Image

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: പുതിയ ആണവകരാര്‍ ഒപ്പൂവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Published on 22 February, 2020
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: പുതിയ ആണവകരാര്‍ ഒപ്പൂവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഇന്ത്യ അമേരിക്ക  പുതിയ ആണവകരാറില്‍ ഒപ്പുവെയ്ക്കാന്‍ സാധ്യത. മുമ്പ് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഒപ്പുവെച്ച കരാര്‍ പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തില്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇക്കാര്യം പുതിയതായി ഒപ്പുവെയ്ക്കുന്ന കാര്യം ഇരു രാജ്യങ്ങളും പരിഗണിച്ചേക്കുമെന്നാണ് സൂചന. 

ആറ് ആണവ റിയാക്ടറുകള്‍ ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്. റീയാക്ടറുകള്‍ ആന്ധ്രയിലാകും സ്ഥാപിക്കുക എന്നതാണ് വിവരം. നേരത്തേ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തനത്തില്‍ എത്തിയില്ല. ഒരു ആണവ റീയാക്ടറുകള്‍ പോലും ഇന്ത്യയില്‍ എത്തുകയും ചെയ്തില്ല. അതുപോലെ തന്നെ താലിബാനുമായി അമേരിക്ക ഒപ്പുവെയ്ക്കാനിരിക്കുന്ന സമാധാനകരാറില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യും. ഉടമ്പടി ഈ മാസം 29 ന് ഒപ്പുവെയ്ക്കും എന്നാണ് താലിബാന്‍ സേന പറയുന്നത്

അഫ്ഗാന്‍ സര്‍ക്കാരിനെ കൂടി വിശ്വാസത്തില്‍ എടുത്തുവേണം സമാധാനകരാര്‍ എന്നാണ് ഇന്ത്യ അമേരിക്കയോട് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ശനിയാഴ്ച മുതല്‍ സമാധാന കരാര്‍ പ്രാബല്യത്തിലാകുന്നതോടെ അഫ്ഗാനില്‍ അമേരിക്കയും താലിബാനും തമ്മില്‍ നടത്തുന്ന യുദ്ധത്തിന് താല്‍ക്കാലികമായി വിരാമമാകും. ഇതിലൂടെ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സേനയെ പിന്‍വലിക്കാനുള്ള ആദ്യ ചുവട് വെയ്പ്പ് കൂടിയാണ് ഇത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക