Image

കള്ളവോട്ട് തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍,​ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കും

Published on 19 February, 2020
കള്ളവോട്ട് തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍,​ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കി നിയമ ഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മോദി സര്‍ക്കാര്‍.

തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിന്നില്‍ കള്ളവോട്ടും ഇരട്ട വോട്ടും തടയുക,വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമമന്ത്രാലയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍ നല്‍കും.​ തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്നാണ് സര്‍ക്കാരിന്റെ വാദം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യ പ്രകാരമാണ് നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏകദേശം 32 കോടി തിരിച്ചറിയല്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന സുപ്രീം കോടതി വിധി വന്നതോടെ പദ്ധതി വീണ്ടും ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക