Image

അമ്മമാരുടെ ശാപത്തില്‍ നിന്നു സിപിഎമ്മിനു രക്ഷപ്പെടാനാവില്ല: കെ.സി.വേണുഗോപാല്‍

Published on 19 February, 2020
അമ്മമാരുടെ ശാപത്തില്‍ നിന്നു സിപിഎമ്മിനു രക്ഷപ്പെടാനാവില്ല: കെ.സി.വേണുഗോപാല്‍
പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്!ലാലിന്റെയും കൊലപാതകത്തില്‍ പങ്കുള്ളവര്‍ക്കു ശിക്ഷ ഉറപ്പാകുന്നതുവരെ കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കൃപേഷ്–ശരത്!ലാല്‍ രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പെരിയയില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലാണു രണ്ടു കുട്ടികളെ അരിഞ്ഞു വീഴ്ത്തിയതെന്നു സിപിഎം വ്യക്തമാക്കണം. ആദ്യം ഇരട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്നും പറഞ്ഞ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോള്‍ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷിക്കാനായി പാടുപെടുകയാണ്.

രക്തസാക്ഷികളുടെ അമ്മമാരുടെ ശാപത്തില്‍ നിന്നും കണ്ണീരില്‍ നിന്നും സിപിഎമ്മിനു രക്ഷപ്പെടാനാവില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ രണ്ടു യുവാക്കള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാന്‍ നികുതിപ്പണമുപയോഗിച്ച് അഭിഭാഷകരെ നിയോഗിക്കുകയാണിപ്പോള്‍.

എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രകൃതിനിയമമുണ്ടെന്നും കോണ്‍ഗ്രസിനു ബാലികേറാമലയായിരുന്ന കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇരട്ടക്കൊലപാതകത്തിനു ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ  വിജയം അതാണു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കടുത്ത ആശയദാരിദ്ര്യമാണു നേരിടുന്നതെന്നും ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും മറക്കുന്നതാണു ആ പാര്‍ട്ടിയുടെ അപചയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അധ്യക്ഷത വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക