Image

മറക്കില്ല ശങ്കരന്‍ വക്കീലേ, ആ കടപ്പാട് ഒരിക്കലും മറക്കില്ല! (ഫ്രാന്‍സിസ് തടത്തില്‍)

Published on 26 February, 2020
മറക്കില്ല ശങ്കരന്‍ വക്കീലേ, ആ കടപ്പാട് ഒരിക്കലും മറക്കില്ല! (ഫ്രാന്‍സിസ് തടത്തില്‍)

മുന്‍ മന്ത്രി പി. ശങ്കരന്റെ ദേഹവിയോഗം ഏറെ വേദനയോടെയാണ് ഞാന്‍ വായിച്ചറിഞ്ഞത്. ആത്മാവിനെ തൊട്ടുണര്‍ത്തിയ സ്നേഹബന്ധം എനിക്ക് അദ്ദേഹവുമായുണ്ടായിരുന്നു. ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ ശങ്കരന്‍ വക്കീല്‍ എന്ന് വിളിക്കുന്ന പി. ശങ്കരനോട് എനിക്ക് വ്യക്തിപരമായ ഒരു കടപ്പാടുണ്ട്. 17 വര്‍ഷം മുന്‍പ് നടന്ന സംഭവമാണിത്. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ജീവിതത്തില്‍ ആരില്‍ നിന്നും വ്യക്തിപരമായ ഒരു സഹായവും ചോദിച്ചിട്ടില്ലാത്ത ഞാന്‍ അന്ന് മന്ത്രിയായിരുന്ന ശങ്കരനോട് ഒരു സഹായം ചോദിച്ചു വാങ്ങി. ഏറെ വേദനയോടെയാണ് ഞാന്‍ കാര്യം അവതരിപ്പിച്ചത്. സഹായിച്ചില്ലെങ്കിലോ എന്ന ആശങ്കയും ഉള്ളില്‍ വച്ച് കൊണ്ട് തന്നെ ചോദിയ്ക്കാന്‍ തീരുമാനിച്ചു.

17 വര്‍ഷം മുന്‍പ് ഒരു നവംബര് 21നാണ് ആ സംഭവം. കാന്‍സര്‍ ബാധിതനായ എന്റെ പിതാവ് മരണപ്പെട്ട ദിവസം. അന്ന് ഞാന്‍ കേരളത്തിലായിരുന്നു. എന്റെ രണ്ടു സഹോദരിമാര്‍ വടക്കേ ഇന്ത്യയിലും ഒരു സഹോദരി അമേരിക്കയിലും. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കണം. ഏതാണ്ട് വൈകുന്നേരം ആറു മണിയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് നഗരത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും വിളിച്ചു ചോദിച്ചു. ഒരിടത്തും മോര്‍ച്ചറി സൗകര്യമില്ല. ആകെയുള്ളത് എന്റെ വീട്ടില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള നിലമ്പൂരിലെ ഒരു ആശുപത്രിയില്‍ മാത്രമാണ്. പിന്നെയുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം.

എന്റെ സുഹൃത്തുക്കള്‍ ഡി. എം. ഓ യെ വിളിക്കാന്‍ പറഞ്ഞു. അയാള്‍ക്കാണെങ്കില്‍ ഒടുക്കത്തെ ജാഡയും കടുംപിടുത്തവും. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ അപകട മരണം പോലുള്ള അസ്വഭാവിക മരണത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാത്രമേ സൂക്ഷിക്കാന്‍ പറ്റുകയുള്ളുവെന്നും നിങ്ങള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോയ്ക്കോളാനും പറഞ്ഞു ഡി.എം. ഓ ശാഠ്യം പിടിച്ചു. പലവട്ടം അയാളെ വിളിച്ചു കേണപേക്ഷിച്ചു എന്റെ നിസ്സഹായാവസ്ഥ മനസിലാക്കാന്‍ ശ്രമിച്ചു. എന്റെ മറ്റു പത്ര സുഹൃത്തുക്കളും ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ ഡോക്ടര്‍ ആയ ആ മനുക്ഷ്യന്‍ പറഞ്ഞത് പതക്കാര്‍ക്കെന്താ കൊമ്പുണ്ടോ എന്നാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരാളോട് ഇത്രയും താഴ്ന്നു സംസാരിക്കുന്നത്.

അയാള്‍ അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന പി. ശങ്കരനെ വിളിക്കാന്‍ തീരുമാനിച്ചു. അന്ന് തിരുവനന്തപുരത്ത് കാര്യമായ രാഷട്രീയ ചര്‍ച്ചകള്‍ നടക്കുന്ന സമയമായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ മാറ്റി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കുവാനുള്ള രാഷട്രീയ ചരടുവലികള്‍ നടക്കുന്ന സമയം.

അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം എല്ലാ മന്ത്രിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് പോകും. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു ഒരു ഉപകാരം ചെയ്യാമോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു. പറയു എന്ത് കാര്യമാണെങ്കിലും ഞാന്‍ ചെയ്യാം. ഞാന്‍ പറഞ്ഞു.' എന്റെ ഫാദര്‍ മരിച്ചു.' ആര് മാണി മാഷോ.. ശങ്കരന്‍ ആകെ വിഷമത്തിലായി. മാണി മാഷ് എന്റെ അധ്യാപകനാണ്. പറയൂ ഫ്രാന്‍സിസ് എന്ത് സഹായമാണ് ഞാന്‍ ചെയേണ്ടത്? ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നു നാലു ദിവസം സൂക്ഷിക്കാന്‍ അനുമതി നല്‍കണം.

ഇതാണോ ഇത്ര വലിയ കാര്യം ഞാന്‍ ഇപ്പോള്‍ തിരുവന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ട്രെയിനില്‍ പുറപ്പെട്ടിരിക്കുകയാണ്. ഒന്നര മണിക്കൂറിനകം ഞാന്‍ കൊല്ലത്തെത്തും. അപ്പോഴേക്കും കാര്യം നടന്നിരിക്കും. അക്കാലത്ത് ട്രെയിനില്‍ മൊബൈലിനു റേഞ്ച് കുറവായിരുന്നു. എന്നോട് നേരെ മൃതദേഹവുമായി മോര്‍ച്ചറിയിലേക്ക് പോയിക്കോളാന്‍ നിര്‍ദ്ദേശം നല്‍കി. ഞാന്‍ ഓടി മോര്‍ച്ചറിയിലെത്തിയായപ്പോള്‍ ഡി.എം. ഒ. വേവലാതിയോടെ അവിടെ കാത്തിരിക്കുന്നു. എന്നെ കണ്ടപാടെ 'ഇത്ര നിസാര കാര്യങ്ങള്‍ക്കു മന്ത്രിയെയൊക്കെ വിളിക്കണോ? ഡി.എം.ഒ മന്ത്രിയെക്കാള്‍ മുകളിലാണോ എന്നറിയാന്‍ വേണ്ടിയാണു അങ്ങനെ ചെയ്തതെന്നു പറഞ്ഞു.

ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ മന്ത്രി ശങ്കരന്‍ എന്നെ വീണ്ടും ഫോണ്‍ വിളിച്ചു. എല്ലാം ശരിയാക്കിയിട്ടുണ്ട്. എന്ത് സഹായം വേണമെങ്കിലും പറയാന്‍ മടിക്കരുത്.-അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞു ഞാന്‍ മോര്‍ച്ചറിക്കു മുമ്പിലാണ് ഡി. എം. ഓ യെ കണ്ടു അദ്ദേഹം അടുത്തുണ്ട്. അപ്പോള്‍ ഡി,എം.ഒയ്ക്കു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. മന്ത്രി എന്തെക്കെയോ അദ്ദേഹത്തോട് സംസാരിക്കുന്നതു കണ്ടു. പിന്നീട് ഡി. എം.ഓയുടെ മട്ടും ഭാവവും മാറി. അദ്ദേഹം ഏറെ സൗമ്യനായി കാര്യങ്ങള്‍ വിശദീകരിച്ചു. മൃതദേഹം എപ്പോള്‍ വേണമെങ്കിലും കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു.

ഡി.എം.ഒയുടെ കടുംപിടുത്തിനു ഒരു കാരണമുണ്ടായായിരുന്നു. അക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേര്‍ണ്‍ വാര്‍ഡില്‍ പൊള്ളലേറ്റ യുവതിയെ കുളിപ്പിക്കുന്നതിനിടെ ഒരു കരാര്‍ ജീവനക്കാരന്‍ റേപ്പ് ചെയ്തു. ഏറെ വിവാദമായ ഈ കേസ് കുത്തിപ്പൊക്കിയത് അന്ന് ഞാന്‍ ജോലി ചെയ്തിരുന്ന മംഗളം പത്രമായിരുന്നു. പലപ്പോഴായി വന്ന വാര്‍ത്തകള്‍ ഡി.എം.ഒയ്ക്കു ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ട്ടിച്ചത്. മംഗളം വാര്‍ത്തകള്‍ അദ്ദേഹത്തിന് മാനഹാനിയുണ്ടാക്കിയെന്നും കേസിനു പോകുമെന്നും പറഞ്ഞു ന്യൂസ് എഡിറ്റര്‍ ആയിരുന്ന ഞാനുമായി ഫോണില്‍ കൊമ്പുകോര്‍ത്ത സമയമായിരുന്നു അത്.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം നടന്ന എന്റെ പിതാവിന്റെ ശവസംസ്‌കാരച്ചടങ്ങിലും ശങ്കരന്‍ പങ്കെടുത്തിരുന്നു. അന്ന് ശങ്കരന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോകുകയാണ്. 'മാണി സാര്‍ ഒരു നല്ല മനുഷ്യനായിരുന്നു. കോഴിക്കോട് മോര്‍ച്ചറിയില്‍ എത്തിപ്പെടുക എന്നത് അദ്ദേഹത്തിന് ഒരു നിമിത്തമായിരുന്നു. ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് മിക്കവാറും ദിവസങ്ങളില്‍ അദ്ദേഹത്തെ മോര്‍ച്ചറി പരിസരത്തു കണ്ടിട്ടുണ്ട്. അദ്ദേഹവും ഒരു വൈദികനും കൂടി അനാഥ മൃതദേഹങ്ങള്‍ ഏറ്റെടുത്തു ബഹുമാനപൂര്‍വ്വം വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാറുണ്ടായിരുന്നു. മാത്രമല്ല മെഡിക്കല്‍ കോളേജില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് രക്തം സംഘടിപ്പിച്ചു കൊടുക്കുന്നതിലും മറ്റും ഏറെ ഉത്സാഹം കാട്ടിയിരുന്നു. '- ശങ്കരന്റെ വാക്കുകള്‍ എന്നെ അത്ഭുതസ്തബ്ദ്ധനാക്കി.

കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ആയിരുന്നപ്പോള്‍ മുതല്‍ ശങ്കരനുമായി നല്ല അടുപ്പമുണ്ടായിരുന്നു. എന്റെ പിതാവുമായുള്ള ആത്മബന്ധത്തെക്കുറിച്ചു അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ശങ്കരന്‍ ഒരു വാക്കുപോലും സൂചിപ്പിച്ചിട്ടില്ല. ഞാന്‍ എന്റെ പിതാവിന്റെ മേല്‍വിലാസം ഒരിക്കലും ഉപയോഗിച്ചിട്ടില്ലായിരുന്നുവെങ്കിലും ശങ്കരന് അക്കാര്യം ഞാന്‍ പറയാതെ തന്നെ അറിയാമായിരുന്നിരിക്കണം.
ശങ്കരന്‍ വക്കീലിന് എന്നെ പോലെ കാന്‍സര്‍ ആയിരുന്നുവെന്നു അറിയില്ലായിരുന്നു. അറിഞ്ഞിരുന്നുവെങ്കില്‍ കഴിഞ്ഞ കേരള യാത്രയില്‍ തീര്‍ച്ചയായും കാണാന്‍ പോകുമായിരുന്നു.

ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള ഏറ്റവും കഴിവുള്ള മന്ത്രിമാരില്‍ ഒരാളാണ് മുന്‍ മന്ത്രി പി ശങ്കരന്‍. കേരള മന്തിസഭയില്‍ ഏറ്റവും അപകടം പിടിച്ച വകുപ്പായ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കാര്യമായ ആരോപണങ്ങള്‍ ഇല്ലാതെയാണ് അദ്ദേഹം ആ വകൂപ്പ് കൈകാര്യം ചെയ്തത്. കക്ഷിഭേദമന്യേ ഏവരുമായും സൗഹൃദമുണ്ടായിരുന്ന അദ്ദേഹം കോഴിക്കോട്ടുകാരുടെ ഏറെ പ്രിയങ്കരനായ ജനനേതാവായിരുന്നു. എന്റെ ജീവിതത്തില്‍ അദ്ദേഹം ചെയ്ത ഈ ഉപകാരം ഒരിക്കലും മറക്കാനാവില്ല.അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് സര്‍വശക്തനായ ദൈവം ശക്തി പകരട്ടെ.
മറക്കില്ല ശങ്കരന്‍ വക്കീലേ, ആ കടപ്പാട് ഒരിക്കലും മറക്കില്ല! (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
P.P.Cherian 2020-02-26 16:16:07
ഫ്രാൻസിസിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു ,എനിക്കും ശങ്കരൻമാഷിനെ കുറിച്ച് ഒട്ടേറെ അനുസ്മരിക്കാനുണ്ട് ,കേരളവർമ കോളേജ് വിദ്യാർത്ഥി എന്നനിലയിലും കെ എസ് യു നേതാവെന്നനിലയിലും ,നിരവതി അവിസ്മരണീയ സംഭവങ്ങൾ,ഞാൻ പ്രീ ഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ ശങ്കരൻ മാഷ് അവിടെ ബിരുദാനന്തര വിദ്യാർത്ഥിയായിരുന്നു,കോൺഗ്രിസിന്റെ കറപുരളാത്ത നേതാക്കന്മാരിൽ ഒരാൾ।ശങ്കരൻമാഷിന്റെ ആകസ്മിക വിയോഗത്തിൽ.......
Joseph 2020-02-26 16:54:24
വളരെ വൈകാരികത നിഴലിക്കുന്ന ഒരു ലേഖനം. ഫ്രാൻസീസിന്റെ ഏതു ലേഖനത്തിലും ആഴത്തിൽ ചിന്തിക്കേണ്ടത് എന്തെങ്കിലും കാണും! ഒരു നല്ല മനസിന്റെ ഉടമയായിരുന്ന മുൻമന്ത്രി ശ്രീ ശങ്കരന്റെ മരണത്തിലും ദുഃഖിക്കുന്നു. മുൻ മന്ത്രി ഫ്രാൻസീസിന് ചെയ്ത ഈ സഹായം മന്ത്രിക്ക് ചെറുതായിരുന്നെങ്കിലും ഫ്രാൻസിസിനെ സംബന്ധിച്ച് വളരെ മഹത്തരമായിരുന്നു. ആ നന്ദി അദ്ദേഹത്തിൻറെ ഈ ലേഖനത്തിൽ ഉടനീളം നിറഞ്ഞിരിപ്പുണ്ട്. മരിച്ചുപോയ ഒരു വ്യക്തിയുടെ ഭൗതിക ശരീരത്തെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ കേരളത്തിലെ സ്ഥിതിയിങ്ങനെയല്ല. ചിലർക്ക് വ്യക്തി വൈരാഗ്യം തീർക്കാൻ അവസരമായി കാണും. യാക്കോബായ ഓർത്തോഡോക്സ് പ്രശ്നങ്ങളിൽ ശവം വെച്ചുള്ള വിലപേശലും ഓർത്തുപോകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക