Image

പാക്കിസ്ഥാനില്‍ വാതകം ശ്വസിച്ച് 14 പേര്‍ മരിച്ചു

Published on 18 February, 2020
പാക്കിസ്ഥാനില്‍ വാതകം ശ്വസിച്ച് 14 പേര്‍ മരിച്ചു
കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ അജ്ഞാത വാതകം ശ്വസിച്ച് 14 പേര്‍ മരിച്ചു. കറാച്ചിയിലെ കീമാരി മേഖലയിലാണ് സംഭവം. ശ്വാസതടസ്സമനുഭവപ്പെടുന്നുവെന്നു കാട്ടി കീമാരിയില്‍നിന്ന് ഒട്ടേറെപ്പേര്‍ ഞായറാഴ്ച മുതല്‍ ആശുപത്രികളില്‍ ചികിത്സ തേടിയതോടെയാണ് സംഭവത്തില്‍ അധികൃതരുടെ ശ്രദ്ധ പതിഞ്ഞത്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചവരെ 14 പേര്‍ മരിച്ച വിവരം സിന്ധ് പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സംഭവത്തിന്റെ കാരണമെന്താണെന്നതില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ വിദഗ്ധരുമായിച്ചേര്‍ന്ന് കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു. അതേസമയം, കറാച്ചി തുറമുഖത്ത് സോയാബീനോ അതുപോലെയുള്ള മറ്റെന്തോ ഉത്പന്നമോ ഇറക്കാനെത്തിയ കപ്പലാണ് വിഷവാതകത്തിന്റെ കേന്ദ്രമെന്നു കരുതുന്നതായി കറാച്ചി കമ്മിഷണര്‍ ഇഫ്തിക്കര്‍ ഷാല്‍വാനി പറഞ്ഞു. എന്നാല്‍, സമുദ്രഗതാഗത മന്ത്രി അലി സൈദി, ഇഫ്തിക്കറിന്റെ ഊഹം തള്ളിക്കളഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക