Image

മഞ്ഞവീട് (താജ്മഹല്‍) (ചെറുകഥ: രാഹുല്‍ ശങ്കുണ്ണി)

Published on 25 February, 2020
 മഞ്ഞവീട് (താജ്മഹല്‍) (ചെറുകഥ: രാഹുല്‍ ശങ്കുണ്ണി)
 ടോക്യോയുടെ മുകളിലൂടെ പറക്കുമ്പോഴാണ് മീര ഹെര്‍ബര്‍ത്തിനോട് മഞ്ഞവീടിന്റെ കഥ പറഞ്ഞത്. എല്ലാ കാമുകന്‍മാരോടും അവള്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. മിക്കവരും താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. ചിലര്‍  നീരസപ്പെട്ടിട്ടുമുണ്ട്. ഹെര്‍ബര്‍ത്തുമായുള്ള ബന്ധം  ഏതാണ്ട്  നിര്‍മ്മാണ ഘട്ടത്തിലാണെന്ന് പറയണം. അതുകൊണ്ടു തന്നെ  അയാള്‍  മൃദുവായി പറഞ്ഞത് അതു മേടിക്കുന്ന കാര്യം ആലോചിക്കണം എന്നാണ്. “  ലാന്‍ഡ് ഈസ് ഓള്‍വെയ്‌സ് ഏ  സെയ്ഫ് ബൈ, എനി വേര്‍, എനി ടൈം”. ഹെര്‍ബെര്‍ത്ത് ഫിനാന്‍ഷ്യല്‍  പ്ലാനര്‍ ആണ്. അയാള്‍ പറഞ്ഞ കാര്യം മനസ്സിലേക്ക് മെല്ലെ അരിച്ചു കയറാന്‍ തുടങ്ങി. മഞ്ഞവീട് സ്വന്തമാക്കുക!

    മഞ്ഞവീടിനു വേണ്ടി മറ്റെല്ലാം ഉപേക്ഷിക്കാവുന്നതേയുള്ളൂ എന്നതാണ് സത്യം. മീരയുടെ ഓര്‍മ്മകള്‍ വീണ്ടും ആ കെട്ടിടത്തിനെ ചുറ്റിപ്പറ്റി നിന്നു. അച്ഛന്റെ സ്ഥലം മാറ്റം... മഞ്ഞവീടിനു മുമ്പിലൂടെ കോളേജിലേക്ക് പോകാന്‍ നജീറയുമൊത്തുള്ള നടത്തം. . . വീടിനു പുറത്ത് മന്ദഹസിച്ചു നില്ക്കുന്ന ‘ചേട്ടന്‍’. ആദ്യമാദ്യം അയാള്‍ മുന്‍കൈ എടുത്തു മുന്നോട്ടു വന്നു നില്‍ക്കാന്‍ തുടങ്ങുന്നു. നജീറയുമൊത്തുള്ള നടത്തം വേഗത്തിലാകുന്നു. പ്രണയ ഗാനങ്ങള്‍ മൂളിയെത്തുന്നു. ക്രമേണ,  അവഗണിച്ചു പോകുമ്പോഴും മനം അയാള്‍ക്കു വേണ്ടി തുടി കൊട്ടാന്‍ തുടങ്ങുന്നു. അയാള്‍ പൊടുന്നനെ അപ്രത്യക്ഷനാകുന്നു.

    ഭ്രാന്തുപിടിക്കും എന്ന് തോന്നിപ്പോയിരുന്നു. നജീറക്കും ഒരു വിവരവും തരാന്‍ കഴിഞ്ഞില്ല. എവിടെയെങ്കിലും അയാളെ കാണാന്‍ കഴിഞ്ഞാല്‍ അയാളോട് നേരിട്ട് സംസാരിക്കാമെന്നും തന്റെ കാര്യം പറയാമെന്നും അവള്‍ വാക്കു തന്നു. അതൊന്നും  നടന്നില്ല.

    ‘മഞ്ഞവീട്’  എന്ന് കെട്ടിടത്തെ മനസ്സില്‍ വിളിക്കാന്‍  തുടങ്ങിയത് അക്കാലത്താണ്. അച്ഛന്‍ വീണ്ടും സ്ഥലം മാറി. എല്ലാ വര്‍ഷവും ഉത്സവത്തിന് നജീറയുടെ വീട്ടില്‍ എത്തും. മഞ്ഞവീടിനു മുമ്പിലൂടെ നടക്കും. പുതിയ താമസക്കാരെ അവിടെ കണ്ടു. നജീറയുടെ നിക്കാഹിനു പോകാന്‍ കഴിഞ്ഞില്ല. അവള്‍ ആത്മഹത്യ ചെയ്തപ്പോഴും പോകാന്‍ കഴിഞ്ഞില്ല. മഞ്ഞവീട് പിന്നെ കാണാന്‍ പോയിട്ടില്ല. എങ്കിലും തിരക്കിനിടയിലും ആ കെട്ടിടം കൂടെകൂടെ മനസ്സില്‍ പൊന്തി വന്നു. ഓഷോയുടെ ആശ്രമത്തില്‍ വച്ച് എന്തെങ്കിലും പ്രിയ വസ്തുവില്‍ മനസ്സുറപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ആചാര്യന്റെ അനുമതിയോടെ മഞ്ഞവീടിലാണ് മനസ്സുറപ്പിച്ചത്. അമേരിക്കയില്‍ വെച്ച് രണ്ട് ദിവസം ഹിപ്പികളുടെ തടവില്‍ കിടന്നപ്പോഴും മനസ്സ് പിഞ്ഞിപ്പോകാഞ്ഞത് മഞ്ഞവീട് നിറഞ്ഞു നിന്നതുകൊണ്ടാണ്.

    മഞ്ഞവീട് സ്വന്തമാക്കണം. രണ്ടു മാസം കഴിഞ്ഞ് വൃശ്ചിക മാസത്തിന്റെ  തണുപ്പിലേക്കാണ് നാട്ടില്‍ വന്നിറങ്ങിയത്. സെക്രട്ടറി സുരേഷുമൊത്ത് രണ്ടു ദിവസം കഴിഞ്ഞ് മഞ്ഞവീട് തേടി പുറപ്പെട്ടു. യാത്രയുടെ ഉദ്ദേശം അയാളോട് പറയുകയോ അയാള്‍ ചോദിക്കുകയോ ഉണ്ടായില്ല. (അയാള്‍ക്കും കാര്യം കുറെയൊക്കെ അറിയാം. ‘ മീനിങ് ലെസ്സ് ഒബ്‌സെഷന്‍’ എന്നു പറഞ്ഞു പരിഹസിക്കുന്നവരെക്കാള്‍ അയാള്‍ എത്ര മാന്യനാണ്!) ഗ്രാമത്തിന്റെ ചൂണ്ടുപലക കണ്ണില്‍പെട്ടപ്പോള്‍  തന്നെ മനസ്സ് പരിചിതമായ തുടികൊട്ടല്‍ തുടങ്ങി. മഞ്ഞവീട് ദൃശ്യമായപ്പോള്‍ സുഖകരമായ ഒരു ഭ്രാന്ത് അനുഭവിക്കാന്‍ തുടങ്ങി.  കാറ് നിറുത്തുവാന്‍  പറയാന്‍ ഒരു നിമിഷം  മറന്നു. വാഹനം നിറുത്തിച്ച് തിരികെ നടന്നു. മഞ്ഞവീടിനു പ്രായമായിരിക്കുന്നു. ചെറിയ ഗേറ്റ് തുറന്ന് കയറിയപ്പോള്‍  തുരങ്കത്തില്‍ പ്രവേശിച്ചപോലെ തോന്നി. മ്ലാനമായ മുഖമുള്ള ഒരു വൃദ്ധ വീടിനു പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവരോട് സ്ഥലത്തെക്കുറിച്ച് വെറുതെ ചില അനേ്വഷണങ്ങള്‍ നടത്തിയ ശേഷം മീര തിരികെ നടന്നു കാറില്‍ കയറി.   

    സുരേഷ് പിറ്റേന്ന് തനിയെ എത്തി കാര്യങ്ങള്‍  നീക്കിത്തുടങ്ങി. മോഹവില തന്നെ വാഗ്ദാനം ചെയ്തു. ഗതികേടുകാര്‍ സന്തോഷത്തോടെ വീടും സ്ഥലവും നല്‍കി. അറ്റകുറ്റപ്പണി ഒരാഴ്ചകൊണ്ട് സുരേഷ് തീര്‍ത്തു. സ്വയം കാര്‍ ഡ്രൈവ് ചെയ്താണ് മീര മഞ്ഞവീട്ടിലേക്ക് പുറപ്പെട്ടത്. കൂട്ടിന് ബ്രൂണോ മാത്രം. ബ്രൂണോ ഒരു വയസ്സുള്ള പൊമെറേനിയന്‍ നായ. മഞ്ഞവീട്ടില്‍ എത്രയും വേഗം എത്തി അലിഞ്ഞില്ലാതെയാകണം. അതിവേഗത്തില്‍ തന്നെയാണ് ഡ്രൈവ് ചെയ്തത്.   ഒരു വളവ് തിരിയവെ റോഡിന്റെ മദ്ധ്യത്തില്‍ ഒരു പടുവൃദ്ധന്‍ പെട്ടിയും തൂക്കി റോഡ് മറികടക്കാന്‍ ക്ലേശിക്കുന്നു. നിലവിളിയോടെയാണ് വണ്ടി ബ്രേക്ക് ചവിട്ടി നിറുത്തിയത്. ചാടിയിറങ്ങി റോഡില്‍ വീണുകഴിഞ്ഞ വൃദ്ധനെ പിടിച്ചെഴുന്നേല്‍പിച്ചു. അയാളുടെ പെട്ടിയും - അതൊരു പഴയ ഹാര്‍മോണിയം - എടുത്ത് റോഡ് കടത്തി. വൃദ്ധന്‍ മീരയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ആഴമേറിയ പ്രണയം കുടുങ്ങിക്കിടക്കുന്ന നയനങ്ങളാണ് ആ വൃദ്ധഗായകന്റേതെന്ന് മീരക്ക് തോന്നി. തനിക്ക് പ്രണയദീക്ഷ നല്‍കുന്ന പോലെയാണ് അയാള്‍ നോക്കിയത്.

    പുളക പ്രസരത്തോടെയാണ് മഞ്ഞവീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വണ്ടി ഓടിച്ചു കൊണ്ടുചെന്ന് നിറുത്തിയത്. ഇറങ്ങി ഒന്നുരണ്ട് നിമിഷം വീടിന്റെ ഭിത്തിയില്‍ ചാരി നിന്നു. വീട് മുത്തശ്ശിയെ പോലെ തന്നെ ചുംബിക്കുന്നപോലെ. കണ്ണില്‍ നിന്നും താഴേക്കു പതിച്ച അശ്രുബിന്ദുക്കളെ കൗതുകത്തോടെ ബ്രൂണോ തല പൊക്കിയും താഴ്ത്തിയും നോക്കി. റോഡിലൂടെ രണ്ടു പെണ്‍കുട്ടികള്‍ വീട്ടിലേക്കു നോക്കി വര്‍ത്തമാനം പറഞ്ഞു പോയി. അവര്‍ കാണാമറയത്താകുന്നതുവരെ മീര നോക്കി നിന്നു. നജീറക്കെന്താവും സംഭവിച്ചിട്ടുണ്ടാവുക !

    ഇരുള്‍ പരന്നു. വീട് തന്നോട് ഇടതടവില്ലാതെ സംസാരിക്കുകയാണ്.  ഋതു മര്യാദകള്‍ തെറ്റിച്ചു കൊണ്ട് ഒരു മഴ ഇരച്ചു വന്നു പെയ്തത് ബ്രൂണോ ഉത്ക്കണ്ഠയോടെ നോക്കി നിന്നു. മീരയുടെ മൊബൈല്‍ ശബ്ദിച്ചു. ഹെര്‍ബത്താണ്. എടുത്തില്ല. ഒരാഴ്ച വിളിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. അയാളുടെ കാര്യം വിട്ടുപോയി. ഇന്‍ഡക്ഷന്‍ കുക്കറില്‍ ബ്രൂണോയ്ക്ക് പാലുകാച്ചി. നാളെ മുതല്‍ പാല്‍ ഒരു പ്രശ്‌നമാണ്. ഒപ്പം ഇറച്ചിയും, ഠൗണില്‍ പോയി വാങ്ങണം. അത്രയും സമയം വീട് വിട്ടു നില്‍ക്കുന്നതാണ് പ്രയാസം.

    കട്ടിലില്‍ കിടന്നുറങ്ങാന്‍ തോന്നിയില്ല. മഞ്ഞവീടിനു പറയാനുള്ളതു മുഴുവന്‍ കേള്‍ക്കണം. ഷീറ്റു വിരിച്ച് തറയില്‍ കിടന്നു. റോഡിലൂടെ ആരോ പാട്ടുപാടി കടന്നു പോയി. ഏതോ സുന്ദരിയെ സ്തുതിക്കുന്ന ഗാനം. മീര എഴുന്നേറ്റിരുന്നു. ഓര്‍മ്മകള്‍ പിന്നോക്കം പോയി. ‘അയാള്‍’ എവിടെയായിരിക്കും! കൊള്ളിയാന്‍ പോലെ ഒരു ഉള്‍ക്കാഴ്ച മനസ്സിലേക്ക് കടന്നു വന്നു. ലൈറ്റിട്ട് സ്യൂട്ട്‌കെയ്‌സ് തുറന്ന് പ്രമാണക്കെട്ടെടുത്തു. തൊണ്ണൂറ്റി അഞ്ചിലായിരുന്നു തങ്ങളിവിടെ. അക്കാലയളവിലെ ആധാരമെടുത്ത് ആളുകളുടെ പേരു

    കള്‍ നോക്കി. ‘താജ്മഹല്‍’ എന്നായിരുന്നു മഞ്ഞവീടിന്റെ പഴയ പേര്!  ഉടമസ്ഥന്റെ പേരു കൂടി കണ്ടപ്പോള്‍ ചിരി വന്നു. ‘ഷാജഹാന്‍’ . ഒരു പൈങ്കിളി മനസ്സിന്റെ ഉടമയായിരിക്കണം. ഏതായാലും ‘അയാള’ ല്ല ഉറപ്പ്. ഷാജഹാന്‍ വിറ്റത് ഒരു സ്ത്രീക്ക് ആണ്. ജാനകിയമ്മ, പഴയരവിള, കടമ്പനാട്, നാല്‍പ്പത്തിയെട്ടുവയസ്സ്.  ‘അയാളുടെ’ അമ്മയായിരിക്കുമോ!

    ‘അയാള്‍’ എവിടെയായിരിക്കും? നല്ല നിലയില്‍ തന്നെ ആയിരിക്കും. ഒരിക്കലും ദുഃഖം വരില്ലെന്ന് എഴുതി വെച്ച മുഖമായിരുന്നു. എവിടെയോ സ്വയം ആനന്ദിച്ചും മറ്റുള്ളവര്‍ക്ക് ആനന്ദം പകര്‍ന്നും ജീവിക്കുകയാകും. പിന്നെ, അങ്ങനെയൊന്നും ആകണമെന്നുമില്ല. ജീവിതമാണ്. ഏതായാലും കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തണം. കഴിയുമെങ്കില്‍... മോഹമാണ്. ‘അയാളെ’ മഞ്ഞവീടിന് മുന്‍പില്‍ നിറുത്തി കുറെ ഫോട്ടോകളെടുക്കണം. ചെറുതായി, ചെറുതായി മാത്രം, ഒരു കണക്ക് തീര്‍ക്കുകയും വേണം.

    മുറ്റത്ത് ഉറക്കെയുള്ള ചുമ കേട്ടു കൊണ്ടാണ് ഉണര്‍ന്നത്. നേരം നല്ലവണ്ണം പുലര്‍ന്നിരിക്കുന്നു. കതകു തുറന്നു നോക്കി. ഒരു മദ്ധ്യവയസ്ക്കനാണ്. കക്ഷത്തില്‍ ഒരു ഡയറിയുണ്ട്. തന്നെ നോക്കി മിഴിച്ചു നില്ക്കുകയാണ്. മീര മന്ദഹസിച്ചു. “എന്താണ്?” 

    കണ്ഠശുദ്ധി വരുത്തി ആഗതന്‍ പറഞ്ഞു: “പുതിയ താമസക്കാര് വന്നു എന്നറിഞ്ഞു. ഒന്നു കാണാന്‍ വന്നതാണ്.” 

    ജാരവൃത്തി ജീവിതചര്യമായി സ്വീകരിച്ച ആളാണെന്ന് കണ്ണുകളുടെ ചലനം വിളിച്ചു പറയുന്നുണ്ട്.

    “പണിക്കാരെ ഏര്‍പ്പെടുത്തി കൊടുത്തത് ഞാനാണ്. തടിപ്പണി നന്നായി ചെയ്തിട്ടുണ്ട്.”

    വീട്ടിനകത്തേക്ക് കയറാനെന്നമട്ടില്‍ അകത്തേക്ക് എത്തിനോക്കി. മീര ഒരു പ്ലാസ്റ്റിക് കസേര എടുത്ത് മുറ്റത്തേക്ക് വച്ചു.

    “ഇപ്പഴത്തെ പണിക്കാര്‍ക്കൊന്നും ആരോഗ്യമില്ല. ഞാനൊറ്റക്കാ ആ കട്ടിള പൊക്കി വച്ചത്.”  അയാള്‍ കൈ ചൂണ്ടി.

    “നമുക്ക് പൊതുപ്രവര്‍ത്തനം കാരണം കുടുംബമില്ല. അത് നാട്ടുകാര്‍ക്ക് പ്രയോജനമായി. എല്ലാത്തിനും ചന്ദ്രദാസ് സാറുണ്ടല്ലോ!”

     മീര സാകൂതം ശ്രദ്ധിച്ചു. അയാളുടെ കായബലവും ബാദ്ധ്യതയില്ലായ്മയും പൊതുസ്വീകാര്യതയും ആദ്യമേ തന്നെ വെളിവാക്കിയിരിക്കുകയാണ്. പിടിച്ചു കയറുന്നതിന് മുമ്പ്  ഒരു കൊട്ടും കൊടുത്തു പറഞ്ഞു വിടണം. അകത്തുകയറി സിഗരറ്റ് ഒരെണ്ണം കത്തിച്ച് ചുണ്ടെത്ത് വച്ചുകൊണ്ട് വാതില്‍ക്കലേക്ക് വന്നു. ചന്ദ്രദാസ് കണ്ണു തള്ളി നോക്കുന്നത് കണ്ട് ചിരി വന്നു. ഒരു പുക പുറത്തു വിട്ട് പറഞ്ഞു “ഞാന്‍ എഴുന്നേറ്റതേ ഉള്ളൂ. പിന്നെ കണ്ടാല്‍ പോരെ?”

    “മതി, മതി ഞാന്‍ പിന്നെ വരാം.”

    ഉറുമ്പ് പഞ്ചസാര കണ്ടുപിടിക്കുന്ന സ്വാഭാവികതയോടെയാണ് അയാള്‍ വന്നു ചേര്‍ന്നത് എന്ന് മീര അതിശയിച്ചു. അയല്‍പക്കത്തു നിന്നും ഒരു സ്ത്രീ വിടര്‍ന്നു ചിരിച്ചു. മീരയുടെ ശൈത്യം കണ്ട് ചിരി മാഞ്ഞു.

    വിചാരിച്ചത് പോലെയല്ല സംഭവിച്ചത്. ചന്ദ്രദാസ് ഉച്ചയോടെ മടങ്ങിയെത്തി. ഇത്തവണ ബൈക്കിലാണ് വരവ്. ടീഷര്‍ട്ടും, പാന്റും വേഷം. പ്രഫഷണല്‍ സമീപനം. ഈര്‍ഷ്യയോടൊപ്പം മീരക്ക് അല്‍പ്പം മതിപ്പും തോന്നി. അയാള്‍ സംഭാഷണം തുടങ്ങുന്നതിനു മുന്‍പ് മീര തുടങ്ങി. “എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം.”

    “എന്താ പറയൂ.” അയാളുടെ സംസാരത്തില്‍ നിധി മുന്നില്‍ കണ്ട പരിഭ്രമം.

    “ഞാന്‍ ഈ വീടിന്റെ പഴയ പ്രമാണങ്ങള്‍ മറിച്ചു നോക്കുകയായിരുന്നു. അപ്പോള്‍ വെറുതെ ഒരു കൗതുകം പഴയ താമസക്കാരെ കുറിച്ച് അറിയാന്‍. നിങ്ങള്‍ക്ക് എല്ലാവരേയും അറിയാമോ?”

    “കസേര”
    കസേര എടുത്തു കൊടുത്തു.

    “ഇപ്പം പോയവര് ഒരു പത്തിരുപതു കൊല്ലമായിട്ട് ഇവിടെയുണ്ട്. ചൂരല്‍ക്കസേരയും മറ്റുമൊക്കെ ഉണ്ടാക്കുമായിരുന്നു പണ്ട്.”

    ചന്ദ്രദാസിന്റ കണ്ണുകള്‍ മീരയുടെ ദേഹത്ത് കൊത്തി.
    “പിന്നീട് അയാള്‍ക്ക് അസുഖം വന്നതോടെ അവര് മുടിയാന്‍ തുടങ്ങി.”

    “എന്ത് അസുഖം?”

    “ഏതാണ്ട് അസുഖം. തിരുവനന്തപുരത്ത് ആയിരുന്നു ചികിത്സ. മൂന്നു നാല് കൊല്ലം മുമ്പ് അയാള്‍ മരിച്ചു. മൂത്ത കൊച്ച് ആരുടെയോകൂടെ ഇറങ്ങിപ്പോയി. ഇളയവള്‍ മിടുക്കിയായിരുന്നു.” ചന്ദ്രദാസിന്റെ മുഖം പ്രകാശിച്ചു.

    “അതിനു മുന്‍പ് ആരാ, ഒരു ജാനകിയമ്മ?”
    ചന്ദ്രദാസിന്റെ കണ്ണുകള്‍ ഭൂതകാലത്തിലേക്ക് പോയി.
    “അവര്‍ കുറച്ചുകാലമേ ഇവിടെയുണ്ടായിരുന്നുള്ളൂ.”
    ചന്ദ്രദാസ് ഒന്നിളകിയിരുന്നു. ശബ്ദം താഴ്ത്തി.
    “ചെറുക്കന്‍ ചില പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കി.”
    മീര നീറാന്‍ തുടങ്ങി. ഒരു മകനേയുണ്ടായിരുന്നുള്ളോ?”

    ഒന്നേയുള്ളൂ ആളിപ്പം ഠൗണിലുള്ള കാനറാ ബാങ്കില്‍ ജോലിയാണ്, അജയന്‍. ക്രോണിക് ബാച്ചിലര്‍ എന്നാണ് അറിയപ്പെടുന്നത്. ഇടയ്ക്ക് അയാള്‍ ഈ വീടിന്റെ മുമ്പില്‍ വണ്ടി നിറുത്തി നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.”

    ഹൃദയം പെരുമ്പറകൊട്ടി പുറത്തുവരാന്‍ തുടങ്ങി. ഉദാസീനത അഭിനയിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.  ഭാവമാറ്റം ചന്ദ്രദാസ് ശ്രദ്ധിച്ചു.

    “ എന്തുപറ്റി ? ”

    “ എനിക്ക് പ്രധാനമായും അറിയേണ്ടത് ഷാജഹാന്‍ എന്ന താമസക്കാരനെക്കുറിച്ചാണ്.” കളവു പറഞ്ഞു.

    ചന്ദ്രദാസ് സംശയത്തോടെ മീരയെ നോക്കി.

    “  വടക്കന്‍ നാട്ടില്‍ നിന്നെങ്ങോ വന്നു താമസിച്ച ഒരു കിഴവന്‍ ആയിരുന്നു. കല്യാണം ഒന്നും കഴിച്ചിട്ടില്ലായിരുന്നു. ഇപ്പം നമ്മളിരിക്കുന്നിടത്ത് ഒരു നല്ല മാവ് ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിലിരുന്ന് അങ്ങേര്‍ ഗസല്‍ പാടുമായിരുന്നു. ഹാര്‍മോണിയം ഒക്കെ വച്ച്. ”

    വണ്ടിയുടെ മുമ്പില്‍ പെട്ട വൃദ്ധന്‍ മനസ്സില്‍ വന്നു നിന്നു.
    “പിന്നെ”

    “ങാ. അയാള്‍ക്ക് ഒരു അടുപ്പക്കാരിയുണ്ടായിരുന്നു. പത്തറുപതു വയസ്സായപ്പോ അവര്‍ക്ക് മാറാരോഗം വന്നു. മക്കളു കൈ ഒഴിഞ്ഞപ്പം ഇങ്ങേര് ഈ വീട് വിറ്റ് പൈസ അവരുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് നാടുവിട്ടു പോയി.  എന്തേ ?”

എല്ലാം വ്യക്തമായിക്കഴിഞ്ഞു. ചന്ദ്രദാസ് ഇനി  മിനക്കേടാണ്. ഏതുവിധേനയും ഒഴിയാക്കണം.

    “ ഈ നായ ഏതിനമാണ് ?”

    ചന്ദ്രദാസ് സംസാരം വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരാന്‍ നോക്കി . മീര ബ്രൂണോയെ എടുത്തു ലാളിച്ചു.

    “നിന്റെ കാര്യമാണ് അങ്കിള്‍ ചോദിക്കുന്നത്. ”

    ചന്ദ്രദാസിന്റെ മുഖം കറുത്തു. ബ്രഹ്മാസ്ത്രം  തൊടുക്കാന്‍ സമയമായി. അഗോള വ്യാപകമായി പല തവണ പ്രയോഗിക്കേണ്ടി വന്നിട്ടുള്ളത്. ചന്ദ്രദാസിന്റെ മാറിലേക്കും  അയയക്കാതെ തരമില്ല.

    “ഇവിടെ അടുത്ത് വൈറോളജി ലാബ് ഉള്ള ആശുപത്രി എവിടെയാണ്? ”

    “ മെഡിക്കല്‍ കോളേജ്. എന്താ കാര്യം?”

    “ എനിക്കൊരു ചെറിയ പരിശോധന ഉണ്ട്. വിദേശത്ത് ഇതൊക്കെ സാധാരണയാണ്. നമ്മുടെ നാട്ടില്‍ ഇതുമതി വലിയ പുകിലാകാന്‍. നിങ്ങള്‍ക്ക് മറ്റന്നാള്‍ എന്തെങ്കിലും പരിപാടിയുണ്ടോ?”

        ചന്ദ്രദാസിന്റെ കണ്ണുകളിലെ കഴുകന്‍ പറന്നു പോയിക്കഴിഞ്ഞിരുന്നു. പകരം ഒരു മുയല്‍ ചകിതനായി നില്‍ക്കുന്നുണ്ടായിരുന്നു.

        “ ഇല്ല. ഒരാഴ്ച ഞാന്‍ സ്ഥലത്തില്ല. ഞങ്ങളുടെ സമുദായ സംഘടനയുടെ സമ്മേളനം കോട്ടയത്തുവച്ച്.”

        മീര ശബ്ദം താഴ്ത്തി.

    “ നിങ്ങളിവിടെ വരുന്നതും പോകുന്നതും പലരും ശ്രദ്ധിച്ചിട്ടുണ്ട്. വടക്കോട്ടൊന്നു നോക്കൂ.”

    അയല്‍ക്കാരി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ചന്ദ്രദാസ് ദയനീയമായി മന്ദഹസിച്ചു.

    നാലുമണിയോടെയാണ് ബാങ്കിലെത്തിയത്. മഞ്ഞവീടിന്റെ ഗന്ധം ബാങ്കിനുമുണ്ടെന്നു മീരക്ക് തോന്നി. സന്ദര്‍ശകര്‍ക്കുള്ള കസേരയിലിരുന്നാല്‍ മാനേജരുടെ ക്യാബിന്‍ നല്ലവണ്ണം കാണാം. ഒരാള്‍ തിരിഞ്ഞു നിന്ന്  എന്തോ പരതുന്നു. കഷണ്ടി തലയുടെ പിന്‍ഭാഗത്തെ പകുതിയോളം കീഴടക്കിയിട്ടുണ്ട്. അയാള്‍ തന്നെ ! മുഖം കാണാതെ മീര ഉറപ്പിച്ചു. ഒരു വലിയ തിര വന്നു പാദത്തിനടിയിലെ പൂഴിയുമായി പോയാലെന്നപോലെ മീര ഒന്നാടി.

    “ എന്താ ഇരിക്കുന്നത് ?”
    സാരിയുടുത്ത  ഒരു പെണ്‍കുട്ടിയാണ്.
    “ മാനേജരെ ഒന്നുകാണണം”.

    “ ചെന്നോളൂ. സാറല്‍പ്പം തിരക്കിലാണ്. രണ്ടു ദിവസം കഴിഞ്ഞാല്‍ ഒഡിറ്റാണ്. ്” മധുരമായാണ് പറഞ്ഞതെങ്കിലും മീരക്ക് പെണ്‍കുട്ടിയോട് പരിഭവം തോന്നി.

    വാതില്‍ മെല്ലെ തുറക്കുമ്പോള്‍ പാദങ്ങളില്‍ തണുപ്പുണ്ടായിരുന്നു. അയാള്‍ തല ഉയര്‍ത്തി നോക്കി അകത്തേക്കു ക്ഷണിച്ചു. മീര അയാളെ നോക്കിക്കൊണ്ടിരുന്നു. അയാള്‍ മന്ദഹാസം നിറുത്തി പകച്ചു നോക്കി.

    “ പറയൂ?”
    “ അയാം മീര.”
    “ അജയന്‍.”
   
    താന്‍ അയാളുടെ സ്മരണയിലെവിടെയുമില്ലെന്ന് മീരക്ക് മനസ്സിലായി. അവള്‍ക്ക് ചെറുതായി പക തോന്നി.

    “ ഒരു ഹൗസിംഗ് ലോണ്‍ ആവശ്യമുണ്ട്. വീട് റിനവേറ്റ് ചെയ്യാനാണ്.”
    “എത്ര പഴക്കം ഉള്ള വീടാണ് ?”
    “ എന്റെ മനസ്സില്‍ പുതിയതാണ്.”

    അയാള്‍ വിടര്‍ന്നു ചിരിച്ചു. കൈയാട്ടി ആരെയോ അകത്തേക്ക് വിളിച്ചു. നേരത്തെ കണ്ട പെണ്‍കുട്ടി കയറി വന്നു. അയാള്‍ രണ്ട് ഫയലുകള്‍ എടുത്തു നീട്ടി.

    “ഷീന, സപ്പോര്‍ട്ടിംങ് വൗച്ചര്‍ ഇല്ലാത്ത പെയ്‌മെന്റുകള്‍ ഞാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. എങ്ങനെയും തപ്പിയെടുക്കണം.”

     പെണ്‍കുട്ടിപോയി. അയാള്‍ മീരയുടെ നേരെ തിരിഞ്ഞു മന്ദഹസിച്ചു.

    “ നമ്മുടെ മനസ്സിലെ പഴക്കമല്ല ബാങ്ക് നോക്കുന്നത്. വീടിന്റെ യഥാര്‍ത്ഥ പഴക്കം, അതെത്ര കാണും ?”

    “ ഇരുപത്തിയഞ്ച് വര്‍ഷം”   

    “ അയ്യോ ! ഇരുപത്തഞ്ച് ബോര്‍ഡര്‍ ലൈന്‍ കേസ് ആണ്. ഭൂമി എത്രയാണ് ?”

    “ പന്ത്രണ്ട് സെന്റ്”

    “ ഏതായാലും ഫീല്‍ഡ് ഓഫീസര്‍ വന്നു കാണട്ടെ. എന്നിട്ട് പറയാം. ”

    “ ഇക്കാര്യങ്ങളിലൊക്കെ മാനേജരുടെ വിവേചനാധികാരങ്ങളില്ലേ ?” മീര ചോദിച്ചു. അജയന്‍ പുഞ്ചിരി തൂകി.

    “ നിങ്ങള്‍ എന്ത് ചെയ്യുന്നു ?”

    “ ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി ബിസിനസാണ്. സോഫ്റ്റ്‌വേര്‍ സൊലൂഷന്‍സ്. ”

    “ ഈ പറഞ്ഞ വീട് എവിടെയാണ് ?”

    സ്ഥലം പറഞ്ഞപ്പോള്‍ അയാള്‍ നിവര്‍ന്നിരുന്നു. എന്തോ പറയാന്‍ തുടങ്ങിയിട്ട് നിശ്ശബ്ദനായി. മീര വീട് വ്യക്തമായി പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തു നിശബ്ദത വന്നു നിന്നു.

“ നിങ്ങളാണോ അവിടുത്തെ പുതിയ താമസക്കാരി ?”

    “ അതെ. ലോണ്‍ കിട്ടുന്നെങ്കില്‍ ഉടനെ പണി തുടങ്ങണം. എനിക്ക് തിരിച്ചു പോകാറായി. ”

    “ ലോണിന് വിഷമമുണ്ടെന്നു തോന്നുന്നില്ല. ഞാന്‍ തന്നെ വന്നു നോക്കാം. നിങ്ങള്‍ക്കു ബുദ്ധിമുട്ടില്ലെങ്കില്‍  ഇപ്പോള്‍ത്തന്നെ.”

     അയാളുടെ മുഖത്ത് യാചനയുണ്ടായിരുന്നു.

    “ മൈ പ്ലെഷര്‍”

    പതുക്കെയാണ് മീര കാറോടിച്ചത്. അയാള്‍ മുന്‍സീറ്റില്‍ ചിന്താധീനനായിരുന്നു. ഒടുവില്‍ മെല്ലെ ചോദിച്ചു”: “ നിങ്ങളുടെ കുടുംബം?”.

    “ തനിച്ചാണ്.”

    “ ആ നാട്ടുകാരിയാണോ പണ്ടു മുതല്‍ ?”

    “ ഞാന്‍ പാലക്കാട്ടുകാരിയാണ്. എന്റെ കൂട്ടുകാരിക്കു വേണ്ടിയാണ് ഈ വീട് ഞാന്‍ വാങ്ങിയത് .”

    “ കൂട്ടുകാരി ഈ നാട്ടുകാരിയാണോ?”,  അജയന്റെ ചോദ്യത്തിന് വിഹ്വലതയുണ്ടായിരുന്നു.

    “ അവളും പാലക്കാട്ടുകാരിയായിരുന്നു. ”

    മീര കാറിന്റെ വേഗത വീണ്ടും കുറച്ചു.

    “ തൊണ്ണൂറ്റി അഞ്ചിലോ മറ്റോ അവള്‍ അച്ഛനോടൊപ്പം ഈ പ്രദേശത്തു വന്നു. ഇപ്പം നമ്മള്‍ പോകുന്ന വീടിന്റെ മുന്‍പിലൂടെ അവള്‍ കൂട്ടുകാരി നജീറയുമൊത്ത് കോളേജില്‍ പോകാന്‍ നടക്കുമായിരുന്നു. വീട്ടില്‍ അന്ന് താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ അവളെ കാണുമ്പോള്‍ മൂളിപ്പാട്ട് പാടിക്കൊണ്ട് റോഡിലേക്ക് വരുമായിരുന്നു.

    മീര അയാളെ പാളി നോക്കി. അയാള്‍ കണ്ണടച്ചിരിക്കുകയാണ്. മുഖത്തെ പേശികള്‍ മുറുകിയിട്ടുണ്ട്.

    “ക്ഷമിക്കണം, താങ്കളോട് ഞാന്‍ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞു പോയി. വീട് വാങ്ങാനുള്ള സാഹചര്യം അങ്ങനെയൊക്കെയാണ്.”

    “തുടര്‍ന്നു പറയൂ.”

    കാറിന്റെ നിയന്ത്രണം പോകാതിരിക്കാന്‍ വേഗം നന്നേ കുറക്കേണ്ടി വന്നു.

    “അയാളെ ഒഴിഞ്ഞു പോകാന്‍ നോക്കിയെങ്കിലും എന്റെ കൂട്ടുകാരിക്ക് ക്രമേണ അയാളെക്കാണാതെ വയ്യെന്നായി. അവളൊരു മഠയി. അയാളാകട്ടെ പെട്ടെന്ന് അപ്രത്യക്ഷനുമായി. നമുക്കൂഹിക്കാമല്ലോ ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണിന്റെ മനസ്സ്. അവള്‍ക്ക് ഭ്രാന്തു പിടിച്ചില്ല. പക്ഷേ അയാളും അയാളെക്കാള്‍ ആ വീടും അവളുടെ മനസ്സിന്റെ ആധാര ശ്രുതിയായി മാറി. എന്റെ സാഹിത്യം ക്ഷമിക്കണേ. വെളിനാട്ടില്‍ പോയിട്ടും എനിക്ക് നമ്മുടെ ഭാഷയും സാഹിത്യവും ലഹരിയാണ്.”

    “കൂട്ടുകാരിയുടെ കൂട്ടുകാരിയോ?”

    “അവള്‍ ആത്മഹത്യ ചെയ്തു. എന്റെ കൂട്ടുകാരിയും മരിച്ചു. മരിക്കുന്നതിനു മുന്‍പ് അവള്‍ എന്നെ ഏല്‍പിച്ച കാര്യമാണിത്. ആ വീട് വാങ്ങണം. പുതുക്കിപ്പണിയണം. കഴിയുമെങ്കില്‍ ആ മനുഷ്യനെ കണ്ടെത്തി വീട് അയാളെ ഏല്‍പ്പിക്കണം.”

    മഞ്ഞവീട് ദൃശ്യമായി. കാറ് ഒരു ചെറിയ പാറക്കല്ലില്‍ കയറിക്കുണുങ്ങി മഞ്ഞവീടിന്റെ ഗേറ്റ് കടന്നു. അസ്തമയ സൂര്യന് അഭിമുഖമായി വീടിനു മുമ്പില്‍ മൂളിച്ച ഒടുക്കി വാഹനം നിന്നു. അജയന്‍ കുറെ സമയം കാറില്‍ തരിച്ചിരുന്നു. മീര ആത്മവിശ്വാസത്തോടെ വീടിന്റെ കതകു തുറന്നു മലര്‍ത്തിയിട്ടു ക്ഷണിച്ചു. തിരികെ ചെന്ന് കാറില്‍ നിന്ന് ഹാന്‍ഡിക്യാം എടുത്തു. അജയന്‍ വീട്ടിലേക്കു കയറുന്നത് പിന്നില്‍ നിന്നു പകര്‍ത്തി.

    കുറെ സമയം കഴിഞ്ഞ് അയാള്‍ പുറത്തുവന്നു. വന്നത് രണ്ട് പ്ലാസ്റ്റിക് കസേരകളുമായി. അവ മുറ്റത്തിട്ട് മീരയെ ക്ഷണിച്ചു.

    ഒരു കഥ നിങ്ങളും കേള്‍ക്കണം. എന്റെ ഒരു കൂട്ടുകാരന്റെ കഥ. അവനും മരിച്ചു പോയി. ഈ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ആളാണ്. ഏതാണ്ട് നിങ്ങള്‍ പറഞ്ഞ കാലയളവില്‍. ഒരു പക്ഷെ നിങ്ങളുടെ കഥയിലെ ചെറുപ്പക്കാരന്‍ അവന്‍ തന്നെയുമാകാം. ആകാതിരിക്കട്ടെ. ഏതായാലും കഥകള്‍ തമ്മില്‍ സാമ്യമുണ്ട്. റോഡില്‍ കൂടി രണ്ട് പെണ്‍കുട്ടികള്‍ പോകുന്നുണ്ടായിരുന്നു.അവരിലെ മുസ്ലിം പെണ്‍കുട്ടി അവന്റെ ഹൃദയത്തില്‍ കയറിയത് കേവലം ഒരു നോട്ടം കൊണ്ടു മാത്രമായിരുന്നു. അവള്‍ പോലുമറിയാതെ അയച്ച ഒരു നോട്ടം കൊണ്ട്!

    താന്‍ അവസാനിച്ചു കഴിഞ്ഞു എന്ന് മീരക്ക് ബോദ്ധ്യപ്പെട്ടു. ബ്രൂണോയെ കെട്ടിപ്പിടിച്ച് അവള്‍ കുനിഞ്ഞിരുന്നു. അയാള്‍ തുടര്‍ന്നു.


“ അവളോടുള്ള താല്‍പര്യം വീട്ടില്‍ ഭൂകമ്പമുണ്ടാക്കി. അമ്മ ഉത്തരത്തില്‍ കെട്ടിട്ടു. അവന്‍ അമ്മയുടെ കാലു പിടിച്ചു കരഞ്ഞു. പിന്മാറാമെന്നു സമ്മതിച്ചു. അവര്‍ ഈ സ്ഥലത്ത് നിന്നേ പോയി. മൂന്നു വര്‍ഷം കഴിഞ്ഞ് അമ്മ മരിച്ചു. ഉറ്റവരാരുമില്ലാത്തതിനാല്‍ അവന്‍ ഈ നാട്ടിലേക്ക് തിരികെ വന്നു. അതാണ് സകല അനര്‍ത്ഥങ്ങള്‍ക്കും ഇടയാക്കിയത്.”

    മീര തല പൊക്കി അയാളെ നോക്കി. അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നത് ഗൗനിക്കാതെ അയാള്‍ തുടര്‍ന്നു: “ തിരികെ വന്ന് അടുത്ത ദിവസം അവര്‍ തമ്മില്‍ കണ്ടു. അവളാണ് അവനെക്കണ്ട് ഓടിയടുത്തത്. അവള്‍ ഓടി വരുന്നത് കണ്ട അവന്റെ മുമ്പില്‍ നിന്നും ലോകം പാടെ മാഞ്ഞുപോയി. അവന്‍ അവളെ വാരിപ്പുണര്‍ന്നു. അവള്‍ നിലവിളിച്ചുകൊണ്ട് തിരിച്ചോടി. നാലുപാടു നിന്നും പ്രഹരങ്ങള്‍ ദേഹത്തു വീഴുന്നത് ബോധം മറയും വരെയും അവനെ വേദനിപ്പിച്ചില്ല. അന്നു രാത്രി അവള്‍ ജീവനൊടുക്കി.”  ‘’’’’’    ‘’

    അയാള്‍ വീടിനെ നോക്കി പുഞ്ചിരി തൂകി. “ ഇതൊരു പ്രണയബാധയുള്ള വീടാണ്. താജ്മഹല്‍. ”

    അവളും പുഞ്ചിരി തൂകി. “ ഈ മണ്ടിയുടെ മഞ്ഞവീട്. ”

ഒരു വലിയ കണ്ണീര്‍തുള്ളി ഉരുണ്ടുകൂടുന്നത് കണ്ട് ബ്രൂണോ വീണ്ടും ഉഷാറായി.


 

Join WhatsApp News
അനീഷ് 2020-02-26 23:34:03
നല്ലൊരു കഥ !! നന്നായി എഴുതിയിരിക്കുന്നു ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക