Image

"പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശം",​ ഷഹീന്‍ ബാഗ് സമരക്കാരുമായി സംസാരിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി സുപ്രീം കോടതി

Published on 17 February, 2020
"പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശം",​ ഷഹീന്‍ ബാഗ് സമരക്കാരുമായി സംസാരിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ അഭിഭാഷകനെ നിയമിച്ച്‌ സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വജഹത് ഹബീബുള്ള എന്നിവരെ ആണ് സുപ്രീം കോടതി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജിയില്‍ ഫെബ്രുവരി 24-ന് വീണ്ടും വാദം കേള്‍ക്കും.


ഇപ്പോള്‍ നടത്തുന്ന സ്ഥലത്ത് നിന്ന് സമരം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തുക. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശമാണെന്നും റോഡ് തടഞ്ഞ് നടത്തുന്ന സമരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 'കാഴ്ചപാടുകള്‍ പ്രകടമാക്കുന്നതിലൂടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എന്നാല്‍,​ അതിന് അതിരുകളും അതിര്‍വരമ്ബുകളുമുണ്ട്. പ്രതിഷേധിക്കാം അതിന് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധം നടത്തും. അപ്പോഴും ഗാതഗതം തടസപ്പെടും. 


എല്ലാവരും റോഡുകള്‍ ഇങ്ങനെ തടസപ്പെടുത്തിയാല്‍ ആളുകള്‍ എവിടെ പോകും എന്നത് മാത്രമാണ് ഞങ്ങളുടെ ആശങ്ക' -ജസ്റ്റിസ് എസ്.കെ കൗള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്താന്‍ ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍,​ പ്രതിഷേധമാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക