Image

ഗവര്‍ണര്‍ ഒപ്പിട്ടു; തദ്ദേശ വാര്‍ഡ് വിഭജന ബില്ല് നിയമമായി

Published on 18 February, 2020
ഗവര്‍ണര്‍ ഒപ്പിട്ടു; തദ്ദേശ വാര്‍ഡ് വിഭജന ബില്ല് നിയമമായി
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടാതെ മടക്കിയ ഗവര്‍ണര്‍ വാര്‍ഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകള്‍ക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസാക്കിയത്. ബില്ല് കേന്ദ്രനിയമത്തിന് എതിരല്ലെന്നും വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാഞ്ഞതിനാല്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവരികയായിരുന്നു. ഓര്‍ഡിനന്‍സ് മടക്കിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ല് ഒപ്പിടാതെ മടക്കുമോയെന്ന് സര്‍ക്കാരിന് ആശങ്ക ഉണ്ടായിരുന്നു.

നിലവിലെ നിയമപ്രകാരം ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 13ഉം പരമാവധി 23ഉം വാര്‍ഡുകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നഗരസഭയില്‍ 25 മുതല്‍ 52 വാര്‍ഡുകള്‍ വരെയും കോര്‍പ്പറേഷനില്‍ 55 മുതല്‍ 100 വാര്‍ഡുകള്‍ വരെയും ആകാം. ഒരു വാര്‍ഡാണ് കൂടുന്നത്. എന്നാല്‍ എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ മാറ്റം വരും. നിയമപ്രകാരം തിരഞ്ഞെടുപ്പ് ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ ചെയര്‍മാനാക്കി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക