തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണ കേസില്‍ അഞ്ച് പൊലീസുകാരെ കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ എസ്.ഐ സാബു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
രാജ്കുമാര് കസ്റ്റഡി മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി സാബു അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ പറഞ്ഞിരുന്നു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ഞായറാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
2019 ജൂണ്‍ 16 നാണ് വാഗമണ്‍ കോലാഹലമേട് കസ്തൂരി ഭവനത്തില്‍ രാജ് കുമാര്‍ (53) പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റിമാന്‍ഡില്‍ പാര്‍പ്പിച്ചിരുന്ന സബ് ജയിലില്‍നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.