Image

കുരിശുവരപ്പെരുന്നാള്‍- (ഡോ.ജോര്‍ജ് മരങ്ങോലി)

ഡോ.ജോര്‍ജ് മരങ്ങോലി Published on 26 February, 2020
കുരിശുവരപ്പെരുന്നാള്‍- (ഡോ.ജോര്‍ജ് മരങ്ങോലി)
വലിയ നൊയമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന പ്രധാനപ്പെട്ട ഒരു ക്രിസ്തീയാനുഷ്ഠാനമാണ് കുരിശുവരപ്പെരുന്നാള്‍, അഥവ വിഭൂതി തിരുനാള്‍. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ദിവസം 'ആഷ് വെനസ്‌ഡേ' അല്ലെങ്കില്‍ 'ക്ഷാരബുധനാഴ്ച' എന്നാണറിയപ്പടുന്നത്. അന്നേ ദിവസം വിശ്വാസികളെല്ലാവരും ദേവാലയത്തില്‍ പോയി അവരുടെ നെറ്റിയില്‍ 'ചാരം' കൊണ്ട് കുരിശുവരയ്ക്കുന്ന ദിവസമാണ് ക്ഷാരബുധനാഴ്ച. 6-ാം നൂറ്റാണ്ടിലുണ്ടായിരുന്ന റോമന്‍ കത്തോലിക്കരുടെ ഇടയിലാണ് ഈ ആചാരത്തിന്റെ തുടക്കമെങ്കിലും, നെറ്റിയില്‍ കുരിശുവരയ്ക്കുന്ന രീതി തുടങ്ങിയത് ഗ്രിഗോറി മാര്‍പ്പാപ്പയുടെ(AD.590-604) കാലത്തായിരുന്നുവെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എളിമയുടെയും, സങ്കടത്തിന്റെയും, പശ്ചാത്താപത്തിന്റെയും, മരണത്തിന്റെയും അടയാളമായിട്ടാണ് ചാരം ഉപയോഗിക്കുന്നതെന്നാണ് പഴയ നിയമത്തില്‍ പറയപ്പെടുന്നത്. ആ ഒരു കാരണം കൊണ്ടുതന്നെ ക്രിസ്ത്യാനികള്‍ ഈ ആചാരം സ്വീകരിച്ചിട്ടുള്ളത് പഴയ നിയമത്തില്‍ നിന്നാണ്. മൃത്യുവിനെയും, പശ്ചാത്താപത്തേയും അനുസ്മരിപ്പിക്കുന്ന ഒരു അനുഷ്ഠാനമെന്ന നിലയില്‍ നെറ്റിയില്‍ ചാരം പുരട്ടുന്ന രീതി 10-ാം നൂറ്റാണ്ടില്‍ ആംഗ്ലോ- സാക്‌സണ്‍ ദേവാലയങ്ങളില്‍ നിലനിന്നിരുന്നുവത്രേ. പിന്നീട് 1091 ല്‍ നടന്ന ബെനവെന്റൊ സൂനഹദോസ് ഈ ആചാരം സാര്‍വത്രികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ആദ്യമാദ്യം പശ്ചാത്താപത്തിന്റെ പ്രതീകമായി ചാരം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടായപ്പോള്‍ പരസ്യമായി പാപമോചനം നല്‍കാനുള്ള ആധികാരിക അനുഷ്ഠാന ഘടകമായി അത് മാറി. അതിന് ശേഷമാണ് അനുതാപജനിതമായ ഒരു നൊയമ്പുകാലത്തിന്റെ തുടക്കം കുറിക്കുവാനുള്ള ദിവസമായി ക്ഷാരബുധനാഴ്ച രൂപം പ്രാപിച്ചത്.

അമേരിക്കയിലെ ക്രിസ്ത്യാനികള്‍ ക്ഷാരബുധനാഴ്ച ആചരിക്കുന്നത് നാല്‍പത് ദിവസത്തെ നൊയമ്പുകാലത്തിന്റെ ആദ്യദിവസമായിട്ടാണ്. മറ്റൊരു വിഭാഗം ക്രിസ്ത്യാനികള്‍ക്ക് അന്നേ ദിവസം പ്രത്യേക ആചാരങ്ങളും അവരുടെ ദേവാലയങ്ങളിലുണ്ട്. കത്തോലിക്ക വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പുരോഹിതന്‍ ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരയ്ക്കുന്ന പതിവും ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. റോമന്‍ കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭക്കാര്‍, ലൂതറന്‍ വിഭാഗക്കാര്‍, എപ്പിസ്‌ക്കോപ്പല്‍ മാര്‍ തുടങ്ങിയ വിശ്വാസികള്‍  പണ്ടു മുതല്‍ക്കേ ക്ഷാരബുധനാഴ്ച ആചരിച്ചിരുന്നതായി കാണപ്പെടുന്നു. 1990 കളിലാണ് മെത്തോഡിസ്‌ററുകാരും, പ്രസ്ബിറ്റേറിയന്‍കാരും ഈ ആചാരം നടത്താന്‍ തുടങ്ങിയത്. പ്രാര്‍ത്ഥനയും, ഉപവാസവും വഴി യേശുക്രിസ്തുവിന്റെ പുരനുത്ഥാന ദിവസത്തിന് തയ്യാറെടുക്കുന്നതിനും മാമ്മോദിസയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഏറ്റു പറയുന്നതിനുമുള്ള  ഒരു അനുഷ്ഠാനം എന്നതിലുപരി ആദ്ധ്യാത്മികമായ വലിയൊരു ഉണര്‍വുകൂടിയാണ് ക്ഷാരബുധനാഴ്ച പ്രദാനം ചെയ്യുന്നത്.

17-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടുവരെ ലത്തീന്‍ സഭയുടെ സ്വാധീനം മൂലം കേരളത്തിലെ സീറോ മലബാര്‍ ദേവാലയങ്ങളിലും ക്ഷാരബുധനാഴ്ച ആചരിച്ചിരുന്നതായിക്കാണാം. എന്നാല്‍, എല്ലാ പൗരസ്ത്യ ക്രൈസ്തവ വിഭാഗക്കാരും അവരവരുടെ പാരമ്പര്യമനുസരിച്ചുള്ള ആചാരക്രമങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തതനുസരിച്ച് സീറോ മലബാര്‍ സഭ 'ക്ഷാരതിങ്കളാഴ്ച' ആചരിക്കാന്‍ തുടങ്ങി. കേരള ക്രിസ്ത്യാനികള്‍ അമ്പതു നൊയമ്പ് എന്നാണ് വലിയ നൊയമ്പിനെ വിളിക്കുന്നത്. വിഭൂതി തിരുനാളിനു മുമ്പുള്ള ഞായറാഴ്ച, 'പോത്തറത്ത'യോടു കൂടി വലിയ നൊയമ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. പോത്തറത്ത മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍ അമ്പതു ആയതിനാലാണ്, കേരള കത്തോലിക്കര്‍ക്ക് അമ്പതു ദിവസത്തെ നൊയമ്പുണ്ടായത്.

എന്നാല്‍ ലത്തീന്‍ സഭകളുടെ രീതിയനുസരിച്ച് നൊയമ്പിന്റെ വ്രതകാലം നാല്‍പത് ദിവസങ്ങളാണ്(ഞായറാഴ്ച കണക്കാക്കാറില്ല). ക്ഷാരബുധനാഴ്ച മുതലുള്ള ആഴ്ചയില്‍ നാലു ദിവസവും, പിന്നീടുള്ള ആറ് ആഴ്ചകളില്‍ ആറു ദിവസം വീതം മുപ്പത്തിയാറു ദിവസങ്ങള്‍ കൂടി മൊത്തം നാല്‍പതുദിവസത്തെ നൊയമ്പാണ് ഇവര്‍ക്കുള്ളത്.
വ്രതശുദ്ധിയോടുകൂടിയ ഒരു നൊയമ്പുകാലത്തിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം, പരിശ്രമിക്കാം.

Join WhatsApp News
പോത്തൻ മാത്തു 2020-02-26 10:42:35
Q: What did mama buffalo say when her youngest went off to college? A: "Bison!"
പോത്തിനെ അറക്കുന്ന ദിവസം 2020-02-26 10:06:21
പോത്തറത്ത - പോത്തിനെ അറക്കുന്ന ദിവസം എന്നാണ് പൊതുജനം കരുതുന്നത്. -പേത്രത്ത അല്ലേ ശരി? ചാരം പൂശുന്ന ആചാരം ഇന്ത്യയില്‍ പണ്ടേ ഉണ്ട്. തുണി ഉടുക്കാതെ നടക്കുന്നവന്‍ ഈച്ചയെ അകറ്റാന്‍ ചാരം ദേഹമാകെ പൂശുന്നു. മനുഷ ജീവിതം എത്രയോ ഷനികം എന്നത് ചാരം പൂശല്‍ ഓര്‍മ്മിപ്പിക്കട്ടെ!- ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക