Image

ഇന്ദ്രാണിയുടെ ഭര്‍ത്താവും പൊലീസ് കമ്മിഷണറും തമ്മില്‍ വഴിവിട്ട ബന്ധം, എല്ലാം അറിയാമായിരുന്നിട്ടും പറഞ്ഞില്ല,​ ഷീനബോറ കേസില്‍ പുതിയ വെളിപ്പെടുത്തല്‍

Published on 20 February, 2020
ഇന്ദ്രാണിയുടെ ഭര്‍ത്താവും പൊലീസ് കമ്മിഷണറും തമ്മില്‍ വഴിവിട്ട ബന്ധം, എല്ലാം അറിയാമായിരുന്നിട്ടും പറഞ്ഞില്ല,​ ഷീനബോറ കേസില്‍ പുതിയ വെളിപ്പെടുത്തല്‍

മുംബയ്: കോളിളക്കം സൃഷ്ടിച്ച ഷീനബോറ കൊലക്കേസ് വീണ്ടും ചര്‍ച്ചയാവുന്നു. മുംബയിലെ മുന്‍ പൊലീസ് കമ്മിഷണര്‍ രാകേഷ് മരിയ "ലെറ്റ് മി സേ ഇറ്റ് നൗ" എന്ന ആത്മകഥയിലൂടെ കേസിലെ ഇതുവരെ പുറത്തുവരാത്തതും നിര്‍ണായകവുമായ വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് വീണ്ടും ചര്‍ച്ചയാവുന്നത്. അന്നത്തെ പൊലീസ് ജോയന്റ് കമ്മിഷണര്‍ക്ക് സംഭവത്തെക്കുറിച്ച്‌ പലകാര്യങ്ങളും അറിയാമായിരുന്നിട്ടും പറഞ്ഞില്ല എന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം.

ഷീനയുടെ അമ്മയായ ഇന്ദ്രാണിമുഖര്‍ജിയുടെ ഭര്‍ത്താവായ പീറ്റര്‍മുഖര്‍ജിയും അന്നത്തെ പൊലീസ് ജോയിന്റ് കമ്മിഷണര്‍ ദേവന്‍ ഭാരതിയും തമ്മിലുളള വഴിവിട്ട ബന്ധമായിരുന്നു ഇതിനുകാരണം എന്നാണ് രാകേഷിന്റെ പ്രധാന ആരോപണം. ദേവന്‍ ഭാരതിയും പീറ്റര്‍മുഖര്‍ജിയും തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നും രാകേഷ് പറയുന്നു.


റായ്ഗഡിലെ വനപ്രദേശത്തുനിന്ന് ഷീനയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുമുമ്ബുതന്നെ അവരുടെ തിരോധാനത്തെക്കുറിച്ച്‌ പീറ്റര്‍മുഖര്‍ജി ദേവന്‍ ഭാരതിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, അന്വേഷണത്തിന്റെ തുടക്കത്തില്‍ പീറ്റര്‍ മുഖര്‍ജിയേയും ഇന്ദ്രാണിയേയും തനിക്ക് അറിയാമെന്ന് ദേവന്‍ ഭാരതി തന്നോട് പറഞ്ഞിരുന്നില്ല. ഇന്ദ്രാണിയുടെ അറസ്റ്റിനുശേഷം പൊലീസ് ചോദ്യ ചെയ്തപ്പോഴാണ് ഈ സൗഹൃദത്തിന്റെ ആഴം തനിക്കു മനസിലായതെന്നും രാകേഷ് പറയുന്നു.

2012 ല്‍ ഷീനയുടെ തിരോധാനത്തെക്കുറിച്ച്‌ അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നതെന്ന രാകേഷിന്റെ ചോദ്യത്തോട് പ്രതികരിക്കുമ്ബോഴാണ് പീറ്റര്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതത്രേ. സര്‍, ഞാന്‍ എല്ലാ കാര്യവും ദേവനോട് പറഞ്ഞിട്ടുണ്ട് എന്നാണ് പീറ്റര്‍ പറഞ്ഞതെന്ന് പറയുന്ന രാകേഷ് അന്നു മുറിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും പീറ്ററിന്റെ പ്രതികരണം ഞെട്ടിച്ചുവെന്നും പറയുന്നു.


ഷീനയെ കാണാനില്ല എന്ന പരാതി ആദ്യം ഉയരുമ്ബോള്‍ ദേവനായിരുന്നു അഡീഷണല്‍ പൊലീസ് കമ്മിഷണറെന്നും പരാതി കിട്ടിയിട്ടും അദ്ദേഹം ചെറുവിരലനക്കുക പോലും ചെയ്തിട്ടില്ലെന്നും രാകേഷ് ആരോപിക്കുന്നുണ്ട്. ദേവനുമായുള്ള അടുപ്പം പീറ്റര്‍ തുറന്നുപറഞ്ഞ രാത്രി തനിക്ക് ഉറക്കമില്ലായിരുന്നുവെന്നും ദേവനും താനും ഒരുമിച്ച്‌ ഒരു സ്റ്റേഷനില്‍ ജോലി ചെയ്തിട്ടും തന്നോട് എന്തുകൊണ്ട് സത്യങ്ങള്‍ വെളിപ്പെടുത്തിയില്ല എന്നും രാകേഷ് ചോദിക്കുന്നു.


എന്നാല്‍ രാകേഷിന്റെ വെളിപ്പെടുത്തലുകളെ ഇപ്പോള്‍ ആന്റി ടെററിസം സ്ക്വാഡില്‍ എ.ഡി.ജി.പിയായി ജോലി ചെയ്യുന്ന ദേവന്‍ ഭാരതി പുച്ഛിച്ചുതള്ളി. സിനിമയിലെ തിരക്കഥപോലെയാണ് രാകേഷ് കാര്യങ്ങള്‍ പറയുന്നതെന്നും അവയ്ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധമില്ലെന്നുമാണ് ദേവന്റെ പ്രതികരണം. പുസ്തകം വിറ്റുപോകാനുള്ള നമ്ബരാണ് ഇതെന്നും ദേവന്‍ ഭാരതി പറയുന്നു.

ഷീന ബോറ കേസ്

മുംബയ് മെട്രോയില്‍ ജോലി ചെയ്തിരുന്ന ഷീന ബോറ എന്ന ഇരുപത്തിനാലുകാരിയെ കാണാതായി. അതുമായി ബന്ധപ്പെട്ട് ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയേയും, രണ്ടാനച്ഛന്‍ സഞ്ജീവ് ഖന്നയേയും, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെ ഷീനയെ കൊലപ്പെടുത്തുകയും മൃതദേഹം തെളിവുകള്‍ നശിപ്പിക്കാനായി കത്തിച്ചു കളയുകയും ചെയ്തുവെന്ന് വ്യക്തമായി.


1987 ഫെബ്രുവരി 11 ന് മേഘാലയിലെ ഷില്ലോംഗിലാണ് ഷീന ജനിച്ചത്. സിദ്ധാര്‍ത്ഥ ദാസും, ഇന്ദ്രാണി മുഖര്‍ജിയുമാണ് മാതാപിതാക്കള്‍. 1989 ല്‍ ഇന്ദ്രാണി സിദ്ധാര്‍ത്ഥ ദാസില്‍ നിന്ന് വിവാഹമോചനം നേടി. തുടര്‍ന്ന് സഞ്ജീവ് ഖന്നയെ വിവാഹം ചെയ്തു. 2002 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇന്ദ്രാണി പിന്നീട് പീറ്റര്‍ മുഖര്‍ജിയെ വിവാഹം ചെയ്യുകയായിരുന്നു.


ഇന്ദ്രാണിയുടെ ആദ്യത്തെ ബന്ധത്തിലുളള മകളായ ഷീനയും പീറ്റര്‍ മുഖര്‍ജിയുടെ ആദ്യഭാര്യയിലെ മകനായ രാഹുലും തമ്മിലുള്ള അടുപ്പത്തില്‍ ഇരുവര്‍ക്കും കടുത്ത എതിര്‍പ്പായിരുന്നു. ഇതാണ് ഷീനയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സി.ബി.ഐ പറയുന്നത്. രാഹുലിന്റെ പരാതിയെത്തുര്‍ടന്നാണ് ഷീനബോറയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. രാഹുലിന്റെ ശല്യംകാരണം ഷീന അമേരിക്കയിലേക്ക് പോയി എന്നാണ് പൊലീസിനോട് ഇന്ദ്രാണി ആദ്യം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക