Image

അയ്യപ്പനുംകോശിയും; മാലപടക്കത്തിന് തീ കൊളുത്തിയതു പോലെയൊരു സിനിമ

മിനി വിശ്വനാഥന്‍ Published on 20 February, 2020
അയ്യപ്പനുംകോശിയും; മാലപടക്കത്തിന് തീ കൊളുത്തിയതു പോലെയൊരു സിനിമ
അതിലോലവും, അസംഭവ്യവും, സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ ഒരു കഥാതന്തു  ഗംഭീരമായ ഒരു സിനിമയാക്കി രൂപപ്പെടുത്തുന്നതില്‍ സംവിധായകനായ സച്ചി വിജയിച്ചിരിക്കുന്നു എന്നതില്‍ യാതൊരു സംശയവുമില്ല.
അട്ടപ്പാടിയിലെ ആദിവാസി ജീവിതവുമായി കഥക്ക് വലിയ ബന്ധമൊന്നുമില്ലെങ്കിലും  ചിലപശ്ചാത്തലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ ഗാനത്തിന്റെ അകമ്പടി നന്നായിട്ടുണ്ട്.  നമ്മളറിയാതെ ഉള്ളിലേക്ക് നേരിയ വിഷാദം നിറയ്ക്കുന്നുണ്ട് അത്.

കഴിവുള്ള  ഒരു സംവിധായകന്റെ കൈയില്‍ അഭിനയ ശേഷിയുള്ള  നടന്‍മാരെ കിട്ടിയാല്‍ നല്ല ഒരു സിനിമ ഉണ്ടാക്കാം എന്നതിന് ഒരു തെളിവാണീ സിനിമ എന്നാണ് എനിക്ക് ഇത് കണ്ടപ്പോള്‍  തോന്നിയത് . അഭിനയം ഉജ്വലമായത് കൊണ്ട് മാത്രം ഗംഭീരമായ ഒരു സിനിമയാണിത്.

ഒന്നാമത്തെ രംഗം മുതല്‍ അവസാനം വരെ ഒരു പോലെ അഭിനയിച്ച് നിറഞ്ഞത് ബിജു മേനോന്‍ തന്നെ... വിപ്‌ളവ ബാല്യ കൗമാരങ്ങള്‍ സമ്മാനിച്ച നന്മയും മനുഷ്യത്വവും ചെറുകനലായി ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന പരുക്കനായ പോലീസുകാരന്റെ വേഷം മനോഹരമാക്കി ബിജു,

പൃഥിരാജ്  നിസ്സഹായാവസ്ഥയും, ജന്മസിദ്ധമായ വൈരാഗ്യവും ഒരുപോലെ അടുത്തടുത്ത നിമിഷങ്ങളില്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ടെങ്കിലും ലഹരി കീഴ്‌പ്പെട്ട്  എന്തും ചെയ്യുന്നവനായി തോന്നിയില്ല..

അച്ഛന്റെ റോളില്‍ വന്ന രഞ്ജിത്ത് പരുക്കനായ ഒരു പണക്കാരന്റെ ഭാവഹാവാദികളില്‍ തിളങ്ങിയെങ്കിലും അഭിനയ മികവ് പുലര്‍ത്തി എന്ന് പറയാന്‍ പറ്റില്ല.

രണ്ടു സ്ത്രീകള്‍ , ഇരു ധ്രുവങ്ങളിലുള്ളവര്‍.

ഒരു ആദിവാസി ബാലന് വളരാന്‍ വല്യ ഡെക്കറേഷനൊന്നും വേണ്ടെന്ന് തുറന്ന് പറയുന്ന വികാരങ്ങളേക്കാള്‍ വിചാരങ്ങള്‍ക്ക് വില കൊടുക്കുന്ന ഒരുത്തി.

ജയിലില്‍ ഭര്‍ത്താവിന് ഭക്ഷണം കൊടുത്ത പാത്രത്തെക്കുറിച്ച് പോലും വേവലാതിപ്പെടുന്ന മറ്റൊരുത്തി.

അപ്പനോടുള്ള ദേഷ്യവും  ഭാര്യയുടെ മുഖത്തടിച്ച് തീര്‍ത്ത് അവളെ ചേര്‍ത്ത് നിര്‍ത്തി താലോലിക്കുന്ന രംഗങ്ങള്‍ കണ്ട് ആരും ഇക്കാലത്ത് വികാര വിജൃംഭിതരാവുമെന്ന് തോന്നുന്നില്ല.

അവസാനമായി ഒരു കാര്യം..
എന്റെ മകളുടെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ നരേന്ദ്രമോദിയും, രാഹുല്‍ ഗാന്ധിയും , പിണറായി വിജയനുമുണ്ട്.
അവരെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നത് മറ്റ് പലരുമായിരിക്കുമെന്ന് മാത്രം.

അവസാന പാതി നീണ്ടു നീണ്ടുപോവുമ്പോഴും അന്ത്യ വിജയം ആര്‍ക്കെന്ന ആകാംക്ഷ നിലനിര്‍ത്തി.
ഉന്നതാധികാരികളുടെ ഇടപെടലുകള്‍ നല്ലതായും, ചീത്തയായും തുടരുമെന്നും പറയാതെ പറയുകയും ചെയ്തു.

അഭിനേതാക്കള്‍ ഓരോരുത്തരും മികവ് പുലര്‍ത്തി.
പശ്ചാത്തല സംഗീതവും.
പലരും പ്രതീക്ഷയുണര്‍ത്തുന്നവര്‍ ...
മിന്നിമറയുന്ന ചെറു രംഗങ്ങളിലുള്ള പോലീസുകാരില്‍ ബാലന്‍ പറക്കല്‍ കൃത്യമായി അഭിനയിച്ചു.

ചിത്രത്തിന്റെ ക്ലാരിറ്റിയില്‍ പോരായ്മകളുണ്ടായിരുന്നു.

കണ്ടിറങ്ങുന്നവരുടെ റിവ്യു ഒറ്റക്കേള്‍വിയില്‍ 'പടം കൊള്ളാട്ടാ ' എന്നു തന്നെയായിരുന്നു.

അയ്യപ്പനുംകോശിയും; മാലപടക്കത്തിന് തീ കൊളുത്തിയതു പോലെയൊരു സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക