Image

സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനം നേടാന്‍ വേണ്ടിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുന്നത്; സ്മൃതി ഇറാനി

Published on 22 February, 2020
സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനം നേടാന്‍ വേണ്ടിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുന്നത്; സ്മൃതി ഇറാനി

ലക്നൗ: പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രിയങ്ക ​ഗാന്ധി വദ്ര പതിവായി ഉത്തര്‍പ്രദേശിന്‍റെ കാര്യത്തില്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ''സ്വന്തം പാര്‍ട്ടിയായ കോണ്‍​ഗ്രസില്‍ മാത്രമാണ് പ്രിയങ്ക ​ഗാന്ധി സജീവമായിട്ടുള്ളത്. കാരണം സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനം നേടാന്‍ വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.'' ലക്നൗവിലെ ഹിന്ദുസ്ഥാന്‍ സമാ​ഗം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ​ഗാന്ധി കോണ്‍​ഗ്രസ് പാര്‍ട്ടിയിലെ ഔദ്യോ​ഗിക സ്ഥാനം ഏറ്റെടുത്തത്.


എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസ് പാര്‍ട്ടിക്കേറ്റ പ്രഹരം തടയാന്‍ പ്രിയങ്ക ​ഗാന്ധിക്ക് സാധിച്ചില്ല. മാത്രമല്ല, സഹോദരനും മുന്‍ കോണ്‍​ഗ്രസ് പ്രസിഡന്റുമായിരുന്ന രാഹുല്‍ ​ഗാന്ധി അമേഠിയില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ദില്ലി തെരഞ്ഞെടുപ്പിലും കോണ്‍​ഗ്രസിന് നേട്ടമൊന്നും സംഭവിച്ചില്ല. ദില്ലി ഇലക്ഷനിലെ പരാജയത്തിന് ശേഷമാണ് കോണ്‍​ഗ്രസിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്ന് പ്രിയങ്ക ​ഗാന്ധി അം​ഗീകരിച്ചത്.


അടുത്തിടെയാണ് മോദിയുടെ മണ്ഡലമായ വരാണസിയും അസം​ഗഡും പ്രിയങ്ക സന്ദര്‍ശിച്ചത്. പൗരത്വ നിയമ ഭേദ​ഗതിക്കും (സി‌എ‌എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍‌ആര്‍‌സി) എതിരെയുള്ള പ്രതിഷേധത്തിലെ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ട് സന്ദര്‍ശനങ്ങളും. ഉത്തര്‍പ്രദേശില്‍ യോ​ഗി ആദിത്യനാഥിനെതിരെ നിരവധി തവണ പ്രിയങ്ക ​ഗാന്ധി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക