമുവലിന്റെ ഭാര്യ. അഖില്‍, അവന്തിക എന്നിവരാണ്‌ മക്കള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക