Image

ഡല്‍ഹി കലാപം; പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

Published on 26 February, 2020
ഡല്‍ഹി കലാപം; പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി
ന്യൂഡല്‍ഹി:  22 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രകോപനപരമായി പ്രസംഗിച്ചതിന് ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

ഇവര്‍ നടത്തിയ പ്രസംഗങ്ങള്‍ കോടതിയെ കേള്‍പ്പിച്ചതിന് ശേഷമാണ് കേസെടുക്കാനുള്ള ഉത്തരവുണ്ടായത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകരുതെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി പറഞ്ഞു. കലാപത്തിന്റെ ഉത്ഭവ സ്ഥാനം ലക്ഷ്യമിട്ടാണ് നടപടി വേണ്ടത്. ഒരു ശൃംഖല പോലെയാണ് കാര്യങ്ങള്‍ പിന്നീട് പ്രവര്‍ത്തിച്ചതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു.

കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറലിനെയും കോടതി വിമര്‍ശിച്ചു. കലാപകാരികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കേസെടുക്കാന്‍ എത്രവീടുകള്‍ കത്തിച്ചാമ്പലാകണമെന്നും കോടതി ചോദിച്ചു. നഗരം കത്തിതീര്‍ന്നിട്ടാണോ കേസെടുക്കേണ്ടതെന്നും കോടതി ആരാഞ്ഞു.

ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് സദാ ജാഗരൂകരായിരിക്കണമെന്നും കോടതി പറഞ്ഞു.

Join WhatsApp News
The Facts 2020-02-26 13:13:03
ദില്ലിയിലെ പ്രശ്നങ്ങളിൽ കേജരിവാളിനെ കുറ്റപ്പെടുത്തുന്നവർ ഇത് അറിഞ്ഞിരിക്കണം. "ദില്ലി ഒരു ദേശീയ തലസ്ഥാന പ്രദേശം (നാഷണൽ ക്യാപിറ്റൽ ടെറിട്ടറി) ആയതുകൊണ്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വിരുദ്ധമായി ക്രമസമാധാന പാലനം കേന്ദ്രത്തിന്റെ പരിഗണനപ്പട്ടികയിൽ വരുന്ന കാര്യമാണ്. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് (MHA) അഥവാ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ദില്ലിപോലീസിനെ നേരിട്ട് നിയന്ത്രിക്കുന്നത്. അതായത് ദില്ലിയിൽ ഒരു ക്രമസമാധാനപ്രശ്നം ഉണ്ടായാൽ അതിന്റെ പ്രഥമ ഉത്തരവാദി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാണ് എന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക