Image

വി.എസിന്റെ മകനെതിരേ വിജിലന്‍സ് അന്വേഷണം

Published on 18 May, 2012
വി.എസിന്റെ മകനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അരുണിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചതും ഐഎച്ച്ആര്‍ഡിയിലെ സ്ഥാനക്കയറ്റവും സംബന്ധിച്ചുള്ള ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

നിയമസഭയില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് നിയമസഭാ സമിതി അന്വേഷണം നടത്തിയിരുന്നു. ഐസിടി അക്കാദമി ഡയറക്ടറായി അരുണിനെ നിയമിച്ചതിലും ഐഎച്ച്ആര്‍ഡിയില്‍ ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ജോയിന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നേടിയതിലും ക്രമക്കേടുണ്‌ടെന്ന് വി.ഡി. സതീശന്‍ അധ്യക്ഷനായ സമിതി കണ്‌ടെത്തിയിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയുടെ ഒത്താശയോടെയായിരുന്നു ഈ നിയമനങ്ങളെന്നും സമിതി കണ്‌ടെത്തിയിരുന്നു.

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സമിതി നിയമസഭയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക